മങ്കൊമ്പ്: സിപിഎം രാമങ്കരി ലോക്കല്‍ കമ്മിറ്റിയിലെ വിഭാഗീയതയുടെ ഭാഗമായി കാട്ടടി ബ്രാഞ്ചംഗം ത്യാഗരാജനെ ഒരു വിഭാഗം തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്നതായി പരാതി. ഗുരുതരമായ ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സയില്‍ കഴിയുന്ന ആളാണ് ത്യാഗരാജന്. മൂന്നാം തീയതി കാട്ടടി ബ്രാഞ്ച് സമ്മേളനം തുടങ്ങാന്‍ പോകുമ്പോള്‍ സമ്മേളനം മുടക്കാന്‍ പാര്‍ട്ടി അംഗം കമ്പി വടിയുമായി വന്ന് ബ്രാഞ്ച് സെക്രട്ടറി സേവിയറിനെയും പാര്‍ട്ടി അംഗങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
ചില പാര്‍ട്ടി നേതാക്കള്‍ ഭീഷണിപ്പെടുത്തിയിട്ടും വഴങ്ങാത്ത ത്യാഗരാജനെ, അയല്‍വാസികളുമായി നിലവില്‍ ഉണ്ടായിരുന്ന വഴി തര്‍ക്കത്തില്‍ എതിരെയുള്ള ആളുകള്‍ക്കു പിന്തുണ നല്കി അക്രമിക്കാന്‍ ശ്രമിച്ചെന്നാണ് ആക്ഷേപം. പാര്‍ട്ടി അംഗങ്ങളുടെ നേതൃത്വത്തില്‍ വീട് കയറി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ബോധരഹിതനായ ത്യാഗരാജനെ പോലീസ് ജീപ്പില്‍ ചങ്ങനാശ്ശേരി താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, സ്ഥിതി ഗുരുതരമായതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായിട്ടും, പോലീസ് ഈ വിഷയത്തില്‍ കാര്യമായി ഇടപെട്ടില്ല. ആശുപത്രിയില്‍ ഇയാളെ എത്തിച്ചതിനു ശേഷം രാമങ്കരി പോലീസ് കടന്ന് കളയുകയും ചെയ്തു. നേതൃത്വത്തിന് എതിരെ നില്‍ക്കുന്നവര്‍ക്കെതിരെ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണത്രെ. കഴിഞ്ഞ ദിവസം പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും, ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: