കോഴിക്കോട്: ഗോവയില്‍ യുവാവിന് മയക്ക് മരുന്ന് നല്‍കി ബൈക്കും പണവും കവര്‍ന്ന മലയാളി സംഘത്തിലെ ഒരാള്‍ കോഴിക്കോട്ട് പിടിയില്‍. ഒരാള്‍ രക്ഷപ്പെട്ടു.
തിരൂര്‍ മംഗലം സ്വദേശി വാളിയില്‍ ഹര്‍ഷാദിനെയാണ് (24) കസബ പൊലീസ് പാളയത്ത് അറസ്റ്റ് ചെയ്തത്. ഹര്‍ഷാദിനൊപ്പം ഉണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം തുടങ്ങി. മോഷ്ടിച്ച ബൈക്കും 2500 രൂപയും കണ്ടെടുത്തു. എറണാകുളം മരട് സ്വദേശി അക്ഷയ് കുമാറി (37) നെ യാണ് ഇവര്‍ കൊള്ളയടിച്ചത്. കഴിഞ്ഞ 30 ന് ഇവര്‍ ഗോവയില്‍ പരിചയപ്പെട്ടിരുന്നു. മലയാളികളെന്ന നിലയില്‍ സൗഹൃദമുണ്ടാക്കി മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ബൈക്കും പണവും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ അക്ഷയ് കുമാര്‍ ഗോവയില്‍ ചികിത്സയിലാണ്.
കോഴിക്കോട്ടെ വാഹനപരിശോധനയ്‌ക്കിടെയാണ് തട്ടിപ്പ് സംഘം പൊലീസിന്റെ പിടിയിലായത്.
ഗോവയില്‍ നിന്ന് അക്ഷയ് കുമാറിന്റെ ബൈക്കും പണവുമായി മലപ്പുറത്തേക്ക് പോകവേയാണ് ഹര്‍ഷാദ് പിടിയിലായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കോഴിക്കോട് സ്വദേശി സുഹൈല്‍ ഓടി രക്ഷപ്പെട്ടു. കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷ്, എസ്‌ഐമാരായ ടി.എസ്. ശ്രീജിത്ത്, എസ്. അഭിഷേക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.രക്ഷപ്പെട്ടയാളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
















