ന്യൂദൽഹി : ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി നെഗറ്റീവിൽ നിന്ന് സുസ്ഥിരതയിലേക്ക് ഉയര്‍ത്തിയതായി പ്രഖ്യാപിച്ച് അന്താരാഷ്‌ട്ര റേറ്റിംഗ് ഏജന്‍സിയായ മൂഡിസ്. സർക്കാർ ഇടപെടലുകളും ബാങ്കിംഗ് മേഖലയുടെ കരുത്തുമാണ് ഇന്ത്യയ്‌ക്ക് താങ്ങായതെന്ന് മൂഡിസ് വ്യക്തമാക്കി. യഥാര്‍ത്ഥ ഇന്ത്യന്‍ സമ്പദ്ഘടനയും ധനകാര്യ സംവിധാനങ്ങളും തമ്മിലുള്ള നെഗറ്റീവായ പ്രതികരണങ്ങള്‍ ഇനി കൂടുതല്‍ താഴേക്ക് നിലംപൊത്താനുള്ള അപകടസാധ്യതകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതിനാലാണ് ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയതെന്നും മൂഡിസ് പറയുന്നു.
ഇന്ത്യയ്‌ക്ക് ഉയർന്ന വളർച്ച നിരക്ക് ആർജ്ജിക്കാനുള്ള കഴിവുണ്ട്. ഇന്ത്യൻ സാമ്പത്തിക മേഖലയ്‌ക്ക് ശക്തമായ ആഭ്യന്തര അടിത്തറയുണ്ടെന്നും മൂഡിസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർക്കാർ പണം ഇറക്കിയതും അനുകൂലഘടകമായി. രാഷ്‌ട്രീയ സ്ഥിരതയും സാമ്പത്തിക രംഗത്തെ പോസിറ്റീവായി സ്വാധീനിച്ചു. ബാങ്കുകൾ ശക്തമായതായും നിരീക്ഷണമുണ്ട്. ഇന്ത്യൻ സാമ്പത്തിക രംഗം കരുത്തുറ്റതും വൈവിധ്യമാര്‍ന്നതുമാണെന്ന് അന്താരാഷ്‌ട്ര റേറ്റിംഗ് ഏജൻസിയായ മൂഡിസ്.
ഇന്ത്യയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളർച്ച നിരക്ക് 2019 ലേതിനെ കടത്തിവെട്ടുമെന്നും മൂഡിസ് നിരീക്ഷിക്കുന്നു. 9.3 ശതമാനം വളർച്ചയാണ് മൂഡിസ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സാമ്പത്തിക രംഗം ശക്തമായി തിരിച്ചു കയറുന്നു എന്നതിന്റെ സൂചനയാണിതെന്നും മൂഡിസ് വ്യക്തമാക്കി.
കൊറോണ കാലത്ത് ഇന്ത്യയുടെ ജിഡിപി വളർച്ച നെഗറ്റീവ് ആയി താഴ്ന്നിരുന്നു. ഇതാണ് ഇപ്പോള്‍ സുസ്ഥിരത കൈവരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: