എന്തെല്ലാം മായങ്ങള്‍, എത്രയെത്ര വ്യാജന്മാര്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എത്രയെത്ര വൈകൃതങ്ങള്‍. സരിത മുതല്‍ സ്വപ്നവരെ. ഏറ്റവും ഒടുവില്‍ മോന്‍സന്റെ വിളയാട്ടം. ഏത് അവതാരം വന്നാലും അതിനെല്ലാം സര്‍ക്കാരിന്റെ ഒത്താശ. ഉമ്മന്‍ചാണ്ടിയായാലും പിണറായി വിജയനായാലും ദേവതട്ടിപ്പുകാര്ക്ക് വിലസാന്‍ അവസരം. ഇന്നലെ നിയമസഭയില്‍ പോലും ഇത് തെളിഞ്ഞു വന്നു. രണ്ടരമാസം മുന്‍പ് മോന്സന് അപകടകാരിയെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് നല്കിയത്രെ. സഭയില്‍ അടിയന്തിര പ്രമേയം ഉന്നയിച്ച് പി.ടി. തോമസാണ് ഇക്കാര്യം പറഞ്ഞത്. ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് ഡിജിപിക്ക് കിട്ടും. ഇതിന്റെ രത്നച്ചുരുക്കം ആഭ്യന്തരമന്ത്രിക്കും ലഭിക്കും. എന്നിട്ടും മോന്സന് സംരക്ഷണം നല്‍കാനും ഡിജിപി രേഖാമൂലം ഉത്തരവിറക്കി. അതും അതീവ രഹസ്യമെന്ന കുറിപ്പോടെ. ആ രഹസ്യരേഖ ഇപ്പോള്‍ എവിടെയും ലഭ്യവുമാണ്.
മോന്സണ് സംരക്ഷണം ഉറപ്പാക്കിയ ഡിജിപി പിരിഞ്ഞപ്പോള്‍, മുന്തിയ പണി തന്നെ മുഖ്യമന്ത്രി ഉറപ്പാക്കിക്കൊടുത്തു. കൊച്ചി മെട്രോയുടെ തലപ്പത്താണ് പ്രതിഷ്ഠ. ഒരു ലക്ഷത്തിലേറെ പെന്ഷന് ലഭിക്കുന്ന വ്യക്തിക്ക് അതിലേറെ തുകയും പ്രതിമാസം കിട്ടുന്ന ഏര്‍പ്പാട്. ഇത്രയും ലഭിക്കുമ്പോള്‍ ഏത് ജോലിയും ഏറ്റെടുക്കും. ലാവലിന്‍ ഏടാകൂടത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ സിബിഐയില്‍ ഇടപെടാം. സ്വപ്ന കേസിലും ശിവശങ്കര്‍ കുരുക്കിലുമൊക്കെ ഒരു കൈ സഹായം ഉറപ്പ്. യുഡിഎഫ് ഭരണത്തില്‍ സരിതക്കും ബിജു രാധാകൃഷ്ണനുമെല്ലാം അധികാരകേന്ദ്രങ്ങളില്‍ സ്വാധീനം ഉണ്ടായത് എങ്ങനെ ?
മോന്‍സണും ഇറ്റലിയില്‍ താമസക്കാരിയായ അനിതക്കും അതൊക്കെ ലഭിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണല്ലോ. കേരള ലോക്സഭയില്‍ അനിതയെ വലിയ സംഘാടകയുടെ ഭാവത്തിലാണ് കണ്ടത്. മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കാനും നടക്കാനുമുള്ള അവസരം കിട്ടിയത് ദൃശ്യങ്ങളായി പ്രചരിക്കുന്നുണ്ട്.
പി.ടി. തോമസ് ഇടുക്കിയിലെ എം.പിആയിരുന്നപ്പോഴുള്ള വിവരങ്ങളാണ് മോന്‍സന്റെ തട്ടിപ്പുകളെക്കുറിച്ച് ഏറെ ബോധ്യമാക്കിയത്. മോന്സന് മാവുങ്കലിന്റെ തട്ടിപ്പുകളുടെ കളരി ഇടുക്കിയിലെ രാജകുമാരിയായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളും കാറും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പു തുടങ്ങിയത്.
അധ്യാപികയായിരുന്ന ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ട് 95 ലാണ് മോന്സന് രാജകുമാരിയിലെത്തിയത്. അന്ന് പണക്കാരനൊന്നുമായിരുന്നില്ല. ഒരു വര്‍ഷത്തോളം സര്‍വ്വേ സ്കൂള്‍ നടത്തി. ഇതോടൊപ്പം എറണാകുളത്ത് നിന്നും ടെലിവിഷനുകള്‍ എത്തിച്ചു വില്‍പ്പന തുടങ്ങി. പഴയ ടെലിവിഷനുകള്‍ നല്കി പലരെയും പറ്റിച്ചു.
തുടര്‍ന്ന് വാഹന തട്ടിപ്പ് രംഗത്തേക്ക് നീങ്ങി. കുറഞ്ഞ വിലയില്‍ കാര്‍ നല്‍കാമെന്നു പറഞ്ഞ് അന്‍പതിനായിരം മുതല്‍ രണ്ടരലക്ഷം രൂപവരെ പലരില്‍ നിന്നും തട്ടിയെടുത്തു. പന്ത്രണ്ട് വര്‍ഷത്തോളം ഇടുക്കി രാജകുമാരയില്‍ താമസിച്ച മോന്സന്, ഭാര്യ സ്വയം വിരമിച്ചതോടെയാണ് ഇവിടെ നിന്നും പോയത്. അതിനു ശേഷവും ഇടക്കിടക്ക് ആഡംബര വാഹനങ്ങളില്‍ ഇയാള്‍ രാജകുമാരിയില്‍ എത്താറുണ്ടായിരുന്നു എന്ന് പറയുന്നു.
ഒരു ജൂവലറി ഉടമക്ക് സ്വര്‍ണ്ണം എത്തിച്ചു നല്‍കാം എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നു. തട്ടിപ്പിനിരയായവര്‍ പൊലീസില്‍ പരാതി നല്‍കാതിരുന്നത് മോന്സന് വളമായി. തമിഴ്നാട് സ്വദേശികളുമായി ചേര്‍ന്ന് റൈസ് പുളളര്‍ തട്ടിപ്പും ഇക്കാലത്ത് നടത്തിയിരുന്നു. വ്യാജ പുരാവസ്തുക്കളുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്സന് മാവുങ്കല്‍ വിവാദം നിയമസഭയില്‍ വലിയ ചര്‍ച്ചയായി. ശബരിമല ആചാരങ്ങളില്‍ ചെമ്പോല വ്യാജമായി ഉണ്ടാക്കിയെന്ന് ആരോപിച്ച പ്രതിപക്ഷം, ജനങ്ങളെ കബളിപ്പിക്കാന്‍ മോന്‍സനും സര്‍ക്കാരും ഒരു ചാനലും ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തി.
മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് സഭയില്‍ ഉയര്‍ന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും, നടപടിയുണ്ടായില്ലെന്നും ബെഹ്റ മോന്‍സനെ സംരക്ഷിച്ചുവെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. എന്നാല്‍ ബെഹ്റയെ സംരക്ഷിച്ച് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്, ബെഹ്റയാണ് മോന്‍സനെതിരെ അന്വേഷണം ആവശ്യപ്പെട്ടതെന്നും സഭയെ അറിയിച്ചത് പലരേയും അത്ഭുതപ്പെടുത്തി. ബെഹ്റ, മോന്‍സന്റെ തട്ടിപ്പ് കസേരയില്‍ ഇരിക്കുന്നതും വാളും പിടിച്ച് എഡിജിപി മനോജ് അബ്രഹാം നില്ക്കുന്നതും സോഷ്യല്‍ മീഡിയകളില്‍ ട്രോളുകളായി പ്രചരിക്കുന്നുണ്ട്.
നിലവില്‍ മോന്സന് പോലീസ് കസ്റ്റഡിയിലാണ്. മോന്‍സനെ ആരൊക്ക കണ്ടു, ആരെയെല്ലാമാണ് ചികിത്സിച്ചത് എന്നൊക്കെ ഇപ്പോള്‍ പറയുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതെല്ലാം പോലീസ് അന്വേഷിക്കേണ്ടതാണെന്നും വ്യക്തമാക്കി. ചെമ്പോല സര്‍ക്കാര്‍ ദുരുപയോഗം ചെയ്തെന്ന ആരോപണം ശരിയല്ല, എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
മോന്‍സന്റേത് തട്ടിപ്പ് ആണെന്ന് അറിയാതെ കാണാന്‍ പോകുന്നവരുണ്ടാകും. അതല്ലാതെ തട്ടിപ്പിന് ബോധപൂര്‍വ്വം സഹായം കൊടുത്തവരുമുണ്ടാകും. ഇതെല്ലാം അന്വേഷിക്കേണ്ടത് പൊലീസ് ആണ്. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ പേര് പറയാതെയായിരുന്നു പിണറായിയുടെ വിമര്‍ശനം. അന്വേഷണത്തില്‍ പ്രതിപക്ഷത്തിന് പരാതി ഉണ്ടോ എന്നും പിണറായി ആരാഞ്ഞു. മോന്‍സനെതിരായ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ പേരില്ല. തട്ടിപ്പില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ ഒരു ധാക്ഷിണ്യവും ഉണ്ടാകില്ലെന്നും കടുത്ത നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏതായാലും തട്ടിപ്പുകാരുടെ ദേവലോകമാണ് കേരളമെന്നേ ഇപ്പോള്‍ തോന്നുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: