മുംബൈ: മുംബൈ തീരത്ത് കോര്‍ഡെലിയ എന്ന ആഡംബര കപ്പലില്‍ നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് എത്തിയത് പ്രത്യേക ക്ഷണിതാവായി ആണെന്ന് നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി.) കണ്ടെത്തി. ആര്യന് ഖാന്റെ പക്കല്‍ നിന്ന് ബോര്‍ഡിങ് പാസോ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്ത രേഖകളോ കണ്ടെത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആര്യന് റേവ് പാര്‍ട്ടിയിലെ സ്പെഷ്യല്‍ ഗസ്റ്റ് ആയിരുന്നെന്ന് വ്യക്തമായത്. ആര്യനെതിരേ ശക്തമായ തെളിവുകളാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ മുന്നോട്ടു വയ്ക്കുന്നത്. ആര്യന്റെ ലെന്‍സ് കെയ്സില്‍നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്. കൊക്കെയ്നും എംഡിഎംഎയുമാണ് കണ്ടെത്തിയത്. നിരോധിത മയക്കുമരുന്നുകളെക്കുറിച്ച് ആര്യന് ഖാനും സുഹൃത്തുക്കളും ഒന്നിലധികം തവണ ചാറ്റ് ചെയ്തിരുന്നതായി വാട്സ്ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതില്‍ വ്യക്തമായി
കേസില്‍ അറസ്റ്റിലായ സ്ത്രീകള്‍ സൂക്ഷിച്ചിരുന്ന സാനിറ്ററി പാഡുകള്‍ക്ക് ഇടയില്‍ നിന്നും മരുന്ന് പെട്ടികളില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്. റേവ് പാര്‍ട്ടിക്ക് ഇടയില്‍ നടത്തിയ റെയ്ഡില്‍ പെണ്‍കുട്ടികളുടെ സാനിറ്ററി പാഡുകള്‍ക്ക് ഇടയില്‍ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ചരസ്, എംഡിഎംഎ, കൊക്കെയ്ന്‍, മെപോഡ്രോണ്‍ അടക്കമുള്ളവയാണ് റെയ്ഡില്‍ കണ്ടെടുത്തത്.
ശനിയാഴ്ച രാത്രി കപ്പലില്‍ നടന്ന ആഘോഷത്തിനിടയിലാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു ആര്യനെ അറസ്റ്റ് ചെയ്തത്. ആര്യന്ഖാന് പുറമേ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. കോടതിയില്‍ ഹാജരാക്കിയ ആര്യന് അടക്കമുള്ളവരെ ഒക്ടോബര്‍ നാല് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടുസ്ത്രീകളടക്കം അഞ്ചുപേര്‍ എന്‍.സി.ബി.യുടെ കസ്റ്റഡിയിലാണ്. ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഒരുലക്ഷം രൂപയായിരുന്നു ടിക്കറ്റ്. നിരവധി പ്രമുഖരുടെ മക്കള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആര്യന് ഖാന്റെ പങ്കാളിത്തം ഉയര്‍ത്തി നിരവധി ചെറുപ്പക്കാരെ ലഹരിപ്പാര്‍ട്ടിയുടെ സംഘാടകര്‍ കപ്പല്‍ യാത്രയിലേക്ക് ആകര്‍ഷിച്ചു എന്നാണ് വിവരം. അതേസമയം, ആര്യന്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: