മുംബൈ: ആഡംബരക്കപ്പലായ കോര്‍ഡെലിയയില്‍ നിന്ന് ലഹരിപ്പാര്‍ട്ടി സംഘത്തെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും സംഘവും കസ്റ്റഡിയിലെടുത്തത് അതി വിദഗ്ധമായ ആസൂത്രണത്തിലൂടെ. മുംബൈയില്‍ ബോളിവുഡ് താരങ്ങളുടേയും വന്‍ വ്യവസായികളുടേയും മക്കള്‍ സ്ഥിരമായി ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നെന്ന് മുന്‍പും എന്‍സിബിക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍, പലരേയും കൃത്യമായി നിരീക്ഷിച്ചെങ്കിലും ഇത്തരക്കാരെ ലഹരിയോടെ കൈയോടെ പിടികൂടാന്‍ എന്‍സിബിക്ക് ആയിരുന്നില്ല. കോര്‍ഡെലിയ ആഡംബരക്കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കുമെന്ന് സമീര്‍ വാങ്കഡെയ്ക്കു വിവരം ലഭിക്കുന്നത് ചില മയക്കുമരുന്ന് ഇടനിലക്കാരുടെ ആശയവിനിമയം ചോര്‍ത്തിയതോടെയാണ്. എന്നാല്‍, വന്‍സ്രാവുകളാണ് കപ്പലില്‍ ഉള്ളതെന്ന് എന്‍സിബിക്ക് വിവരം ഉണ്ടായിരുന്നില്ല. ഫാഷന്‍ ടിവിയുടെ പേരിലാണ് കപ്പലില്‍ ഡാന്‍ഡ് പാര്‍ട്ടി ഒരുക്കിയിരുന്നത്. ഈ പാര്‍ട്ടിയിലേക്ക് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ പ്രത്യേക അതിഥിയാണ് എത്തിക്കുകയായിരുന്നു.
പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ലഹരിമരുന്ന് ആര്യന് ആവശ്യപ്പെട്ടിരുന്നെന്നാണ് വാട്ട്സ്ആപ്പ് സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കോര്‍ഡെലിയ മുംബൈയില്‍ നിന്ന് യാത്ര ആരംഭിക്കുമ്പോള്‍ തന്നെ പതിനൊന്ന് അംഗ എന്‍സിബി സംഘം കപ്പലില്‍ യാത്രക്കാര്‍ എന്ന രീതിയില്‍ കയറിയിരുന്നു. മറ്റൊരു ആറംഗ സംഘം ഗോവയില്‍ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തു കയറിയത്. കപ്പലില്‍ ഗോവയില്‍ നിന്ന് ലഹരി എത്തിക്കുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം എന്‍സിബി നടത്തിയത്. ആദ്യ ദിവസങ്ങളില്‍ രാത്രിയില്‍ നടന്ന പാര്‍ട്ടികളില്‍ തന്നെ ലഹരിയുടെ ഉപയോഗം നടക്കുന്നെന്ന് എന്‍സിബിക്ക് വ്യക്തമായിരുന്നു. എന്നാല്‍, റേവ് പാര്‍ട്ടിയിലെ മുഴുവന്‍ അംഗങ്ങളേയും പിടികൂടുക എന്ന ലക്ഷ്യത്തോടെ സമീറും സംഘവും എല്ലാദിവസവും ആര്യന് അടങ്ങുന്ന സംഘത്തെ നിരന്തരം നിരീക്ഷിച്ചിരുന്നു. എന്‍സിബിയിയെ ചെറുപ്പക്കാരയ ചിലര്‍ ഈ റേവ് പാര്‍ട്ടിയില്‍ കടന്നുകൂടുകയും ചെയ്തു. ഗോവയിലും പിന്നീട് കൊച്ചിയിലും എത്തി കപ്പല്‍ മടങ്ങുന്നതിനിടെയാണ് കപ്പലിന്റെ ക്യാപ്റ്റന്‍ അടക്കം ജീവനക്കാരെ തങ്ങള്‍ എന്‍സിബി സംഘമാണെന്നും കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ എല്ലാവരേയും കസ്റ്റഡിയില്‍ എടുക്കുകയാണെന്നും സമീറും സംഘവും അറിയിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.
ജന്മം കൊണ്ട് മുംബൈക്കാരനാണ് 40കാരനായ സമീര്‍ വാങ്കഡെ. അദ്ദേഹത്തിന്റെ അച്ഛനും പൊലീസ് ഉദ്യോഗസ്ഥനാണ്. 2004ലെ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് ( ഐആര്‍എസ്) ഉദ്യോഗസ്ഥനാണ് വാങ്കഡെ. എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഡപ്യൂട്ടി കമ്മീഷണര്‍ ആയിരുന്നു. പിന്നീട് എന്‍ ഐഎയുടെ അഡീഷണല്‍ എസ്പിയായി. പിന്നീടാണ് നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയില്‍ എത്തിയത്.റവന്യൂ ഇന്റലിജന്‍സ് ഡയറ്കടറേറ്റില്‍ ജോയിന്റ് കമ്മീഷണറായി ജോലി ചെയ്തു. ഇക്കാലത്ത് നികുതിവെട്ടിപ്പ് നടത്തിയ ഒട്ടേറെ താരങ്ങളെ അദ്ദേഹം പിടികൂടിയിട്ടുണ്ട്. വാങ്കഡെയെ നിര്‍ഭയനും കൃത്യനിഷ്ഠയുള്ളവനും ആയാണ് സഹപ്രവര്‍ത്തകര്‍ വാഴ്ത്തുന്നത്.
ബോളിവുഡ് സിനിമകളുടെയും ക്രിക്കറ്റിന്റെയും ആരാധകനായ ഇദ്ദേഹം പക്ഷെ നീതിനിര്‍വ്വഹണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യാറില്ല. ആദ്യം ഡപ്യൂട്ടി കസ്റ്റംസ് കമ്മീഷണറായി മുംബൈ വിമാനത്താവളത്തില്‍ ജോലി ചെയ്യുമ്പോള്‍ അദ്ദേഹം നിരവധി ചലച്ചിത്രതാരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും കസ്റ്റംസ് തീരുവ വെട്ടിക്കാന്‍ ശ്രമിച്ചതിന് അദ്ദേഹം പിടികൂടി. മറാഠി നടി ക്രാന്തി റെഡ്കാറാണ് സമീറിന്റെ ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: