കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിലെ കുണ്ടറ, കരുനാഗപ്പള്ളി തോല്‍വിയില്‍ മുന്‍മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഭര്‍ത്താവ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍ എന്നിവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
കുണ്ടറയിലെ തോല്‍വിയില്‍ മേഴ്സിക്കുട്ടിയമ്മയുടെ ഭര്‍ത്താവും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ബി. തുളസീധരക്കുറുപ്പ്, ജില്ലാ സെക്രട്ടറിയേറ്റംഗം എന്‍.എസ്. പ്രസന്നകുമാര്‍, കുണ്ടറ ഏരിയ സെക്രട്ടറി എസ്.എല്‍. സജികുമാര്‍ എന്നിവര്‍ക്കെതിരെയും കരുനാഗപ്പള്ളി തോല്‍വിയില്‍ ജില്ലാ സെക്രട്ടറിയേറ്റംഗവും കാപ്പെക്സ് ചെയര്‍മാനുമായ സി.ആര്. വസന്തന്, ശൂരനാട്, കരുനാഗപ്പള്ളി ഏരിയ സെക്രട്ടറിമാരായ പി.ബി. സത്യദേവന്, പി. ബാലചന്ദ്രന് എന്നിവര്‍ക്കെതിരെയാണ് നടപടി. ഇരു മണ്ഡലങ്ങളിലെയും തോല്‍വി പരിശോധിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മീഷന് ഇതു സംബന്ധിച്ച ശുപാര്‍ശ ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മറ്റിയോഗം ചര്‍ച്ച ചെയ്തു.
കുണ്ടറയിലെ തോല്‍വിയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. മേഴ്സികുട്ടിയമ്മയുടെ തന്‍പ്രമാണിത്തവും അഹങ്കാരവും പെരുമാറ്റ രീതിയും തോല്‍വിക്കു കാരണമായതായി അന്വേഷണ കമ്മീഷന് കുറ്റപ്പെടുത്തുന്നു. സംസ്ഥാന കമ്മറ്റിയംഗമായതിനാല്‍ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെയുള്ള നടപടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പ് പ്രചരണം ഹൈജാക്ക് ചെയ്തെന്നാണ് തുളസീധരക്കുറുപ്പിനെതിരെയുള്ള ആരോപണം.
കുണ്ടറയില്‍ സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ച പ്രസന്നകുമാറും സജികുമാറും പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തി. നേരത്തെ സിപിഐ അന്വേഷണ റിപ്പോര്‍ട്ടിലും മേഴ്സിക്കുട്ടിയമ്മയുടെ പെരുമാറ്റം തോല്‍വിക്കു കാരണമായതായി ചൂണ്ടിക്കാണിച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ സിപിഐ സ്ഥാനാര്‍ഥിയായിരുന്നെങ്കിലും തോല്‍വിയെ ഗൗരവമായി കാണാന്‍ സിപിഎം തീരുമാനിച്ചിരുന്നു. സി.ആര്. വസന്തന്, സത്യദേവ്, ബാലചന്ദ്രന് എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതായാണ് കമ്മീഷന്റെ കണ്ടെത്തല്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി.ആര്. മഹേഷിന്റെ മുഖ്യതെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനറുടെ സ്ഥാനമാണ് സി.ആര്. വസസന്തന് നിര്‍വഹിച്ചതെന്നാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മഹേഷ് ആദ്യം കണ്ടത് വസന്തനെയാണ്. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത വസന്തന്, തുടര്‍ന്ന് ഓരോ സമയത്തും നിര്‍ദേശങ്ങളും തന്ത്രങ്ങളും പറഞ്ഞു കൊടുത്തിരുന്നു. ഒരവസരത്തില്‍ പരസ്യമായി പോലും വസന്തന് രംഗത്തിറങ്ങിയതായി റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന കമ്മറ്റിയംഗം എസ്.രാജേന്ദ്രന് കണ്‍വീനറും സംസ്ഥാന കമ്മറ്റിയംഗം കെ. സോമപ്രസാദ് എംപി, ജില്ലാ സെക്രട്ടറിയേറ്റംഗം എം. ശിവശങ്കരപ്പിള്ള എന്നിവര്‍ അംഗങ്ങളുമായ അന്വേഷണ കമ്മീഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംസ്ഥാന ആക്ടിങ് സെക്രട്ടറി എം. വിജയരാഘവന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.
കൊല്ലം ജില്ലാ സെക്രട്ടറി സുദേവന്, സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്, മന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. ഇന്നലെ രാവിലെ ജില്ലാ സെക്രട്ടറിയേറ്റും ഉച്ചകഴിഞ്ഞ് ജില്ലാ കമ്മറ്റി യോഗവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: