കൊച്ചി: ശബരിമലയുടെ ചരിത്രം അട്ടിമറിക്കാനും കോടിക്കണക്കിനു ഭക്തരെ കബളിപ്പിക്കാനുമായി 24 ന്യൂസും സിപിഎം പത്രമായ ദേശാഭിമാനിയും ഉപയോഗിച്ച ചെമ്പോല വ്യാജമെന്നു പുരാവസ്തു വകുപ്പ് കണ്ടെത്തി. ശബരിമല പ്രക്ഷോഭം ആളിക്കത്തിയ ഘട്ടത്തില്‍ സിപിഎമ്മും ദേശാഭിമാനിയും അവതരിപ്പിച്ച ഈ ചെമ്പോല, കോടികളുടെ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തില്‍ നിന്നെടുത്തതാണെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജന്മഭൂമി നല്കിയിരുന്നു.
ശബരിമല ദ്രാവിഡ ക്ഷേത്രമാണെന്നും അവിടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലായിരുന്നു എന്നും സ്ഥാപിക്കാനാണ് ചെമ്പോല അടിസ്ഥാനമാക്കി 2018ലും 2019ലും ദേശാഭിമാനി വാര്‍ത്ത നല്കിയത്. എന്നാല്‍ മോന്‍സണിന്റെ വീട്ടിലും മ്യൂസിയത്തിലും പുരാവസ്തു വകുപ്പും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും നടത്തിയ വിശദമായ പരിശോധനയിലാണ് ചെമ്പോല വ്യാജമാണെന്ന് കണ്ടെത്തിയത്. ചെമ്പോലയില്‍ കണ്ടെത്തിയത് അവ്യക്തമായ എഴുത്തുകളാണ്. ഇത് സിനിമാ ഷൂട്ടിങ്ങിന് തയ്യാറാക്കിയതാകാമെന്ന് പരിശോധന നടത്തിയ പുരാവസ്തു വകുപ്പ് അധികൃതര്‍ പറഞ്ഞു. ചെമ്പോലയില്‍ നിന്നു കിട്ടിയ വിവരങ്ങളാണ് സിപിഎമ്മും പിണറായി വിജയനും ശബരിമല ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ക്കെതിരേ ഉപയോഗിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട 351 വര്‍ഷങ്ങള്‍ പഴക്കമുള്ള രേഖയാണെന്ന രീതിയിലാണ് സിപിഎമ്മും സര്‍ക്കാരും പ്രചരിപ്പിച്ചത്. ശബരിമല ദ്രാവിഡ ആരാധനാ കേന്ദ്രമായിരുന്നുവെന്നും തന്ത്രി കുടുംബത്തിന് ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധമില്ലെന്നുമാണ് 2018ല്‍ ദേശാഭിമാനി വാര്‍ത്ത നല്കിയത്.
മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കിളിമാനൂര്‍ സ്വദേശിയായ സന്തോഷാണ് പുരാവസ്തുക്കള്‍ എന്ന പേരിലുള്ള സാധനങ്ങള്‍ മോന്‍സണ് നല്കിയത്. ഇതില്‍ പലതിനും 50 വര്‍ഷത്തില്‍ താഴയേ പഴക്കമുള്ളൂ. ചെമ്പോല, ടിപ്പുവിന്റെ സിംഹാസനം, മോശയുടെ വടി തുടങ്ങിയവയ്‌ക്ക് വളരെ ചുരുങ്ങിയ വര്‍ഷത്തെ പഴക്കം മാത്രമേയുള്ളൂവെന്ന് പുരാവസ്തു വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി.
മോശയുടെ അംശവടി എന്ന പേരില്‍ മോന്‍സണ്‍ പ്രചരിപ്പിച്ചിരുന്നത് ഒരു ഊന്നുവടിയാണ്. ഇത് 2000 രൂപയ്‌ക്കാണ് മോന്‍സണ് നല്കിയതെന്ന് സന്തോഷ് ക്രൈംബ്രാഞ്ചിന് മൊഴി നല്കി. ടിപ്പുവിന്റേതെന്ന് അവകാശപ്പെട്ട് കബളിപ്പിച്ച സിംഹാസനത്തിന് പഴക്കം വെറും അഞ്ച് വര്‍ഷം മാത്രമാണ്. ഫര്‍ണിച്ചര്‍ കടയിലെ ശില്‍പിയെ കൊണ്ടാണ് സിംഹാസനം പണിയിപ്പിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് അവകാശപ്പെട്ട താളിയോലകള്‍ അടുത്ത കാലത്ത് ഉണ്ടാക്കിയതാണ്.
മോന്‍സണിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഡംബര കാറുകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പല കാറുകളും മോന്‍സണ്‍ തന്നെ രൂപമാറ്റം വരുത്തിയവയാണ്. മഹാരാഷ്‌ട്രയില്‍ നിന്നു കൊണ്ടുവന്ന ശേഷമായിരുന്നു രൂപമാറ്റം. ഇവയുടെ ഓണര്‍ഷിപ്പും മാറ്റിയിട്ടില്ല. മോന്‍സണിന്റെ പേരില്‍ ഒരു കാര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിന്റെ രജിസ്ട്രേഷന്‍ 2019നു ശേഷം പുതുക്കിയിട്ടുമില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും പുരാവസ്തു വകുപ്പും മോന്‍സണിന്റെ ശേഖരത്തിലുള്ള വസ്തുക്കള്‍ വിശദമായി പരിശോധിക്കുകയാണ്. വസ്തുക്കളുടെ കൃത്യമായ കാലപ്പഴക്കം കണ്ടെത്താന്‍ ചിത്രങ്ങള്‍ പകര്‍ത്തി വിശദമായ പരിശോധനയും നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: