കോഴിക്കോട്: ഇടുക്കിയില്‍ എയര്‍സ്ട്രിപ് വന്നാല്‍ ചെറുവള്ളിയില്‍ ശബരിമല വിമാനത്താവളം വരില്ല. രണ്ട് വിമാനത്താവള പദ്ധതികള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ല എന്നതു മാത്രമല്ല അവ തമ്മിലുള്ള ദൂരം വളരെ കുറവുമാണ്.
സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും വിധേന ഇടുക്കി എയര്‍സ്ട്രിപ് ഉദ്ഘാടനം ചെയ്താല്‍ അതോടെ ശബരിമല വിമാനത്താവള പദ്ധതിക്ക് അന്ത്യമാകും. നവംബര്‍ ഒന്നിന് നടത്താന്‍ പോകുന്നത് പ്രചാരണത്തിനു മാത്രമുള്ള ഉദ്ഘാടന ചടങ്ങായിരിക്കും.
ശബരിമല പാതയില്‍ വണ്ടിപ്പെരിയാര്‍-പുല്ലുമേട് റോഡില്‍ സത്രം വനത്തിലാണ് ഇടുക്കി എയര്‍സ്ട്രിപ്. ഇതും ചെറുവള്ളി എസ്റ്റേറ്റിലെ നിര്‍ദിഷ്ട ശബരിമല വിമാനത്താവളവും തമ്മില്‍ വ്യോമദൂരം വെറും 25 കിലോമീറ്ററാണ്. 150 കിലോമീറ്ററിനുള്ളില്‍ രണ്ടു വിമാനത്താവളങ്ങള്‍ അനുവദിക്കാന്‍ സാങ്കേതിക മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല. അതിനാല്‍, ഇടുക്കി വന്നാല്‍ ശബരിമല ഉണ്ടാവില്ല. ഇനി ഇടുക്കി എയര്‍സ്ട്രിപ് എന്‍സിസി ആവശ്യങ്ങള്‍ക്കു മാത്രമാണെന്ന് വാദിച്ചാല്‍ അത് സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് എങ്ങനെ സഹായകമാകുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടി വരും.
ഇടുക്കി ജില്ലയുടെ മാത്രമല്ല സംസ്ഥാനത്തിന്റെയാകെ പരിസ്ഥിതിയെ ബാധിക്കുന്നതാണ് ഇടുക്കി എയര്‍സ്ട്രിപ്. ഇതു സംബന്ധിച്ച് ലഭിച്ച പരാതി, കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. ഇതിനെ സൈലന്റ് വാലി, അതിരപ്പിള്ളി പാരിസ്ഥിതിക പ്രശ്നങ്ങള്‍ പോലെയാണ് കാണുന്നതെന്ന് വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നേടിയെടുക്കുന്നത് പ്രയാസമാകും.
രണ്ട് വിമാനത്താവള പദ്ധതികള്‍ക്കും ഭൂമി സംബന്ധിച്ച കേസ് നിര്‍ണായകമാണ്. തര്‍ക്ക വസ്തുവില്‍ നിര്‍മാണത്തിന് എന്‍ഒസി ലഭിക്കില്ല. ചെറുവള്ളിയില്‍ ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ ഭൂമിയെച്ചൊല്ലി കോടതികളില്‍ കേസുണ്ടെന്ന കാര്യം കേന്ദ്ര ശ്രദ്ധയില്‍ ചെന്നുകഴിഞ്ഞു. ഇടുക്കി എയര്‍സ്ട്രിപ് ഭൂമിയുടെ കാര്യത്തിലും കേസുണ്ട്.
ഇപ്പോള്‍ നിര്‍മാണം നടക്കുന്നത് 2017ല്‍ റവന്യൂ ഭൂമിയില്‍ നിന്ന് കളക്ടര്‍ അനുവദിച്ച 12 ഏക്കറിലാണ്. ഇവിടം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് എയര്‍സ്ട്രിപ്പിന് സ്ഥലം അനുവദിച്ചത്. പെരിയാര്‍ കടുവാ സംരക്ഷണ സങ്കേതത്തോടു ചേര്‍ന്ന ഭൂമിയിലെ നിര്‍മാണത്തോട് വനം വകുപ്പിനു യോജിപ്പുമില്ല. ഇത് വനഭൂമിയാണെന്നും റവന്യൂ ഭൂമിയാണെന്നുമുള്ള തര്‍ക്കം വകുപ്പുതലത്തിലുണ്ട്. അതിനിടെയാണ് 13 ഏക്കര്‍ അധിക ഭൂമി ആവശ്യപ്പെട്ട് വനം വകുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നത്.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും പരിസ്ഥിതി ദുര്‍ബല പ്രദേശമായി പറഞ്ഞിട്ടുള്ള ഇടുക്കി ജില്ലാ നിവാസികള്‍ക്ക് പേടിസ്വപ്നമാകും എയര്‍സ്ട്രിപ്പെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: