തൃശ്ശൂര്‍: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെച്ചൊല്ലി വീണ്ടും ഇടത് മുന്നണിയില്‍ ഭിന്നത. പദ്ധതി ഉപേക്ഷിച്ചുവെന്നും നഷ്ടപരിഹാരമായി കെട്ടിവച്ച തുക വൈദ്യുതി വകുപ്പിന് തിരികെ നല്‍കുമെന്നും വനംവകുപ്പ് അറിയിച്ചതിന് പിന്നാലെ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന നിലപാടുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി രംഗത്തെത്തി. അതിരപ്പിള്ളിയിലെ നിര്‍ദ്ദിഷ്ട ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും സമവായത്തിലൂടെ പദ്ധതി നടപ്പാക്കാനാണ് ശ്രമമെന്നുമാണ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ഓഫീസ് അറിയിച്ചത്.
പദ്ധതി ഉപേക്ഷിക്കുകയാണെന്നും തങ്ങളുടെ ഇടപെടലും സമരവും കൊണ്ടാണിതെന്നും അവകാശപ്പെട്ട് സിപിഐ സംസ്ഥാന നേതൃത്വവും രംഗത്ത് വന്നതിന് പിന്നാലെയാണ് ഇത് നിഷേധിച്ച് വൈദ്യുതി വകുപ്പ് മന്ത്രി തന്നെ രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കെ. കൃഷ്ണന്‍കുട്ടിയുടെ പ്രസ്താവനയെന്നാണ് വിവരം. തുടക്കം മുതല്‍ പിണറായി വിജയന് ഏറെ താല്‍പ്പര്യമുള്ളതാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി. നായനാര്‍ മന്ത്രിസഭയില്‍ പിണറായി വൈദ്യുതി വകുപ്പ് മന്ത്രിയായിരിക്കെയാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കുള്ള ആശയം അവതരിപ്പിക്കുന്നത്.
ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളും സിപിഐയും പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സിപിഐയുടെ എതിര്‍പ്പ് അവഗണിച്ചും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് പിണറായി വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നത്. ചാലക്കുടി പുഴ സംരക്ഷണ സമിതിയുള്‍പ്പെടെ വിവിധ പരിസ്ഥിതി സംഘടനകളും പദ്ധതിക്കെതിരെ രംഗത്തുണ്ട്.
എന്നിട്ടും എതിര്‍പ്പുകള്‍ അവഗണിച്ച് 2020 ജൂണ്‍ ആറിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് തിരക്കിട്ട് എന്‍ഒസി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പദ്ധതിക്ക് നേരത്തെ ലഭിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി 2018 ല്‍ അവസാനിച്ചു. വീണ്ടും അനുമതി തേടുന്നത് ഉള്‍പ്പെടെ എല്ലാ നടപടികളും ആദ്യം മുതല്‍ തുടങ്ങണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മാത്രമല്ല കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വന്നതിനാല്‍ അനുമതി ലഭിക്കുക എളുപ്പവുമല്ല.
സംസ്ഥാന സര്‍ക്കാര്‍ നല്കിയ എന്‍ഒസിക്ക് ഏഴുവര്‍ഷം വരെ കാലാവധിയുണ്ടെന്നും ഇക്കാലയളവില്‍ 163 മെഗാവാട്ട് വൈദ്യുതോത്പാദനം ലക്ഷ്യമിടുന്ന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി വൈദ്യുതി ബോര്‍ഡ് മുന്നോട്ടുപോകുമെന്നുമാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറയുന്നത്. വനംവകുപ്പ് പണം മടക്കി നല്‍കുന്നത് വാങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഇരുപതുവര്‍ഷം മുമ്പ് 2001 ലാണ് വനംവകുപ്പിന് നഷ്ടപരിഹാരമായ നാലുകോടി പതിനൊന്ന് ലക്ഷം രൂപ വൈദ്യുതി വകുപ്പ് നല്‍കിയത്. പദ്ധതി നടപ്പാകുമ്പോള്‍ ഇരുപത്തഞ്ച് ഹെക്ടര്‍ വനം നഷ്ടമാകും. ഇവിടത്തെ മരങ്ങളുടെ വില കണക്കാക്കിയാണ് നഷ്ടപരിഹാരം നല്‍കിയത്. ഇരുപത് വര്‍ഷമായി ഈ പണം വനംവകുപ്പിന്റെ കയ്യിലാണ്. പലിശ നല്‍കുന്നില്ല. അതിനാലാണ് മടക്കി വാങ്ങാന്‍ തീരുമാനിച്ചത്. അതിനര്‍ത്ഥം പദ്ധതി ഉപേക്ഷിച്ചുവെന്നല്ല. പുതുതായി പരിസ്ഥിതി അനുമതി ലഭിക്കുന്ന മുറയ്ക്ക് പുതിയ വില കണക്കാക്കി നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി.കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: