തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിനു (ബെമല്‍) പാലക്കാട് ജില്ലയില്‍ പാട്ടത്തിനു നല്‍കിയതില്‍ 226.21 ഏക്കര്‍ ഭൂമി തിരികെ ഏറ്റെടുക്കാന്‍ മന്ത്രി സഭ തീരുമാനിച്ചു.കഞ്ചിക്കോട് വ്യവസായ മേഖലയില്‍ 2010ല്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ 375 ഏക്കറിലാണ് ബെമലിന്റെ യൂണിറ്റ് തുടങ്ങിയത്. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരാണ് കഞ്ചിക്കോട് 375 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കൈമാറിയത്. കമ്പനിയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനുള്ള കേന്ദ്രധനമന്ത്രാലയത്തിന്റെ തീരുമാനത്തോടുള്ള എതിര്‍പ്പാണ് ഭൂമി തിരിച്ചെടുക്കുന്നതിനു പിന്നില്‍. ഒരര്‍ത്ഥത്തില്‍ കേന്ദ്രത്തോടുള്ള ഏറ്റുമുട്ടലിനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം.
സേവന നികുതിയായ 2.13 കോടി രൂപയും ഭൂമി അനുവദിച്ചതു മുതല്‍ ലീസ് പ്രീമിയം അടയ്‌ക്കുന്നതിന്റെ കാലതാമത്തിനുള്ള പലിശ ചേര്‍ത്തുള്ള 7.07 കോടി രൂപയും ഇളവു ചെയ്ത് ലീസ് പ്രീമിയം തുകയും 10 ശതമാനം വാര്‍ഷിക പലിശയും ഉള്‍പ്പെടെ 27.59 കോടി രൂപയ്‌ക്ക് ഏറ്റെടുക്കാനാണ് മന്ത്രി സഭ കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ക്ക് അനുമതി നല്‍കിയത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമാണ് ബെമല്‍. ഖനന മേഖലയിലെ വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ ഏക പൊതുമേഖലാ സ്ഥാപനവും ബെമലാണ്.
രാജ്യത്തിനകത്തും പുറത്തുമുള്ള വമ്പന്‍ കമ്പനികളുമായി മത്സരിച്ച് കഴിഞ്ഞ വര്‍ഷം 5000 കോടി രൂപയുടെ കരാറും അടുത്ത മൂന്നുവര്‍ഷത്തേക്ക് 10,000 കോടി രൂപയുടെ ഉത്പാദത്തിനുള്ള മറ്റു കരാറുകളും ബെമല്‍ നേടിയിരുന്നു. ഇതുകൂടാതെ യുദ്ധമേഖലയില്‍ ടാങ്കുകള്‍ക്കു മുന്നില്‍ ഘടിപ്പിക്കുന്ന മൈന്‍ വാരികളും മെട്രോ കോച്ചുകളും നിര്‍മ്മിക്കുന്നതിനുള്ള കരാറും കമ്പനി സ്വന്തമാക്കി. ബംഗളൂരു ആസ്ഥാനമായ ബെമലിനു പാലക്കാട്, മൈസൂര്‍, കോലാര്‍ സ്വര്‍ണഖനി എന്നിവിടങ്ങളിലായി ഉത്പാദന കേന്ദ്രങ്ങള്‍ക്ക് പുറമേ രാജ്യത്തുടനീളവും പുറത്തും സേവന കേന്ദ്രങ്ങളുമുണ്ട്. കഞ്ചിക്കോട്ടെ ബെമല്‍ യൂണിറ്റില്‍ റെയില്‍ കോച്ച് നിര്‍മ്മാണം നിലവില്‍ നടക്കുന്നുണ്ട്. നിര്‍ദ്ദിഷ്ട കഞ്ചിക്കോട് കോച്ച് ഫാക്ടറി ബെമലുമായി ചേര്‍ന്ന് നടപ്പാക്കാന്‍ വരെ ഒരുഘട്ടത്തില്‍ ആലോചനകള്‍ നടന്നിരുന്നു.











