തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കുരുക്കാനുള്ള നീക്കവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. വീക്ഷണം പത്രം, ജയ്ഹിന്ദ് ചാനല്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ സ്ഥാപനങ്ങളുടെ ചെയര്മാന് സ്ഥാനം രാജിവയ്ക്കുന്നതായി ചെന്നിത്തല കത്ത് നല്‍കിയതിനു പിന്നാലെ സ്ഥാപനങ്ങളുടെ വിശദമായ ഓഡിറ്റിങ്ങിന് കെപിസിസി നിര്‍ദേശം നല്കി.
കെ. കരുണാകരന് ഫൗണ്ടേഷന് ചെയര്മാന് സ്ഥാനം കഴിഞ്ഞ മേയ് 24ന് ചെന്നിത്തല രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള രാജി. കെപിസിസി അധ്യക്ഷന്മാരാണ് ഈ സ്ഥാപനങ്ങളുടെ ചെയര്മാന് സ്ഥാനം വഹിക്കുക എന്ന കാരണം പറഞ്ഞാണ് രാജിക്കത്ത് നല്‍കിയത്. മൂന്ന് സ്ഥാപനങ്ങള്‍ക്കും കൂടി ഏകദേശം 35 കോടി രൂപയുടെ നഷ്ടമുള്ളതായാണ് സൂചന. ഓഡിറ്റ് നടത്തിയ ശേഷം രാജി സ്വീകരിച്ചാല്‍ മതിയെന്നാണ് സുധാകരന്റെ തീരുമാനം. ക്രമക്കേട് കണ്ടെത്തിയാല്‍ ചെന്നിത്തലയെ വരുതിയില്‍ നിര്‍ത്താനാകും.
2005ല്‍ കെപിസിസി പ്രസിഡന്റായപ്പോള്‍ ചെയര്‍മാനായി ചുമതലയേറ്റ ചെന്നിത്തല പിന്നീട് ചെയര്മാന് സ്ഥാനത്തുനിന്നു മാറിയില്ല. കോടികളുടെ നഷ്ടമുള്ളതിനാല്‍ തുടര്‍ന്ന് വന്നവര്‍ സ്ഥാപനങ്ങളുടെ ചെയര്മാന് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: