കോഴിക്കോട്: പാര്‍ട്ടി അച്ചടക്കം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. നേതാക്കളുടെ പെരുമാറ്റവും പ്രവര്‍ത്തനവും കൃത്യമായി വിലയിരുത്താന്‍ പാര്‍ട്ടിക്ക് സംവിധാനം ഉണ്ട്. ബിജെപിയില്‍ പുനഃസംഘടന തുടരുമെന്നും സംഘടനയുടെ താഴേത്തട്ടുവരെ അഴിച്ചുപണിയുണ്ടാകുമെന്നും സുരേന്ദ്രന് പറഞ്ഞു. പുതുക്കിയ സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
പാര്‍ട്ടി കമ്മിറ്റികള്‍ ചെറുതാക്കും. പാര്‍ട്ടി ഭാരവാഹികള്‍ സമൂഹമാധ്യമങ്ങള്‍ ഇടപെടുമ്പോള്‍ അതീവശ്രദ്ധ പുലര്‍ത്തണം. പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
പുന: സംഘടനയില്‍ അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. കാസര്‍ഗോഡ്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലാകളിലെ പ്രസിഡന്റുമാരെയാണ് മാറ്റിയത്. പത്തനംതിട്ടയില്‍ വി. എ സൂരജിനെയും കോട്ടയത്ത് ജി. ലിജിന്‍ ലാലിനെയും പാലക്കാട് കെ എം ഹരിദാസിനേയും വയനാട് കെ.പി മധുവിനെയും കാസര്‍ഗോഡ് രവീശ തന്ത്രിയെും പുതിയ പ്രസിഡന്റുമാരായി നിയോഗിച്ചു.
പി.രഘുനാഥ്, ബി.ഗോപാലാകൃഷ്ണന്, ശിവന്‍കുട്ടി എന്നിവരെ പുതിയ സംസ്ഥാന വൈസ് പ്രസിഡന്റുമാരായി നിയമിച്ചു. കെ.ശ്രീകാന്ത്, ജെ.ആര് പത്മകുമാര്‍,രേണു സുരേഷ്, പന്തളം പ്രതാപന് എന്നിവരാണ് പുതിയ സെക്രട്ടറിമാര്‍.ട്രഷററായി ഇ. കൃഷ്ണദാസിനെയും വക്താക്കളായി കെവിഎസ് ഹരിദാസ്, സന്ദീപ് വാചസ്പതി, ടിപി സിന്ധുമോള്‍, നാരായണന് നമ്പൂതിരി, സന്ദീപ് ജി. വാര്യര്‍ എന്നിവരെയും നിയോഗിച്ചു.
ദേശീയ കൗണ്‍സിലിലേക്ക് ജി രാമന് നായരെയും എംഎസ് സമ്പൂര്‍ണയെയും നടനായ ജി കൃഷ്ണകുമാറിനെയും ജി. ഗിരീഷനെയും നിയോഗിച്ചു. ഓഫീസ് സെക്രട്ടറിയായി ജയരാജ് കൈമളിനെയും കിസാന്‍ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനായി ഷാജി ആര് നായരെയും നിയമിച്ചു. സംസ്ഥാന കമ്മറ്റി മെമ്പറായി സജി ശങ്കര്‍, സെല്‍ കോര്‍ഡിനേറ്ററായി അശോകന് കുളനട, സോണല്‍ പ്രസിഡന്റുമാരായി കെ. സോമന് (തിരുവനന്തപുരം), എന്‍ഹരി (എറണാകുളം സോണ്‍), വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍(പാലക്കാട് സോണ്‍) ടിപി ജയചന്ദ്രന് മാസ്റ്റര്‍ (കോഴിക്കോട് സോണ്‍) എന്നിവരെയും പുതുതായി നിയോഗിച്ചു.
സോണല്‍ ഓര്ഗനൈസേഷന് സെക്രട്ടറിമാരായി കോ വൈ സുരേഷ് (തിരുവനന്തപുരം), എല്‍ പത്മകുമാര്‍(ഏറണാകുളം), കെ.പി സുരേഷ് (പാലക്കാട്), ജി കാശിനാഥ് (കോഴിക്കോട്) എന്നിവരെയും പുതുതായി നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: