ആലപ്പുഴ: വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വ് പകര്‍ന്ന് ജില്ലയിലെ ബീച്ചുകളും പാര്‍ക്കുകളും തുറന്നു. ആലപ്പുഴ ബീച്ച്, മാരാരി ബീച്ച്, തോട്ടപ്പള്ളി പൊഴിമുഖം, വലയഴീക്കല്‍ ബീച്ച് എന്നിവടങ്ങളിലാണ് പ്രധാനമായും സഞ്ചാരികള്‍ എത്തുന്നത്. ഇന്നലെ ആലപ്പുഴ ബീച്ചില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പുന്നമടയില്‍ ബോട്ടിങ് കഴിഞ്ഞ് എത്തുന്നവരും ആഭ്യന്തര ടൂറിസ്റ്റുകളുമാണ് കൂടുതലും എത്തിയത്. വൈകിട്ടാണ് കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നത്.
സഞ്ചാരികള്‍ക്ക് സുരക്ഷയോരുക്കി ആലപ്പുഴ ബീച്ചില്‍ ലൈഫ് ഗാര്‍ഡുകള്‍, ടൂറിസം പോലീസ്, ലോക്കല്‍ പോലീസും രംഗത്തുണ്ടായിരുന്നു. സ്വന്തം സുരക്ഷക്കൊപ്പം ഇന്നലെ സാമൂഹിക അകലം പാലിച്ച് സഞ്ചാരികളെ നിറുത്താന്‍ ലൈഫ്ഗാര്‍ഡുകള്‍ പെടാപ്പാട് പെട്ടു. ബീച്ചുകളും പാര്‍ക്കുകളും പ്രവര്‍ത്തിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി സഞ്ചാരികള്‍ ബീച്ചുകളിലേക്ക് എത്തുന്നത്. മറ്റുള്ള ബീച്ചുകളില്‍ ലൈഫ് ഗാര്‍ഡുകള്‍, ടൂറിസം പൊലീസ് ഇല്ലത്തത് ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തും. ബീച്ചില്‍ എത്തുന്നവര്‍ക്ക് കടലില്‍ ഇറങ്ങുവാനോ കുളിക്കുവാനോ അനുമതിയില്ല. ഇത് ലംഘിച്ചാല്‍ വലിയ തുക പിഴയടക്കേണ്ടിവരും. കൊവിഡ് വ്യാപനവും പ്രതികൂല കാലാവസ്ഥയുമാണ് കടലില്‍ ഇറങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം.
ബീച്ചുകളുടെയും പാര്‍ക്കുകളുടെയും പ്രവര്‍ത്തനത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, റവന്യൂ അധികാരികള്‍, ടൂറിസം ഡെപ്യൂട്ടി, ഡിടിപിസി സെക്രട്ടറി, പോര്‍ട്ട് ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: