കൊല്ലം: തെരുവോരത്തെ ഓരോ കച്ചവടവും ഓരോ ജീവിതങ്ങളാണ്. കൊവിഡ് കാലം നിരവധി സാധാരണക്കാരുടെ ജീവിതങ്ങളാണ് തകര്‍ത്തത്. അവരെല്ലാം തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പെടാപാടിലാണ്. ഒരു കുടുംബത്തിനാവശ്യമായ ആഹാരസാധനങ്ങളെല്ലാം തെരുവോരത്തുണ്ട്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള എന്തും ഇന്ന് വഴിയോരത്ത് ലഭിക്കുന്നു.
അലങ്കാര മത്സ്യങ്ങളും തുണിത്തരങ്ങളും തുടങ്ങി ഗൃഹോപകരണങ്ങള്‍ വരെ ഇപ്പോള്‍ തെരുവോരത്തുണ്ട്. കൊവിഡ് മഹാമാരി ജനജീവിതം ദുസ്സഹമാക്കി കടന്നുപോകുമ്പോള്‍ അതിജീവനത്തിനും കുടുംബം പുലര്‍ത്താനുമായി പലവഴി തേടുകയാണ് ഇവര്‍. ഈ കഠിനകാലത്തെ അതിജീവിക്കാന്‍ പലരും തെരഞ്ഞെടുത്തത് അവശ്യസാധനങ്ങളുടെ വഴിയോര കച്ചവടമാണ്. ഈ രംഗത്ത് വിജയ വഴികള്‍ തുറന്നതോടെ ദിവസവും കൂടുതല്‍ ആള്ക്കാര് കടന്നുവരുന്നു.
കരുനാഗപ്പള്ളി മുതല്‍ പാരിപ്പള്ളി വരെയുള്ള ദേശീയപാതയില്‍ നൂറുകണക്കിന് തെരുവോര കച്ചവടക്കാരുണ്ട്. കൊല്ലം പള്ളിമുക്ക് മേഖലയില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ അന്‍പതിലധികം വഴിയോരക്കച്ചവടക്കാരുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളും അവശ്യസാധനങ്ങള്‍ തൊട്ടടുത്തുള്ള കടകളില്‍നിന്നു വാങ്ങണമെന്ന നിര്‍ദേശങ്ങളുമെല്ലാം ഇത്തരം കച്ചവടത്തിന്റെ സാധ്യത വര്‍ധിപ്പിച്ചു. വീടിനു മുന്നിലും ഒഴിഞ്ഞ സ്ഥലങ്ങളുമെല്ലാം അവര്‍ കച്ചവടത്തിന് സ്ഥലം കണ്ടെത്തി. വാഹനങ്ങളില്‍ ഇരുന്ന് സാധനങ്ങള്‍ വാങ്ങാവുന്നതും പാര്‍ക്കിങ് സൗകര്യമുള്ളതുമായ സ്ഥലങ്ങളില്‍ വഴിയോരക്കച്ചവടക്കാര്‍ നിരന്നു.
പഴം, പച്ചക്കറി, മത്സ്യം, സവാള, കരിക്ക്, പൊതിച്ചോറു കച്ചവടം, അഞ്ചുരൂപ കടി, വീട്ടില്‍ ഉണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ എന്നിവയാണ് പാതയോരക്കച്ചവടത്തില്‍ ഏറെയും. വീടുകളില്‍ വിളയിക്കുന്ന കാര്‍ഷിക വിഭവങ്ങളുമായി കച്ചവടം നടത്തുന്ന വീട്ടമ്മമാരുമുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട് വിദേശത്തുനിന്ന് എത്തിയ നിരവധി പ്രവാസികള്‍ വഴിയോരക്കച്ചവടത്തിലേക്കാണ് തിരിഞ്ഞത്. സാഹചര്യങ്ങള്‍ മനസ്സിലാക്കി ഇത്തരം സ്ഥലങ്ങളിലെത്തി സാധനം വാങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. വലിയ ലാഭമില്ലെങ്കിലും അന്നന്നത്തെ ജീവിതച്ചെലവിനുള്ളത് കിട്ടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: