തിരുവനന്തപുരം : കേരള എഞ്ചിനീയറിങ്- ഫാര്‍മസി- ആര്‍ക്കിടെക്ചര്‍ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. എഞ്ചിനിയറിങ് പ്രവേശന പരീക്ഷയില്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഫയിസ് ഹാഷിം ഒന്നാം റാങ്ക് കരസ്ഥമാക്കി. കോട്ടയം പൂവക്കുളം സ്വദേശി ഹരിശങ്കര്‍ എം. രണ്ടാം റാങ്കും നയന്‍ കിഷോര്‍ നായര്‍ കൊല്ലം മൂന്നാം റാങ്കും നേടി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്.
റാങ്ക് പട്ടികയില്‍ ഇടംപിടിച്ച ആദ്യ അഞ്ച് പേരും ആണ്‍കുട്ടികളാണ്. ആദ്യ നൂറ് റാങ്കില്‍ 78 പേരും ആണ്‍കുട്ടികളാണ്. എസ്സി വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി അമ്മു ഒന്നാം റാങ്കും അക്ഷയ് നാരായണന് മലപ്പുറം രണ്ടാം റാങ്കും കരസ്ഥമാക്കയപ്പോള്‍ എസ്ടി വിഭാഗത്തില്‍ ജോനാഥന് ഡാനിയേല്‍ ഒന്നാം റാങ്കും ശബരിനാഥ് എറണാകുളം രണ്ടാം റാങ്കും നേടി.
ഫാര്‍മസി വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി ഫാരിസ് അബ്ദുല്‍ നാസര്‍ ഒന്നാം റാങ്ക് നേടിയപ്പോള്‍ തേജസ്വിനി വിനോദ് രണ്ടാം റാങ്ക് നേടി. ആര്കിടെക്ചര് പരീക്ഷയില്‍ തേജസ് ജോസഫ് കണ്ണൂര്‍ ഒന്നാം റാങ്കും, അമ്രീന്‍ കല്ലായി രണ്ടാം റാങ്കും നേടി.
എഞ്ചിനീയറിങ് കീം പരീക്ഷയില്‍ റാങ്ക് പട്ടികയിലിടം നേടിയ ആദ്യ നൂറ് പേരില്‍ 22 പേര് പെണ്‍കുട്ടികളും 78 പേര് ആണ്‍കുട്ടികളുമാണ്. ഇതില്‍ 64 പേര് ആദ്യമായി പരീക്ഷയെഴുതിയതാണ്. എറണാകുളം 21, തിരുവനന്തപുരം17, കോഴിക്കോട് 11 എന്നീങ്ങനെയാണ് ആദ്യ നൂറില്‍ പേരില്‍ ഇടംപിടിച്ചത്.
ഒന്നേ കാല് ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 51031 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. 47629 പേര് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു. എന്‍ജിനീയറിങ്ങില്‍ ആദ്യ 5000 റാങ്കില്‍ 2112 കുട്ടികള്‍ കേരള ഹയര്‍സെക്കന്‍ഡറിയില്‍ പാസായി യോഗ്യത നേടിയവരാണ്. റാങ്ക് പട്ടികയ്ക്ക് മുമ്പ്തന്നെ വിദ്യാര്‍ത്ഥികളുടെ സ്കോര്‍ അനുസരിച്ചുള്ള ഓപ്ഷന് രജിസ്ട്രേഷന് തുടങ്ങിയിരുന്നു.
സിബിഎസ്ഇ ഇപ്രൂവ്മെന്റ് പരീക്ഷ എഴുതിയവര്‍ക്ക് കൂടി അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന കോടതി ഉത്തരവ് മൂലമാണ് പട്ടിക വൈകിയത്. ഒന്നാം റാങ്ക് നേടിയ ഫെയിസ് ഹാഷിമിനെ മന്ത്രി ആര്. ബിന്ദു ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഒക്ടോബര്‍ 11നാണ് ആദ്യ അലോട്ട്മെന്റ്. ഒക്ടോബര്‍ 25-നകം പ്രവേശനം പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: