കൊച്ചി: ശബരിമലയുടെ ചരിത്രം അട്ടിമറിക്കാന്‍ 24 ന്യൂസ് ചാനലില്‍ കൊച്ചി ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി അവതരിപ്പിച്ച വ്യാജ വാര്‍ത്തയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. അഡ്വ. ശങ്കു ടി. ദാസാണ് ഡിജിപി അനില്‍കാന്തിന് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. 2018 ഡിസംബര്‍ 10ന് സഹില്‍ ആന്റണി നല്‍കിയ വാര്‍ത്തക്കെതിരെയാണ് പരാതി.
ശബരിമല ക്ഷേത്രത്തെ സംബന്ധിക്കുന്ന 400 വര്‍ഷം പഴക്കമുള്ള ആധികാരിക രേഖ എന്നവകാശപ്പെട്ടാണ് പന്തളം കൊട്ടാരം വക ചെമ്പോല തിട്ടൂരത്തിന്റെ മാതൃകയില്‍ വ്യാജമായി നിര്‍മ്മിച്ച കൃത്രിമ രേഖ ഉയര്‍ത്തി കാട്ടി 24 ന്യൂസ് തെറ്റായ വാര്‍ത്ത അവതരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള മോന്‍സണ്‍ മാവുങ്കല്‍ എന്നയാളുടെ വ്യാജ പുരാവസ്തു ശേഖരത്തിന്റെ ഭാഗമായിരുന്നു ചെമ്പോല തിട്ടൂരവും. കൊല്ലം വര്‍ഷം 843ല്‍ പുറപ്പെടുവിച്ചതും രാജ മുദ്രയുള്ളതും പ്രാചീന കോലെഴുത്ത് മലയാളത്തില്‍ ചെമ്പ് തകിടില്‍ എഴുതപ്പെട്ടതുമായ ആ രേഖ പ്രകാരം ശബരിമല ക്ഷേത്രത്തില്‍ ബ്രാഹ്മണ പൂജാരികള്‍ക്ക് യാതൊരു അധികാരവും ഇല്ലെന്ന് 24 ന്യൂസ് റിപ്പോര്‍ട്ടില്‍ ആരോപിച്ചു.
ശബരിമല ക്ഷേത്രത്തില്‍ ഈഴവര്‍ക്കും മലയരയര്‍ക്കും മാത്രമേ ആരാധനയ്‌ക്കും ആചാരങ്ങള്‍ക്കും അധികാരമുള്ളൂ എന്നും അങ്ങനെയിരിക്കെ താഴ്മണ്‍ മഠം എന്ന തന്ത്രി കുടുംബം ക്ഷേത്രത്തിലെ സുപ്രധാന സ്ഥാനത്ത് എത്തിയതില്‍ ദുരൂഹത ഉണ്ടെന്നും മറ്റുമുള്ള ദുരുദ്ദേശ്യപരമായ പരാമര്‍ശങ്ങളാണ്റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. ഈ വാര്‍ത്ത പിന്നീട് മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു.
ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി ഹൈന്ദവ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി മുന്നേറിയിരുന്ന കാലത്ത് ബോധപൂര്‍വ്വം സമാജത്തില്‍ ജാതിയുടെ പേരിലുള്ള ഭിന്നിപ്പും സ്പര്‍ദ്ധയും സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ള ഗൂഢാലോചന ആയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ തെളിയിക്കുന്നത്. സഹിന്‍ ആന്റണിക്ക് മോന്‍സണ്‍ മാവുങ്കലുമായുള്ള അടുപ്പം ഇതിനകം വാര്‍ത്തയായിട്ടുണ്ട്. മോന്‍സണിന് പല ഉന്നതരെയും പരിചയപ്പെടുത്തി കൊടുത്തതും, അയാളുടെ പല ഇടപാടുകളുടെയും മധ്യസ്ഥന്‍നായതും, പല പരാതികളും സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീര്‍ത്തു കൊടുക്കാന്‍ ഇടപെട്ടതുമെല്ലാം ഇതേ സഹിന്‍ ആന്റണി ആണെന്ന് പലരും വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. സഹിന്‍ ആന്റണിയുടെ അറിവോടും സഹായത്തോടും കൂടിയോ, സഹിന്‍ ആന്റണിയുടെ ആവശ്യപ്രകാരം തന്നെയോ ആണ് പ്രസ്തുത വ്യാജ രേഖ നിര്‍മിക്കപ്പെട്ടത് എന്ന ആരോപണം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാണ്. കൃത്യമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ ഇതിന്റെ യാഥാര്‍ഥ്യം പുറത്തു കൊണ്ടു വരാന്‍ സാധിക്കൂ, പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: