ലോകത്തെ ശതകോടീശ്വരന്മാരും അഴിമതിക്കാരും മറച്ചുവെച്ച ഇടപാടുകളിലേക്കും ആസ്തികള്‍ സംരക്ഷിക്കാന്‍ നടത്തിയ നീക്കങ്ങളിലേക്കും വെളിച്ചം വീശുന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യയുള്‍പ്പടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് പാന്‍ഡോറ രേഖകളിലൂടെ പുറത്തായത്. ലോക നേതാക്കള്‍, കായിക താരങ്ങള്‍, സിനിമാക്കാര്, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെയെല്ലാം പേരുകള്‍ ഇതിലുണ്ട്. റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്, പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന്, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ തുടങ്ങിയ 35 ലോകനേതാക്കളാണ് പട്ടികയിലുള്ളത.് ക്രിക്കറ്റ് താരവും മുന്‍ രാജ്യസഭ അംഗവുമായ സച്ചിന് തെണ്ടുല്‍ക്കര്‍, മുന്‍ സൈനിക ഇന്റലിജന്‍സ് മേധാവി രാകേഷ് കുമാര്‍ ലൂമ്പ, മുന്‍ കേന്ദ്രമന്ത്രി സതീശ് ശര്‍മ്മ, വ്യവസായി അനില്‍ അംബാനി തുടങ്ങി 380 ഇന്ത്യന്‍ പൗരന്മാരും പട്ടികയിലുണ്ട്. പതിനാല് ആഗോള കോര്‍പ്പറേറ്റ് സേവന സ്ഥാപനങ്ങളില്‍ നിന്നുള്ള 11.9 ദശലക്ഷം ഫയലുകളെയാണ് പാന്‍ഡോറ പേപ്പറുകള്‍ എന്ന് വിളിക്കുന്നത്. 117 രാജ്യങ്ങളിലെ 150 മാധ്യമ സ്ഥാപനങ്ങളിലുള്ള 600 മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഇന്റര്‍ നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് (ഐസിഐജെ) നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍.
ബിസിനസ്സ് കുടുംബങ്ങളുടെയും അതിസമ്പന്നരായ വ്യക്തികളുടെയും നിക്ഷേപങ്ങളും മറ്റ് ആസ്തികളും കൈവശം വയ്ക്കുക എന്ന ഏക ലക്ഷ്യത്തിനായി സ്ഥാപിച്ചിട്ടുള്ള ഓഫ്ഷോര്‍ കമ്പനികളുമായി ചേര്‍ന്ന് എങ്ങനെയാണ് ട്രസ്റ്റുകളെ അതിനുള്ള മാധ്യമമായി ഉപയോഗിക്കുന്നത് എന്ന് രേഖകള്‍ വെളിപ്പെടുത്തുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ഫണ്ടിങ്, നികുതി വെട്ടിപ്പ് എന്നിവ ഉയര്‍ത്തുന്ന ആശങ്കകളുടെ പേരില്‍ വ്യക്തികളും കോര്‍പ്പറേറ്റുകളും വിദേശത്തു സ്ഥാപിച്ച സ്ഥാപനങ്ങളെ കുറിച്ചുള്ള അന്വേഷണം ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ശക്തമാക്കിയിരുന്നു. അതിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ശതകോടീശ്വരന്മാരുടെ രഹസ്യ നിക്ഷേപങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലുണ്ടായ പശ്ചാത്തലത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത ഉടന്‍ സാമ്പത്തിക രംഗം ശുദ്ധീകരിക്കുന്നതിനാണ് ശ്രദ്ധിച്ചത്. നടപടികള്‍ ശക്തമാക്കിയതോടെ, കള്ളത്തരം കാട്ടിയും കബളിപ്പിച്ചും ശതകോടീശ്വരന്മാരായ പലരും നിയമത്തിന്റെ വലയിലായി. വിജയ് മല്യ, നീരവ് മോദി തുടങ്ങിയവര്‍ക്ക് പണവും പദവിയും എല്ലാം ഉപേക്ഷിച്ച് നാടുവിടേണ്ടി വന്നു. വിദേശ കോടതികളില്‍ ചെന്ന് അവരെ പൂട്ടുന്ന കാഴ്ചയും എല്ലാവരും കണ്ടു. നോട്ടു നിരോധനം നടത്തിയും വിദേശ പണത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചും കള്ളപ്പണക്കാര്‍ക്ക് മൂക്കുകയറിട്ടു.
വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും വിദേശ നിക്ഷേപത്തെക്കുറിച്ച് നേരത്തെ പനാമ രേഖകള്‍ വന്നപ്പോള്‍ കേന്ദ്രം അന്വേഷണം നടത്തുകയും 20,078 കോടിയുടെ രഹസ്യ നിക്ഷേപം കണ്ടെത്തുകയും ചെയ്തിരുന്നു. 83 കേസുകള്‍ അന്വേഷിച്ച് സ്വത്ത് കണ്ടുകെട്ടി. 142 കോടി നികുതിയായി തിരിച്ചു പിടിച്ചു. അത്തരം നടപടികള്‍ക്ക് ആക്കം കൂട്ടാന്‍ പാന്‍ഡോറ രേഖകള്‍ സഹായകമാകും. വാര്‍ത്ത പുറത്തുവന്നയുടന്‍ ബഹുതല അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി ഇതാണ് വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരുടെ നിക്ഷേപ വിവരത്തെ കുറിച്ച് വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് സൂചന.
പനാമ രേഖകളിലും ഇപ്പോള്‍ പാന്‍ഡോറ രേഖകളിലും ഉള്‍പ്പെട്ട ഇന്ത്യന്‍ കോടീശ്വരന്മാരെല്ലാം കോണ്‍ഗ്രസ് ഭരണകാലത്താണ് രഹസ്യ നിക്ഷേപങ്ങള്‍ നടത്തിയത്. ഇപ്പോള്‍ പുറത്തുവന്ന പ്രമുഖരെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കോണ്‍ഗ്രസുമായി ബന്ധമുള്ളവരാണ്. അതുകൊണ്ടു തന്നെ അന്വേഷണം രാഷ്ട്രീയമായും കോണ്‍ഗ്രസിന് തിരിച്ചടിയായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: