മുംബൈ : ആഡംബര കപ്പലില്‍ തെരച്ചില്‍ നടത്തി അറസ്റ്റ് ചെയ്തത് നിയമ പരിധിയില്‍ നിന്നുകൊണ്ടാണെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ ഡയറക്ടര്‍ സമീര്‍ വാങ്കഡെ. ലഹരി മരുന്ന് വേട്ട വ്യാജമാണെന്ന മഹാരാഷ്‌ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിന്റെ ആരോപണത്തിന് നല്‍കിയ മറുപടിയിലാണ് വാങ്കഡെ ഇക്കാര്യം അറിയിച്ചത്. സ്വകാര്യ മാധ്യമത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഞങ്ങള്‍. ജോലിയുടെ ഭാഗമായുള്ള കര്‍ത്തവ്യം മാത്രമാണ് ചെയ്യുന്നത്. നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കൈക്കൊണ്ടത്. വിഷയവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തിയിരുന്നെന്നും കേസില്‍ സാക്ഷികളായി ഒമ്പതാളുകളുടെ പേരാണ് നല്‍കിയിരിക്കുന്നത്. റെയ്ഡ് ഉള്‍പ്പടെ എല്ലാക്കാര്യങ്ങളും ചെയ്തത് നിയമത്തിന്റെ പരിധിക്കുള്ളില്‍നിന്നു തന്നെയാണെന്നും വാങ്കഡെ അറിയിച്ചു.
കപ്പലില്‍ നിന്നും സെലിബ്രിറ്റികളേയും അവരുമായി അടുപ്പമുള്ള മയക്കുമരുന്ന് ബന്ധമുള്ള ആളുകളേയും മാത്രമാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. കപ്പലില്‍ ഗോവയില്‍ നിന്ന് ലഹരി എത്തിക്കുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍സിബി നീക്കം നടത്തിയത്. എന്നാല്‍ വന്‍ സ്രാവുകളാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്ന് എന്‍സിബിക്ക് വിവരം ഉണ്ടായിരുന്നില്ല. കോര്‍ഡെലിയ മുംബൈയില്‍ നിന്ന് തിരിക്കുമ്പോള്‍ പതിനൊന്നംഗ എന്‍സിബി സംഘം യാത്രക്കാര്‍ എന്ന നിലയില്‍ കപ്പലിനുള്ളില്‍ കടന്ന് കൂടിയിരുന്നു. മറ്റൊരു സംഘം ഗോവയില്‍ നിന്നും ടിക്കറ്റെടുത്ത് കപ്പലിലെത്തി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.
എന്നാല്‍ ലഹരി മരുന്നു വേട്ട വ്യാജമായിരുന്നെന്നാണ് എന്‍സിപി മന്ത്രി നവാബ് മാലിക് ആരോപിച്ചത്. ലഹരിമരുന്നു പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്(എന്‍ഡിപിഎസ്) നിയമം എന്‍സിബി പാലിച്ചില്ലെന്നും മാലിക് ആരോപിച്ചിരുന്നു. ഞായറാഴ്ച അറസ്റ്റ നടന്നതിന് ശേഷം ബുധാഴ്ചയാണ് ലഹരിമരുന്ന് വേട്ട വ്യാജമാണെന്ന് ആരോപിച്ച് മാലിക് രംഗത്ത് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: