പണ്ഡിതനും ഭക്തനുമായിരുന്ന ഒരു ബ്രാഹ്മണനുണ്ടായിരുന്നു. ദാരിദ്ര്യത്തില്‍ മുങ്ങിപ്പോയതുകൊണ്ട് അദ്ദേഹത്തിന് പട്ടിണിയില്‍ ദിവസങ്ങളോളം കഴിയേണ്ടി വന്നു. പട്ടിണി സഹിക്കാനാവാതെ അദ്ദേഹം ഒരു കടുംകൈ ചെയ്യാന്‍ തീരുമാനിച്ചു. പണം കിട്ടാന്‍ മറ്റു മാര്‍ഗ്ഗമൊന്നുമില്ലാത്തുകൊണ്ട് കവര്‍ച്ച ചെയ്യാനായിരുന്നു തീരുമാനം. രാജാവിന്റെ കൊട്ടാരം തന്നെയാണ് കവര്‍ച്ചയ്‌ക്കായി തിരഞ്ഞെടുത്തത്.
ചുമരില്‍ ഒരു വലിയ ദ്വാരമുണ്ടാക്കി കൊട്ടാരത്തില്‍ കയറിപ്പറ്റി. തിളങ്ങുന്ന രത്‌നങ്ങളും, ആഭരണങ്ങളും, പാത്രങ്ങളും, നല്ല നല്ലവസ്ത്രങ്ങളും അയാളുടെ കണ്ണുകളെ എതിരേറ്റു. രത്‌നങ്ങളില്‍ കൈ വയ്‌ക്കാന്‍ നോക്കുമ്പോഴേക്കും പാപചിന്ത അയാളുടെ മനസ്സിലേക്കു കടന്നുവരും. അദ്ദേഹം അതില്‍നിന്നും പിന്‍വാങ്ങും. പാത്രങ്ങളില്‍ കൈവെച്ചപ്പോള്‍ മനസ്സാക്ഷി അയാളെ വേദനിപ്പിച്ചു. വസ്ത്രങ്ങള്‍ മോഷ്ടിക്കാന്‍ ഒരുങ്ങിയപ്പോള്‍ പാപചിന്ത വീണ്ടും അലട്ടി. അങ്ങനെ ആ രാത്രി കഴിഞ്ഞുപോയി. പണ്ഡിതന് ഒന്നും മോഷ്ടിക്കാനായില്ല.
അപ്പോഴേയ്‌ക്കും പ്രഭാതമായി. സേവകന്മാര്‍ രാജാവിനെ ഉണര്‍ത്താനായി സംഗീതാലാപനം തുടങ്ങി. രാജാവു ഉണര്‍ന്നു. പണ്ഡിതന്‍ അപ്പോഴേക്കും രാജാവിന്റെ കട്ടിലിനടിയില്‍ ഒളിച്ചു കഴിഞ്ഞിരുന്നു. ഒരു കവിയും കവിതാസ്വാദകനുമായിരുന്നു രാജാവ്. അദ്ദേഹം തന്റെ നേട്ടങ്ങളേയും ഭാവി സൗഭാഗ്യങ്ങളേയും ഓര്‍ത്ത് ഒരു ശ്ലോകത്തിന്റെ മൂന്നു വരി സ്വയം രചിച്ച് ചൊല്ലി. നാലാമത്തെ വരി ആലോചിക്കുവാന്‍ തുടങ്ങി. പണ്ഡിതന്‍ ഇതു കേട്ടു. അദ്ദേഹം കവിമാത്രമല്ല, ശ്ലോകങ്ങള്‍ സ്വയമായി രചിക്കാന്‍ കഴിവുള്ള ആളുമായിരുന്നു. അദ്ദേഹത്തിനു അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം രാജാവ് രചിച്ച ശ്ലോകത്തിന്റെ നാലാമത്തെ വരി സ്വയം രചിച്ചു ചൊല്ലി.
അതിന്റെ അര്‍ത്ഥം ഇങ്ങിനെയായിരുന്നു, ‘ഈശ്വരന്റെ വരദാനങ്ങളെന്നു അങ്ങു കരുതുന്ന ഈ സൗഭാഗ്യങ്ങളെല്ലാം നശിച്ചു പോകുന്നതാണ്. ഈശ്വരന്‍ മാത്രമേ ശാശ്വതമായിട്ടുള്ളു.’ ഇതു കേട്ട് രാജാവ് അത്ഭുതപ്പെട്ടുപോയി. ഈ കൊട്ടാരത്തില്‍ അതിക്രമിച്ചു കടന്ന ഈ മനുഷ്യന്‍ ആരാണെന്നു ചോദിക്കാന്‍ രാജാവു മറന്നു പോയി. ആ മനുഷ്യനോട് ശ്ലോകം ഒന്നുകൂടി ചൊല്ലുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ തലപോകുമെന്നു ഉറച്ച വിശ്വാസമുണ്ടായിട്ടും ആ പണ്ഡിതന്‍ ശ്ലോകത്തിന്റെ നാലാമത്തെ വരി ഒന്നു കൂടി ചൊല്ലി. ഇപ്പോള്‍ രാജാവു ചോദിച്ചു, ‘നിങ്ങളെന്തിനാണ് കൊട്ടാരത്തിലേക്കു അതിക്രമിച്ചു കടന്നത്?’ രാജാവിന്റെയും ഗുരുവിന്റെയും മുന്നില്‍ അസത്യം പറയരുതെന്നും, മനസ്സിലെ എല്ലാ കാര്യങ്ങളും അവരോടു തുറന്നു പറയണമെന്നും, പണ്ഡിതന്‍ ശാസ്ത്രഗ്രന്ഥങ്ങളില്‍ വായിച്ചിട്ടുണ്ടായിരുന്നു. തന്റെ ദുഷ്‌ചെയിയെപ്പറ്റിയും, അതിലേക്കു നയിച്ച കാരണത്തെപ്പറ്റിയും അദ്ദേഹം തുറന്നു പറഞ്ഞു. പണ്ഡിതന്റെ സത്യസന്ധതയും, തുറന്ന മനസ്സും, ധൈര്യവും കണ്ട് സന്തുഷ്ടനായ രാജാവ് അദ്ദേഹത്തെ ശിക്ഷിക്കുന്നതിനു പകരം കൊട്ടാരത്തിലെ ആസ്ഥാന കവിയായി നിയമിച്ചു.
വിവ: കെ.എന്‍.കെ.നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: