തിരുവനന്തപുരം : സംസ്ഥാനത്തെ വിവാദങ്ങള്‍ക്ക് പിന്നാലെ പോലീസിന്റെ ഉന്നത തലയോഗം വിളിച്ചു ചേര്‍ത്ത് മുഖ്യമന്ത്രി. ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് ഓണ്‍ലൈനായാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഇതില്‍ എസ്എച്ച്ഒ മുതല്‍ ഡിജിപി വരെയുള്ളവര്‍ക്ക് പങ്കെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മോന്സന് മാവുങ്കലുമായുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധം ചര്‍ച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രി സേനാംഗങ്ങളുടെ യോഗം വിളിച്ചിരിക്കുന്നത്. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയും മോന്‍സനും തമ്മിലുള്ള ബന്ധം സംസ്ഥാനത്ത് ഇപ്പോള്‍ ചര്‍ച്ചയാണ്. ബെഹ്റ മോന്‍സനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് മുമ്പ് ശുപാര്‍ശ ചെയ്തതായി പോലീസ് വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും പ്രാഥമിക അന്വേഷണം നടത്താതെ അതിനു ശുപാര്‍ശ ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഇഡി അന്വേഷണത്തിന് ശുപാര്‍ശ ചെയ്തെന്ന വാദം തെറ്റാണെന്ന് നേരത്ത പുറത്തുവന്നിരുന്നു. ഇത് സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും മോണ്‍സന്റെ വീടുകള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ബെഹ്റ നിര്‍ദ്ദേശിച്ചതും. മുന്‍ ഡിഐജി സുരേന്ദ്രനും മോണ്‍സണുമായുള്ള ബന്ധവും കേസ് അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ് ഇടപെട്ടതുമെല്ലാം പോലീസ് സേനയെ തന്നെ പരുങ്ങലിലാക്കിയിരിക്കുകയാണ്. മോന്‍സനെതിരായ പീഡന പരാതി പോലീസുകാര്‍ ഒതുക്കിയെന്ന ഇരയുടെ ആരോപണവും സേനക്കാകെ നാണക്കേടായി മാറി. പുരാവസ്തു തട്ടിപ്പിനൊപ്പം അടുത്തിടെ ഉയര്‍ന്ന പോലീസ് ഉള്‍പ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങള്‍ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: