Categories: Kerala

കേസരിയില്‍ നവരാത്രി ആഘോഷം: നവരാത്രിയുടെ ആന്തരികഭാവത്തെ ഉള്‍ക്കൊണ്ട് സമാജത്തെ ശക്തിശാലിയാക്കിത്തീര്‍ക്കണം – സ്വാമി ചിദാനന്ദപുരി

ഭാരതം അതിവേഗത്തില്‍ ജഗദ്ഗുരു സ്ഥാനത്തേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ സീമകള്‍ വികസിച്ചുകൊണ്ടിരിക്കുന്നു. ലോകം മുഴുവന്‍ ഭാരതത്തിന്റെ യശസ്സ് ഉയരുന്നത് ഇതിന്റെ സൂചനയാണ്. ബാഹ്യവെല്ലുവിളികളെ നേരിടാന്‍ ആന്തരികമായ തപസ്സ് കാത്തുസൂക്ഷിക്കണം

Published by

കോഴിക്കോട്: നവരാത്രിയുടെ ആന്തരികഭാവത്തെ ഉള്‍ക്കൊണ്ട് സമാജത്തെ ശക്തിശാലിയാക്കി തീര്‍ക്കണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. കേസരി ഭവനില്‍ നടന്ന നവരാത്രി സര്‍ഗോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  

സ്ത്രീ രൂപത്തില്‍ ഈശ്വരനെ ആരാധിക്കുന്നുവെന്നത് ഭാരതീയ സംസ്‌കൃതിയുടെ സവിശേഷതകളിലൊന്നാണ്. ശക്തി ആരാധനയുടെ സന്ദേശമാണ് നവരാത്രി ഉത്സവം നള്‍കുന്നത്. വൈയക്തികവും സാമാജികവുമായ ശക്തികളുടെ സമന്വയത്തിലൂടെ മാത്രമേ വൈഭവപൂര്‍ണ്ണമായ ജീവിതം സാധ്യമാകുകയുള്ളൂ. വിദ്യയുടെയും ലക്ഷ്മിയുടെയും ശക്തിയുടെയും സമന്വയമാണ് നവരാത്രീ പൂജയിലൂടെ സാധിക്കേണ്ടത്. ഭാരതം അതിവേഗത്തില്‍ ജഗദ്ഗുരു സ്ഥാനത്തേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ സീമകള്‍ വികസിച്ചുകൊണ്ടിരിക്കുന്നു. ലോകം മുഴുവന്‍ ഭാരതത്തിന്റെ യശസ്സ് ഉയരുന്നത് ഇതിന്റെ സൂചനയാണ്. ബാഹ്യവെല്ലുവിളികളെ നേരിടാന്‍ ആന്തരികമായ തപസ്സ് കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

നവരാത്രി സര്‍ഗോത്സവത്തിന്റെ ഉദ്ഘാടനം കവി പി.പി. ശ്രീധരനുണ്ണി നിര്‍വഹിച്ചു. സിനിമാ താരം വിധുബാല അദ്ധ്യക്ഷത വഹിച്ചു. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ആശംസകളര്‍പ്പിച്ചു. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു ആമുഖഭാഷണം നടത്തി. ചടങ്ങില്‍ ഹരിപ്പാട് കെ.പി.എന്‍. പിള്ള സംഗീതക്കച്ചേരി അവതരിപ്പിച്ചു. ഭവ്യ കൃഷ്ണപ്രസാദ് ഗണപതി വന്ദനത്തിന്റെ  നൃത്താവിഷ്‌കാരവും  അഭിജിത്ത് ജയകൃഷ്ണന്‍ സോപാന സംഗീതവും അവതരിപ്പിച്ചു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ സ്വാഗതവും സി.എം. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

കോഴിക്കോട് നവരാത്രി ആഘോഷ സമിതിയുടെ ആഭിമുഖ്യത്തില്‍ മാധ്യമപഠന ഗവേഷണ കേന്ദ്രമായ ചാലപ്പുറം കേസരി ഭവനില്‍  സര്‍ഗോത്സവം-21 നവരാത്രി ആഘോഷ പരിപാടികളുടെ ഭാഗമായാണ് സര്‍ഗോത്സവവും സര്‍ഗസംവാദവും.

കന്യാകുമാരിയില്‍ നിന്ന് അക്ഷര രഥയാത്രയായി എത്തിച്ച സരസ്വതി പ്രതിമ, രാവിലെ നടന്ന ചടങ്ങില്‍ കേസരി ഭവന്റെ പൂമുഖത്ത് അനാച്ഛാദനം ചെയ്തതോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാറും ചേര്‍ന്നാണ് അനാച്ഛാദനം ചെയ്തത്. സ്വാമി നരസിംഹാനന്ദ അക്ഷരദീപം തെളിയിച്ചു. ആഘോഷ സമിതി അധ്യക്ഷ വിധുബാല പ്രതിമയ്‌ക്ക് ആദ്യഹാരം ചാര്‍ത്തി. തായമ്പകയുടെയും സോപാന സംഗീതത്തിന്റെയും അകമ്പടിയോടെയാണ് ചടങ്ങ് നടന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by