ന്യൂദല്‍ഹി: രാഷ്ടീയത്തില്‍ 20 വര്‍ഷത്തെ പൊതുജനസേവനത്തിന്റെ ചരിത്രം സ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിങ്ങിനെ: ‘ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല’.
അതേ സമയം ഗുജറാത്തിലെ മുഖ്യമന്ത്രിയായും ഇന്ത്യയുടെ പ്രധാനമന്ത്രിയായും ജനങ്ങളെ സേവിക്കാന്‍ സാധിച്ചതില്‍ അദ്ദേഹം നന്ദി പറഞ്ഞു. താടിയും മുടിയും വെട്ടിയൊതുക്കിയ പുതിയ പ്രധാനമന്ത്രിയായിരുന്നു വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി മോദിയുടെ 20 വര്‍ഷത്തെ രാഷ്ടീയ യാത്രയെ ‘സേവ സമര്പ്പണ്’ എന്ന പേരില്‍ ഇന്ത്യയൊട്ടുക്ക് ബിജെപി ആഘോഷിക്കുകയാണ്. അതേ സമയം ഗുജറാത്തിലെ മുഖ്യമന്ത്രിയാകുന്നതിന് എത്രയോ മുന്‍പ് തന്നെ തന്റെ പൊതുജനസേവനം തുടങ്ങിയിരുന്നുവെന്ന് ആര്‍എസ്എസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന നാളുകള്‍ ഓര്‍മ്മിച്ചുകൊണ്ട് നരേന്ദ്രമോദി പറഞ്ഞു.
’20 വര്‍ഷം മുന്‍പ് ഇതേ ദിവസം ജനങ്ങളെ വിശാലമായി സേവിക്കാന്‍ എനിക്ക് പുതിയ ഉത്തരവാദിത്വം കിട്ടി. അതിനും എത്രയോ ദശകങ്ങള്‍ മുന്‍പ് തന്നെ ജനങ്ങളെ സേവിക്കുകയും ജനങ്ങള്‍ക്കിടയില്‍ ജീവിക്കുകയും ചെയ്യുന്ന എന്റെ യാത്ര തുടങ്ങിയിരുന്നു. 20 വര്‍ഷം മുന്‍പ് ഗുജറാത്തിലെ മുഖ്യമന്ത്രിയെന്ന നിലയില്‍ എനിക്ക് പുതിയൊരു ഉത്തരവാദിത്വം ലഭിച്ചു. സര്‍ക്കാരിന്റെ മേധാവി എന്ന നിലയില്‍ ആദ്യം ഗുജറാത്ത് മുഖ്യമന്ത്രിയായി, പിന്നീട് പ്രധാനമന്ത്രിയായി. പക്ഷെ പ്രധാനമന്ത്രി പദവിയിലെത്തുമെന്ന് ഞാന്‍ സ്വപ്നം പോലും കണ്ടിരുന്നില്ല,’ അദ്ദേഹം പറഞ്ഞു.
’20 വര്‍ഷത്തെ ഇടവിടാതെയുള്ള യാത്ര ഇന്ന് 21ാം വര്‍ഷത്തിലേക്ക് കടക്കുന്നു. ഇത്രയും പ്രധാന മുഹൂര്‍ത്തത്തില്‍ ഇന്ത്യയെപ്പൊലെ ഒരു ഇടത്തില്‍, മണ്ണില്‍ എത്തിച്ചേരാന്‍ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. ഈ മണ്ണാകട്ടെ എനിക്ക് നിരന്തരം സ്നേഹവും അടുപ്പവും തുടര്‍ച്ചയായി നല്‍കുന്നതും ഭാഗ്യമായി കരുതുന്നു.’ അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡില്‍ നടന്ന ചടങ്ങിന്റെ ഭാഗമായി അദ്ദേഹം പി എം കെയേഴ്സിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ പുതുതായി സ്ഥാപിച്ച 35 ഓക്സിജന്‍ പ്ലാന്റുളുടെ ഉദ്ഘാടനവും ഋഷികേശ് എയിംസില്‍ നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: