തിരുവനന്തപുരം: എയര്‍ ഇന്ത്യയെ വിനാശത്തിലേക്കു നയിച്ചത് 2004ല്‍ യു പി എ സര്‍ക്കാര്‍ എടുത്ത രണ്ടു സുപ്രധാന തീരുമാനങ്ങളാണെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ സെക്രട്ടറിയും എയര്‍ ഇന്ത്യയുടെ ചെയര്‍മാനുമായിരുന്ന കെ റോയി പോള്‍. ആവശ്യമായതിലും വളരെയധികം വിമാനങ്ങള്‍ കടമെടുത്തും വാങ്ങിക്കൂട്ടാനുള്ള തീരുമാനവും ഇന്ത്യന്‍ എയര്‍ലൈന്‍സുമായുള്ള ലയനവുമാണ് എയര്‍ ഇന്ത്യയുടെ നട്ടെല്ലൊടിച്ചതെന്ന് മലയാളി ആയ അദ്ദേഹം വ്യക്തമാക്കി.ആ തീരുമാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പൊതുരംഗങ്ങളില്‍ വളരുന്ന കാഴ്ചയാണു നാം കണ്ടത്. രാജ്യത്തിനുതന്നെ പണ്ടെങ്ങും ഉണ്ടായിട്ടില്ലാത്ത തോതില്‍ നഷ്ടം വരുത്തിവച്ച തീരുമാനത്തിന്റെ ഔചിത്യത്തെക്കുറിച്ച് ആധികാരികമായ കണ്ടെത്തലുകള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും റോയി പോള്‍ പറഞ്ഞു. പ്രഫൂല്‍ പട്ടേല്‍ ആയിരുന്നു അന്ന് വ്യോമയാന മന്ത്രി. കെ സി വേണുഗോപാലും യുപിഎ കാലത്ത് വ്യാമയാന വകുപ്പിന്റെ ചുമതല വഹിച്ചിരുന്നു.
എയര്‍ ഇന്ത്യയ്ക്കു ലാഭനഷ്ടങ്ങളില്ലാതെയെങ്കിലും നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്ന റൂട്ടുകളില്‍ പറത്താന്‍ ആവശ്യമായതിലും വളരെയധികം വിമാനങ്ങള്‍ കടമെടുത്തും വാങ്ങിക്കൂട്ടാനുള്ള തീരുമാനമാണ് എയര്‍ ഇന്ത്യയുടെ നട്ടെല്ലൊടിച്ചതില്‍ ആദ്യത്തേത്. 33,000 കോടി രൂപയ്ക്ക് 50 ബോയിങ് വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലാണ് എയര്‍ ഇന്ത്യ ഒപ്പുവച്ചത്.ഇത്രയേറെ വിമാനങ്ങള്‍ ഒന്നിച്ചു വാങ്ങിക്കുന്നതിലെ ഔചിത്യം മനസ്സിലാക്കാന്‍ ആകാത്തതാണ്. അതിനെക്കുറിച്ചുള്ള അന്വേഷണം ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്.
രണ്ടാമത്തെ തീരുമാനം ഇന്ത്യന്‍ എയര്‍ലൈന്‍സുമായുള്ള ലയനം ആണ്. ഈ രണ്ടു വിമാനക്കമ്പനികളും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളവയായിരുന്നു എങ്കിലും പരസ്പരം മത്സരിക്കുന്ന രീതിയിലാണു വളര്‍ന്നു വന്നത്. ഈ രണ്ടു കമ്പനികളിലും തികച്ചും വ്യത്യസ്തമായ സംസ്കാരമാണുണ്ടായിരുന്നത്. ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകളും രാജ്യാന്തര വിമാന സര്‍വീസുകളും തമ്മില്‍ ഒരുമ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആര്‍ക്കും സംശയമില്ലായിരുന്നു. വ്യത്യസ്ത സംസ്കാരങ്ങളുള്ള രണ്ടു കമ്പനികളെ സര്‍ക്കാരിന്റെ തീരുമാനത്തിലൂടെ ഒന്നാക്കിയാലും മത്സരബുദ്ധി പുകഞ്ഞുകൊണ്ടിരിക്കും എന്ന തിരിച്ചറിവോടെ, രണ്ടു കമ്പനികളും രണ്ടായിട്ടു തന്നെ നിന്നുകൊണ്ട് ഒരേ ഹോള്‍ഡിങ് കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു സര്‍ക്കാരിനു കിട്ടിയ ഉപദേശം. ആ ഉപദേശത്തെ കുഴിച്ചുമൂടി പുതിയ കണ്‍സല്‍റ്റന്റിനെ നിയമിച്ചു. നിര്‍ബന്ധമായ കൂടിച്ചേരലിനെ അനുകൂലിച്ചുള്ള ഉപദേശമാണ് അവരില്‍നിന്നു ലഭിച്ചത്. ആ ലയനം എയര്‍ ഇന്ത്യയെ കൂടുതല്‍ വിനാശത്തിലേക്കാണു നയിച്ചത്. റോയി പോള്‍ പറഞ്ഞു.
വൈകിയാണെങ്കിലും എയര്‍ ഇന്ത്യയെ സ്വകാര്യവല്ക്കരിക്കാന് തീരുമാനിച്ച മോദി സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും മനോരമയില്‍ എഴുതിയ ലേഖനത്തില്‍ റോയി പോള്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: