വാഷിങ്ടണ്‍ : പാന്‍ഡോറ രേഖകളിലുള്ള ഇന്ത്യക്കാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ ഉള്‍പ്പടെയുള്ള 91 രാജ്യങ്ങളിലെ പ്രമുഖര്‍ നടത്തിയ അനധികൃത നിക്ഷേപങ്ങളാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. 117 രാജ്യങ്ങളിലെ 150 മാധ്യമസ്ഥാപനങ്ങളില്‍ നിന്നുള്ള 600 പത്രപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഒഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.
പന്‍ഡോറ രേഖകളില്‍ ഇന്ത്യയില്‍ നിന്നുള്‍പ്പടെ നിരവധി പേരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ട് വഴി നികുതി മറികടക്കുന്നതിനായി ഇടപാടുകള്‍ നടത്തിയെന്നാണ് ആരോപണം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, പോപ്പ് ഗായിക ഷക്കീറ, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, സൂപ്പര്‍ മോഡല്‍ ക്ലൗഡിയ ഷിഫര്‍ എന്നിവരുടെ പേരും പട്ടികയിലുണ്ട്.
ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ബ്രിട്ടനിലും അമേരിക്കയിലുമായി ഏഴ് കോടി പൗണ്ട് (703 കോടി രൂപ) രഹസ്യസമ്പത്തുള്ളതും അസര്‍ബൈജാന്‍ ഭരിക്കുന്ന അലിയെവ് കുടുംബം രഹസ്യസമ്പാദ്യം ഒളിപ്പിക്കാന്‍ വിദേശത്ത് ശൃംഖല കെട്ടിപ്പടുത്തതും രേഖകളിലുണ്ട്. പുടിന് മൊണാകോയില്‍ രഹസ്യസമ്പാദ്യമുണ്ടെന്നും ടോണി ബ്ലെയറും ഭാര്യ ചെറി ബ്ലെയറും ലണ്ടനില്‍ 64.5 ലക്ഷം പൗണ്ടിന്റെ വീടു വാങ്ങിയപ്പോള്‍ മൂന്ന് ലക്ഷം പൗണ്ടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഭാര്യ അഞ്ജലി, ഭാര്യാമാതാവ് ആനന്ദ് മെഹ്ത, അനില്‍ അംബാനി, സാമ്പത്തിക തട്ടിപ്പുകേസ് പ്രതി നീരവ് മോദി, സഹോദരി പൂര്‍വി മോദി, കിരണ്‍ മസുന്ദര്‍ ഷാ, ബോളിവുഡ് നടന്‍ ജാക്കി ഷ്രോഫ് തുടങ്ങിയവരാണ് ഇന്ത്യന്‍ പട്ടികയിലുള്ളത്. അനധികൃത സമ്പാദ്യമുള്ള ഇന്ത്യക്കാരെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്റെ മേല്‍നോട്ടത്തിലുള്ള സംഘമാണ് അനേഷണം നടത്തുക. അതോടൊപ്പം എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്, റിസര്‍വ് ബാങ്ക്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും അന്വേഷണം നടത്തും.
ഇന്ത്യയില്‍ നിന്നുള്ള മുന്നൂറിലധികം പ്രമുഖരുടെ വിവരങ്ങളാണ് പന്‍ഡോറ പേപ്പറില്‍ പുറത്തുവന്നിട്ടുള്ളത്. പാക്കിസ്ഥാനില്‍ നിന്നുള്ള 700 പേരുണ്ട്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇവരുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. അതേസമയം ലിസ്റ്റില്‍ ഉള്‍പ്പെട്ട പലരും പ്രമുഖരാണ്. അതുകൊണ്ടുതന്നെ പലരാജ്യങ്ങളിലും ഇതിന് നിയമപരിരക്ഷയുള്ളതിനാല്‍ ഇവര്‍ കുറ്റക്കാരാണെന്ന ആരോപണമുയരില്ലെന്നാണ് റിപ്പോര്‍ട്ട്. സച്ചിന്റെ നിക്ഷേപങ്ങള്‍ നിയമപരമാണെന്നും, അധികൃതര്‍ക്ക് രേഖകള്‍ നല്‍കിയിട്ടുണ്ടെന്നും സച്ചിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ മുന്‍ സൈനിക ഇന്റലിജന്‍സ് മേധാവിക്കും മകനും സീഷെല്‍സില്‍ നിക്ഷേപമുള്ളതായും പന്‍ഡോറ വെളിപ്പെടുത്തല്‍. രാകേഷ് കുമാര്‍ ലൂംമ്പയും മകന്‍ രാഹുല്‍ ലൂംമ്പയും 2016 ല്‍ സീഷെല്‍സില്‍ റാറിന്റ് പാട്‌നേഴ്‌സ് ലിമിറ്റഡ് കമ്പനി രജിസ്റ്റര്‍ ചെയ്തു. 2010 ല്‍ വിരമിക്കുമ്പോള്‍ രാകേഷ് കുമാര്‍ ലൂംമ്പ സൈനിക ഇന്റലിജന്‍സ് മേധാവിയായിരുന്നു.
യുകെയില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയ വ്യവസായി പ്രമോദ് മിത്തലിന് കോടികളുടെ നിക്ഷേപമുള്ളതിന്റെ രേഖകളും പുറത്ത് വന്നിട്ടുണ്ട്. ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ ഉടമസ്ഥാവകാശം മറച്ചുവെച്ച് കമ്പനിയുടെ ഒരു ബില്യണ്‍ ഡോളര്‍ കടക്കാരനാണെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: