നാസിക്: വാഹനങ്ങളിലെ നിലവിലെ ഹോണുകള്‍ക്ക് പകരം ഇന്ത്യന്‍ സംഗീതം ഉപയോഗിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പുല്ലാങ്കുഴല്‍, തബല, വയലിന്, മൗത്ത് ഓര്‍ഗന്‍, ഹാര്‍മോണിയം തുടങ്ങിയ സംഗീത ഉപകരണങ്ങളുടെ ശബ്ദങ്ങള്‍ ഹോണുകളില്‍ ഉപയോഗിക്കാനാണ് ആലാചന.
എല്ലാ വാഹനങ്ങളുടെ ഹോണും ആംബുലന്‍സുകളുടെയും പോലീസ് വാഹനങ്ങളുടെയും സൈറണും മാറ്റുന്നത് സംബന്ധിച്ച് പഠിക്കുകയാണ്. പൊതു വാഹനങ്ങളില്‍ ഇപ്പോഴുള്ള ശബ്ദത്തിനു പകരം ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ സുഖകരമായ സ്വരം കേള്‍പ്പിക്കുന്നത് നന്നായിരിക്കും. ആകാശവാണിയില്‍ അതിരാവിലെ കേള്‍ക്കാറുള്ള ഈണം ഉപയോഗിക്കുന്നതും ആസ്വാദ്യകരമാകും.
ആംബുലന്‍സുകളുടെയും പോലീസ് വാഹനങ്ങളുടെയും ഭീതിയുണ്ടാക്കുന്ന സൈറണിന് പകരം കാതിന് കൂടുതല്‍ ഇമ്പം പകരുന്ന സംഗീതങ്ങള്‍ ഉപയോഗിച്ചാല്‍ നന്നായിരിക്കും. ചുവന്ന ബീക്കണുകളുടെ ഉപയോഗം ഇല്ലാതാക്കിയ പോലെ ആംബുലന്‍സുകളുടെ സൈറണുകളും അവസാനിക്കേണ്ട സമയമായി. മന്ത്രിമാര്‍ കടന്നുപോകുമ്പോഴെല്ലാം വാഹനങ്ങളില്‍ സൈറണുകള്‍ ഉയര്‍ന്ന ശബ്ദത്തില്‍ വയ്ക്കുന്നത് ബുദ്ധിമുട്ടാണ്. ഇത് ചെവികള്‍ക്കും ദോഷം ചെയ്യും-മന്ത്രി പറഞ്ഞു.
നാസിക്കിലെ ഹൈവേ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: