പത്തനാപുരം: രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ ചെങ്ങമനാട് വാഹനാപകടത്തിലെ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു.
മദ്യപിച്ച് വാഹനം ഓടിച്ച് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിച്ച തലവൂര്‍ മഞ്ഞക്കാല ലക്ഷ്മി നിവാസില്‍ ലാല്‍കുമാറി(34)ന്റെ ഡ്രൈവിങ് ലൈസന്‍സാണ് ഒരുവര്‍ഷത്തേക്ക് പത്തനാപുരം ജോയിന്റ് ആര്‍ടിഒ ഷീബാരാജന് സസ്പെന്‍ഡ് ചെയ്തത്. അപകടത്തിന് കാരണമായ കാറിന്റെ രജിസ്ട്രേഷന് റദ്ദ് ചെയ്യുന്ന നടപടികള്‍ നടന്നു വരികയാണന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.
കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ചെങ്ങമനാട് ജംഗ്ഷന് സമീപം ആഗസ്ത് 12ന് രാത്രി 9.30നായിരുന്നു അപകടം. ബൈക്ക് യാത്രികരും സഹപാഠികളുമായ കുണ്ടറ കേരളപുരം മണ്ഡപം ജംഗ്ഷനില്‍ വസന്ത നിലയത്തില്‍ ബി.എന്‍. ഗോവിന്ദ് (20), കണ്ണൂര്‍ പയ്യന്നൂര്‍ പടോളിവയല്‍ ചൈതന്യയില്‍ അജയകുമാറിന്റെ മകള്‍ ചൈതന്യ(20)എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ഥികളായിരുന്നു. അഞ്ച് ബൈക്കുകളിലായി റോസ്മലയിലെ വിനോദയാത്രയ്ക്ക് ശേഷം തിരുവന്തപുരത്തേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. ദേശീയപാതയില്‍ ചേത്തടിക്കും ചെങ്ങമനാടിനും ഇടയിലെ വളവിന് സമീപം ഗോവിന്ദ് ഓടിച്ച ബുള്ളറ്റില്‍ അമിതവേഗത്തിലെത്തിയ മാരുതി എര്‍ട്ടിക കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബുള്ളറ്റില്‍ നിന്നും ഇരുവരും തെറിച്ചുവീണു.
ഗുരുതരമായി പരിക്കേറ്റ ഗോവിന്ദിനെയും ചൈതന്യയെയും കൊട്ടാരക്കര സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുമ്പോഴാണ് ചൈതന്യ മരിച്ചത്. തലവൂര്‍ മഞ്ഞക്കാല സ്വദേശികളായ ലാല്‍, റോയി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇരുവരും മദ്യപിച്ചിരുന്നതായി അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വാഹനം ഓടിച്ച ലാല്‍കുമാറിനെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: