കൊല്ലം: പുറമ്പോക്ക് നികത്തുന്നതിന്റെ മറവില്‍ കരുനാഗപ്പള്ളി നഗരസഭയിലെ വട്ടക്കായലിന്റെ ഭൂരിഭാഗവും നികത്തിയതായി ആരോപണം. സിപിഎം-കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടുകെട്ടിലൂടെയാണ് കായല്‍ നികത്തിയത്. കരുനാഗപ്പള്ളി നിയമ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ നടപടി നേരിടുന്ന സിപിഎം നേതാവും നഗരസഭയുടെ ഭരണ നേതൃത്വത്തിലുള്ള നേതാവുമാണ് ചുക്കാന്‍ പിടിച്ചത്.
വട്ടക്കായലിന്റെ മുക്കാല്‍ ഭാഗം സ്വകാര്യ വ്യക്തിയുടേതാണ്. കാല്‍ഭാഗത്തോളം നഗരസഭ പുറമ്പോക്കും. നഗരസഭ പുറമ്പോക്ക് നികത്തിയെടുത്തതിനൊപ്പം സ്വകാര്യ വ്യക്തിയും നികത്തി. സംഭവം വിവാദമായതോടെ വില്ലേജ് ഓഫീസര്‍, തഹസീല്‍ദാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
തഹസീല്‍ദാര്‍ വിശദീകരണം ആവശ്യപ്പെട്ടതോടെ ചെയര്മാന് കോട്ടയില്‍ രാജുവും, സെക്രട്ടറിയും മറുപടി നല്‍കിയെങ്കിലും ഉള്ളടക്കം വ്യത്യസ്തമായിരുന്നു. നഗരസഭയുടെ ചെലവിലല്ല കായല്‍ നികത്തുന്നതെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. നികത്തുന്നത് നഗരസഭയാണെന്നായിരുന്നു ചെയര്‍മാന്റെ കത്ത്. ചെയര്‍മാന്റെ കത്തിലെ നിയമകുരുക്ക് താലൂക്ക് ഓഫീസില്‍ നിന്ന് ചിലര്‍ അറിയിച്ചതോടെ, കത്ത് താലൂക്ക് ഓഫീസില്‍ നിന്ന് ചെയര്മാന് മുക്കിയതായുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വലിയ വിവാദത്തിലേക്ക് വഴി തുറക്കുന്നതാണ് കത്ത്. അതിനാല്‍ ഇതു പുറത്തുവരാതിരിക്കാനുള്ള ശ്രമത്തിലാണ് ചെയര്മാന്. വട്ടക്കായലുമായി ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശ രേഖകള്‍ പ്രകാരം എടുക്കാനുള്ള നീക്കത്തിലാണ് പരിസ്ഥിതി വാദികള്‍. അടുത്ത ദിവസം കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുമെന്നും ഇവര്‍ വ്യക്തമാക്കി.
പ്രമുഖ സ്ഥാപനങ്ങളും നിയമവിധേയമല്ല
നഗരസഭയില്‍ അനധികൃതമെന്ന് കണ്ടെത്തിയ നിരവധി കെട്ടിടങ്ങളില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നിയമവിധേയമല്ല. പ്രമുഖ വസ്ത്ര വ്യാപാരശാല ഉള്‍പ്പടെ ഇതില്‍പ്പെടുന്നു. നഗരസഭയില്‍ നിന്ന് ലഭിച്ച താത്ക്കാലിക ട്രേഡ് ലൈസന്‍സിന്റെ മറവിലാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ട്രേഡ് ലൈസന്‍സ് നല്‍കിയതെന്നും ആരോപണമുണ്ട്. അനധികൃത കെട്ടിടങ്ങള്‍ നിയമവിധയമാക്കാന് കൂട്ടു നിന്ന നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥന്, നടപടി ഭയന്ന് സ്ഥലംമാറ്റത്തിന് ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: