കൊല്ലൂര്‍: മൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം തുടങ്ങി. പ്രധാന ചടങ്ങായ രഥോത്സവം മഹാനവമി ദിനമായ 14 ന് രാത്രി എട്ടിനാണ്. 15 ന് വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ നാല് മുതലാണ് എഴുത്തിനിരുത്തല്‍. സരസ്വതീ മണ്ഡപത്തിന് സമീപം യാഗശാലയില്‍ നടക്കുന്ന വിദ്യാരംഭത്തിന് ക്ഷേത്ര പൂജാരിമാര്‍ കാര്‍മികത്വം വഹിക്കും.
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മാസ്ക്, സാമൂഹ്യ അകലം പാലിക്കല്‍ എന്നിവ ക്ഷേത്രത്തിനുള്ളിലും കര്‍ശനമാണ്. കേരളത്തില്‍ നിന്നുള്ളവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. കേരള-കര്‍ണാടക അതിര്‍ത്തിലും മംഗളൂരു, കുന്താപുരം, ബൈന്ദൂര് റെയില്‍വേസ്റ്റേഷനിലും, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് ടെസ്റ്റ് നടത്താതെ എത്തുന്നവര്‍ക്ക് ഇവിടെ നിന്ന് ടെസ്റ്റ് നടത്താനുള്ള സൗകര്യവും കര്‍ണാടക ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.
11 ന് നവരാത്രി പൂജയില്‍ രംഗപൂജയും വിശേഷ നിവേദ്യവും ഉണ്ടാകും. 11 മുതല്‍ 13 വരെ പുറത്ത് ഉത്സവം. കൊവിഡ് നിയന്ത്രണമുള്ളതിനാല്‍ ഗണപതിക്ഷേത്രം വരെയേ എഴുന്നള്ളത്ത് ഉണ്ടാകൂ. 14 ന് രാവിലെ 11 30 ന് ചണ്ഡികായാഗവും രാത്രി എട്ടിന് രഥംവലിയും. ദേവീവിഗ്രഹം ക്ഷേത്ര ചുറ്റമ്പലത്തിനുള്ളിലെ പുഷ്പാലങ്കൃതമായ രഥത്തിലേറ്റി ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കും. രാത്രി 9.30 ന് പൂര്ണകുംഭാഭിഷേകത്തോടെ നവരാത്രി ഉത്സവം സമാപിക്കും. കൊവിഡ് സാഹചര്യത്തില്‍ മഹാനവമി, വിജയദശമി ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ഭക്തജന തിരക്ക് ഉണ്ടാകാതിരിക്കാന്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഉഡുപ്പി ജില്ലാ ഡപ്യൂട്ടി കമ്മീഷണര്‍ എം. കുര്‍മ റാവു ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: