ആലപ്പുഴ : ശാസ്ത്ര സാഹിത്യ പരിഷത് മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശിധരന്(83) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 3.25-ഓടെയായിരുന്നു മരണം.
ചെങ്ങന്നൂരിലെ മകളുടെ വീട്ടില്‍ കഴിയവേയാണ് അദ്ദേഹത്തിന് കോവിഡ് ബാധിക്കുന്നത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കോവിഡ് നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡിന് ശേഷമുള്ള രോഗങ്ങളാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യ നില വഷളായതോടെ ഐസിയുവിലേക്ക് മാറ്റി.
സംസ്കാരിക പ്രവര്ത്തകന് മാത്രമല്ല അറിയപ്പെടുന്ന ഗായകന് കൂടിയായിരുന്നു വി.കെ. ശശിധരന്. സിനിമയ്ക്ക് വേണ്ടി അദ്ദേഹം പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുമുണ്ട്. ശാസ്ത്രാവബോധം വളര്‍ത്തുന്ന ഗാനങ്ങള്‍ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചയാളാണ്.
1938 ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലാണ് ശശിധരന്റെ ജനനം. തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം കരസ്ഥമാക്കി. മുപ്പത് വര്‍ഷക്കാലം ശ്രീ നാരായണ പോളിടെക്നിക്കിലെ അദ്ധ്യാപകനായിരുന്നു. 1993 ല്‍ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്കില്‍ നിന്നും ഇലക്ട്രിക്കല്‍ വിഭാഗം മേധാവിയായി വിരമിച്ചു.
1967 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ‘കാമുകി’ എന്ന ചിത്രത്തിനു വേണ്ടി ഏറ്റുമാനൂര്‍ സോമദാസന് രചിച്ച നാലു ഗാനങ്ങള്‍ ‘ശിവന്‍ശശി’ എന്ന പേരില്‍ പി.കെ. ശിവദാസുമൊത്തു ചിട്ടപ്പെടുത്തി. ചിത്രം റിലീസ് ആകാതിരുന്നതിനെതുടര്‍ന്ന് ‘തീരങ്ങള്‍’ എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തി. ഇരുവരും ആറ്റിങ്ങല്‍ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടി നിരവധി നാടകങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. കവിതാലാപനത്തില്‍ വേറിട്ട വഴി സ്വീകരിച്ച വി.കെ.എസ്. ഇടശ്ശേരിയുടെ പൂതപ്പാട്ട്, രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി തുടങ്ങി നിരവധി കവിതകള്‍ക്ക് സംഗീതാവിഷ്ക്കാരം നല്കി.
പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ശശിധരന് നിരവധി പരിഷത്ത് കലാജാഥകള്‍ക്കായി അനവധി ഗാനങ്ങള്‍ക്ക് സംഗീതം നല്കി. ബര്‍തോള്‍ത് ബ്രഹത്, ഡോ. എം.പി. പരമേശ്വരന്, മുല്ലനേഴി, കരിവെള്ളൂര്‍ മുരളി തുടങ്ങി അനവധി പേരുടെ രചനകള്‍ സംഗീത ശില്പങ്ങളായും, സംഘഗാനങ്ങളായും ശാസ്ത്ര കലാജാഥകളിലൂടെ അവതരിക്കപ്പെട്ടു. 80 കളുടെ തുടക്കത്തില്‍ കലാജാഥയില്‍ പങ്കെടുത്തും, അഭിനയിച്ചും കേരളത്തിലുടനീളം സഞ്ചരിച്ചു കൂടാതെ ശാസ്ത്ര സംഘടനകളുടെ അഖിലേന്ത്യാ തലത്തിലുള്ള കലാജാഥകള്‍ക്കു സംഗീതാവിഷ്കാരം നിര്‍വഹിച്ചു. ശാസ്ത്ര സാഹിത്യപരിഷത്ത്, കേരള സാക്ഷരതാ സമിതി, മാനവീയം മിഷന്, സംഗീത നാടക അക്കാദമി എന്നിവയ്ക്ക് വേണ്ടിയും ഓഡിയോ ആല്‍ബങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: