മഹാമാരി നേരിടുന്നതില്‍ കേരളം മിടുക്ക് കാട്ടിയെന്നാണ് നിരന്തരം അവകാശപ്പെടുന്നത്. പക്ഷേ രണ്ടാം വ്യാപനം കേരളത്തില്‍ കടുപ്പിച്ചു. സര്‍ക്കാരിന് മിഴിച്ചുനില്ക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ പിണറായി മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്ക് രാജ്യാന്തര പ്രശംസ ലഭിച്ചത് പലരും പരിഹാസത്തോടെ കണ്ടതാണ്. രണ്ടാം മന്ത്രിസഭയില്‍ ശൈലജ ഒഴിവാക്കപ്പെട്ടതിന്റെ പൊരുള്‍ തേടിയുള്ള യാത്ര ഇനിയും ലക്ഷ്യം കണ്ടിട്ടില്ല. ശൈലജക്കു പകരം വന്ന വീണാ ജോര്‍ജ് കൊറോണ നേരിടുന്നതില്‍ വിജയം കണ്ടോ? വീണയ്ക്കുപോലും ‘പോരാ’ എന്ന നിലപാടായിരിക്കാം. കൊറോണ മൂലം മരണപ്പെട്ടവര്‍ക്ക് സഹായധനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നതുകൊണ്ടാകാം മരണസംഖ്യ കുറച്ചുകാണിച്ചത്. മരണപ്പെട്ടവര്‍ക്ക് ധനസഹായം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ മരണസംഖ്യ കുത്തനെ ഉയരുന്ന ആശ്ചര്യകരമായ അവസ്ഥ വന്നിരിക്കുന്നു. ഏഴായിരത്തിലധികം പേര് മരണപ്പട്ടികയില്‍ ഇപ്പോള്‍ കൂടിയിരിക്കുന്നു. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചപ്പോള്‍, കേരളത്തിലെ ഉയരുന്ന മരണ സംഖ്യ കേന്ദ്രം തേങ്ങ ഉടയ്ക്കുമ്പോള്‍ കേരളം ചിരട്ട ഉടയ്ക്കുന്നു എന്ന് പറഞ്ഞതുപോലെയാണ്.
ലോകത്ത് ഏറ്റവും കുറവ് രോഗികള്‍ കേരളത്തിലാണെന്നും മരണ നിരക്ക് ഇവിടെ വളരെ കുറവെന്നുമാണ് സര്‍ക്കാര്‍ ആദ്യം അവകാശപ്പെട്ടിരുന്നത്. മരിച്ചവരില്‍ ആയിരക്കണക്കിന് പേരെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. യഥാര്‍ഥ കണക്കല്ല പുറത്തുവിടുന്നതെന്ന് ജൂണ്‍ രണ്ടിന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചക്ക വീണ് മരിച്ചവരുടെയും പേര് കൊവിഡ് കണക്കില്‍ ഉള്‍പ്പെടുത്തണമോയെന്നായിരുന്നു മന്ത്രിയുടെ മറു ചോദ്യം. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും നയം മാറ്റി. ജൂണ്‍ 16 വരെ മരിച്ചവരുടെ കണക്ക് ആരുടെ കൈയിലാണുള്ളത്? .
കേരളത്തേക്കാള്‍ നന്നായി കൊവിഡിനെ പ്രതിരോധിച്ചത് മറ്റു സംസ്ഥാനങ്ങളാണ്. അവര്‍ ഒന്നും ഒളിക്കുന്നില്ല. കേരളത്തില്‍ കൊവിഡിന്റെ രണ്ടാം വരവ് അവസാനിച്ചോ? ഇതേക്കുറിച്ച് വല്ല വിവരവുമുണ്ടോ? ആരോഗ്യവകുപ്പില്‍ ആരാണ് തന്ത്രങ്ങളുണ്ടാക്കുന്നത്? ആരുടെ തന്ത്രമാണ് നടപ്പാക്കുന്നത്? മൂന്നാം തരംഗമുണ്ടെങ്കില്‍ എങ്ങനെ നേരിടും? ഓക്സിജന്‍ കിട്ടാതെ കേരളത്തില്‍ ആരും മരിച്ചിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. ഓക്സിജന്‍ സൗകര്യമുള്ള ആശുപത്രികളില്‍ പ്രവേശനം കിട്ടാതെ നിരവധി പേര് മരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ശ്മശാനങ്ങളില്‍ മറവുചെയ്ത നാലിലൊന്നു പേരുടെ പേരു പോലും പട്ടികയിലില്ല. നഷ്ടപരിഹാരം ലഭിക്കാന്‍ ഓക്ടോബര്‍ പത്തു മുതല്‍ അപേക്ഷിക്കാമെന്നാണ് പറയുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ എങ്ങനെ അപേക്ഷിക്കും. മരിച്ച പലര്‍ക്കും നഷ്ടപരിഹാരം നഷ്ടമാകുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. കോവിഡാനന്തര ചികിത്സയ്ക്കും സര്‍ക്കാര്‍ ആശുപത്രിയില്‍ പണം നല്‍കണമെന്ന് ഉത്തരവിട്ടവരാണ് എല്ലാം ഫ്രീയെന്നു പറയുന്നത്. കൊവിഡ് ബാധിച്ചാല്‍ വീട്ടിലിരിക്കണമെന്ന നിലപാടാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിച്ചിരിക്കുകയാണെന്നും പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞത് കണ്ടില്ലെന്ന് നടിക്കാനാവില്ല.
ഇന്ത്യയില്‍ ഉണ്ടാകുന്ന കൊവിഡ് മരണങ്ങളില്‍ 60 ശതമാനവും കേരളത്തിലാണെന്ന സത്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മരണങ്ങള് മൂന്നു ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും എന്ന് ആരോഗ്യമന്ത്രി പറഞ്ഞിട്ടും ചെയ്തില്ല. 30 ശതമാനം ആളുകളും ആശുപത്രിയില്‍ എത്താന്‍ വൈകിയത് കൊണ്ടാണ് മരിച്ചത്. ദിവസവും നൂറുകണക്കിനാളുകള്‍ മരിക്കുന്ന നിലയിലാണ് കേരളത്തിലെ കൊവിഡ് പ്രതിരോധം മുന്നോട്ട് പോയത്. തവിട് തിന്നാലും തകൃതി വിടില്ലെന്ന സമീപനം കേരളം സ്വീകരിക്കുമ്പോള്‍ കേന്ദ്രം സ്വീകരിക്കുന്ന നടപടികളിലാണ് ആശ്വാസം.
കൊവിഡ് മൂലം അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. മെയ് 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. കുട്ടികളുടെ താമസം, വിദ്യാഭ്യാസം, ആരോഗ്യ ഇന്‍ഷുറന്‍സ്, സാമ്പത്തിക സഹായം എന്നിവയാണ് പദ്ധതിയിലുള്ളത്.
2020 മാര്‍ച്ച് 11 മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള സമയപരിധിക്കുള്ളില്‍ കൊവിഡ് മൂലം രക്ഷിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ച 2021 മെയ് 29 മുതല്‍ ഡിസംബര്‍ 31 വരെയുള്ള സമയപരിധിക്കുള്ളില്‍ കുട്ടികളെ രജിസ്റ്റര്‍ ചെയ്യണം. മാതാപിതാക്കള്‍, ജീവിച്ചിരുന്ന ഏകരക്ഷിതാവ്, നിയമപരമായ രക്ഷാകര്‍ത്താവ്, ദത്തെടുത്ത രക്ഷിതാവ് എന്നിവര്‍ മരണമടഞ്ഞാല്‍ അപേക്ഷിക്കാം. മാതാപിതാക്കളുടെ മരണത്തീയതിയില്‍ കുട്ടിക്ക് 18 വയസ്സ് തികയരുത്.
കൊവിഡ് മൂലം അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിപ്രകാരം ലഭിക്കുന്ന അവകാശങ്ങള്‍ നാലിനും പത്തിനുമിടയില്‍ പ്രായമുള്ളവരെ ശിശുക്ഷേമ സമിതിയുടെ സഹായത്തോടെ ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ താമസിപ്പിക്കണം. പത്തിനു മുകളില്‍ പ്രായമുള്ളവരെ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ ചേര്‍ക്കാം. സഹോദരങ്ങളുണ്ടെങ്കില്‍ താമസം അവര്‍ക്കൊപ്പമാക്കണം. സ്ഥാപനേതര പരിചരണത്തിന് സാമ്പത്തിക സഹായം നല്‍കണം.
പ്രീസ്കൂളിനും സ്കൂള്‍ വിദ്യാഭ്യാസത്തിനും സഹായം ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരം, ഇസിസിഇ, പ്രതിരോധ കുത്തിവയ്പ്പ്, ആരോഗ്യ പരിശോധന എന്നിവയ്ക്കായി അങ്കണവാടികളില്‍ നിന്ന് സഹായം ലഭ്യമാക്കും. പത്തിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് അടുത്തുള്ള സ്കൂളില്‍ പ്രവേശനം നല്‍കണം. സര്‍ക്കാര്‍ സ്കൂളുകളില്‍ രണ്ട് സെറ്റ് സൗജന്യ യൂണിഫോമും പാഠപുസ്തകങ്ങളും നല്‍കും. സ്വകാര്യ സ്കൂളുകളില്‍ ട്യൂഷന് ഫീസ് ഒഴിവാക്കും. ഗുണഭോക്താക്കള്‍ക്ക് മാനദണ്ഡമനുസരിച്ച് സ്കോളര്‍ഷിപ്പ് നല്‍കും. എല്ലാ കുട്ടികളെയും അഞ്ചു ലക്ഷം രൂപയുടെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേര്‍ക്കും.
പോസ്റ്റ് ഓഫീസ് അക്കൗണ്ടില്‍ ഒറ്റത്തവണയായി മുന്‍കൂറായി 10 ലക്ഷം രൂപ നിക്ഷേപിക്കും. 18 വയസ്സ് പൂര്‍ത്തിയായി 23 വയസ്സ് തികയുന്നതുവരെ സ്റ്റൈപ്പന്റ് നല്‍കും. 23 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ 10 ലക്ഷം രൂപ കൈമാറും. എന്തൊക്കെ ചെയ്താലും നരേന്ദ്രമോദിയെ പഴിക്കുക എന്നത് പ്രതിപക്ഷം പതിവാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: