തൃശൂര്‍: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലെ വന്‍ സാമ്പത്തിക ക്രമക്കേട് സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടും, വിജിലന്‍സ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടും നടപടിയില്ല. വിശ്വ വിജ്ഞാന കോശം തയ്യാറാക്കിയതിന്റെ പേരില്‍ സമര്‍പ്പിച്ചിട്ടുള്ള കണക്കുകളില്‍ 17 ലക്ഷത്തിലേറെ രൂപയുടെ ക്രമക്കേടാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചത്. 17,79,297.59 രൂപ ചെലവഴിച്ചതിന് ആവശ്യമായ ബില്ലുകളോ വൗച്ചറോ ഇല്ലെന്നും ഈ തുക ബന്ധപ്പെട്ടവരില്‍ നിന്നും തിരിച്ച് പിടിക്കണമെന്നുമാണ് 98 ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്നുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകളിലും ഈ തുക എന്ത് ചെയ്തുവെന്ന് ചോദിക്കുന്നുണ്ട്.
ഓഡിറ്റിലെ കണ്ടെത്തലിനെത്തുടര്‍ന്ന് സഹകരണ വകുപ്പ് വിജിലന്‍സിന് പരാതി നല്കി. വിജിലന്‍സിന്റെ അന്വേഷണത്തിലും ഈ ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് സഹകരണ വകുപ്പിന് കൈമാറുകയും ചെയ്തു. എന്നാല്‍ സഹകരണ വകുപ്പ് ഒരു തുടര്‍നടപടിയും സ്വീകരിച്ചില്ല എന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം.
നടപടിയാവശ്യപ്പെട്ട് സഹകരണ വകുപ്പിന് പരാതി നല്‍കിയിരിക്കുകയാണ് സംഘത്തിന്റെ മുന്‍ പബ്ലിക്കേഷന്‍ മാനേജരായ സി.കെ. ആനന്ദന്‍പിള്ള. ഈ തുക എന്ത് ചെയ്തുവെന്ന് അംഗങ്ങളോടും എഴുത്തുകാരോടും പറയേണ്ട ബാധ്യത സര്‍ക്കാരിനും സഹകരണ വകുപ്പിനുമുണ്ട്. അവര്‍ ഒളിച്ചോടുകയാണ്. അദ്ദേഹം പറയുന്നു.
പ്രശസ്ത സാഹിത്യകാരന് സി. രാധാകൃഷ്ണന് എക്സിക്യുട്ടീവ് എഡിറ്ററും കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ആര്. ഗോപാലകൃഷ്ണന് കോ-ഓര്‍ഡിനേറ്ററുമായാണ് വിശ്വ വിജ്ഞാന കോശം തയ്യാറാക്കിയത്. സാമ്പത്തിക ഇടപാടുകളുടെ ചുമതല കോഓര്ഡിനേറ്റര്ക്കാണെന്നാണ് ജോ. രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ തുക ചെലവിനത്തില്‍ വകവെച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഗോപാലകൃഷ്ണന് സമര്‍പ്പിച്ച അപേക്ഷ മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി സഹകരണ വകുപ്പ് നിരസിക്കുകയും ചെയ്തു.
ആര്ബിട്രേഷന് നടപടികളിലൂടെ തുക തിരിച്ച് പിടിക്കണമെന്നാണ് ജോയിന്റ് രജിസ്ട്രാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം വിശ്വവിജ്ഞാന കോശത്തിന്റെ ചുമതല തനിക്കായിരുന്നില്ലെന്നും വ്യക്തിപരമായി ഈ ക്രമക്കേടിന് താന്‍ ഉത്തരവാദിയല്ലെന്നുമാണ് ആര്. ഗോപാലകൃഷ്ണന്റെ വിശദീകരണം.
എഴുത്തുകാരുടെ സാമ്പത്തിക ഉന്നമനത്തിനും കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിനുമായി രൂപം കൊണ്ടതാണ് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം. കേരളത്തിലെ ഒട്ടെല്ലാ എഴുത്തുകാരും സംഘത്തില്‍ അംഗങ്ങളാണ്. എം.പി. പോളിനേയും കാരൂരിനെയും പോലെ പ്രശസ്തരായ എഴുത്തുകാരായിരുന്നു ആദ്യകാല നേതാക്കള്‍. അടുത്തകാലത്തായി മറ്റ് സഹകരണ സംഘങ്ങളെപ്പോലെ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘവും സിപിഎം കയ്യടക്കുകയായിരുന്നു. സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഹരികുമാറാണ് നിലവില്‍ സംഘം പ്രസിഡന്റ്.
സംഘത്തില്‍ 1130 അംഗങ്ങളാണുള്ളത്. എന്നാല്‍ കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്തത് 53 പേര് മാത്രവും. പൊതുയോഗങ്ങള്‍ അംഗങ്ങളെ രേഖാമൂലം അറിയിക്കാറില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ പൊതുയോഗം പാര്‍ട്ടി പത്രത്തിലും മറ്റൊരു പത്രത്തിലും പരസ്യം ചെയ്തിരുന്നു. ഈയിനത്തില്‍ സംഘത്തിന് ചെലവായത് നാല് ലക്ഷം രൂപയോളമാണ്. അംഗങ്ങളെ തപാല്‍ മാര്‍ഗം അറിയിച്ചാല്‍ ഏതാനും ആയിരങ്ങള്‍ മാത്രം ചെലവു വരുന്നിടത്താണിത്. പണമില്ലാത്തതിനാല്‍ പുസ്തക പ്രസിദ്ധീകരണം മുടങ്ങുകയും എഴുത്തുകാരുടെ റോയല്‍റ്റി വിതരണം നിലക്കുകയും ചെയ്തു. ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും മുടങ്ങി. എന്നിട്ടും സംഘത്തില്‍ നടക്കുന്ന ഇത്തരം സാമ്പത്തിക ക്രമക്കേടുകള്‍ പരിഹരിക്കാന്‍ നടപടിയെടുത്തില്ലെന്നാണ് സംഘാംഗങ്ങളായ എഴുത്തുകാര്‍ പരാതിപ്പെടുന്നത്.
ആദ്യകാലത്ത് എഴുത്തുകാരായിരുന്നു സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. പ്രശസ്ത കഥാകൃത്ത് കാരൂരായിരുന്നു ആദ്യ സെക്രട്ടറി. പിന്നീട് സഹകരണ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ സെക്രട്ടറിയെ നിയമിക്കുന്ന പതിവ് തുടങ്ങി. അഞ്ച് വര്‍ഷമാണ് ഡെപ്യൂട്ടേഷന് കാലാവധിയെന്ന് പറയുന്നുണ്ടെങ്കിലും നിലവിലെ സെക്രട്ടറി അജിത്. കെ. ശ്രീധര്‍ പത്ത് വര്‍ഷമായി തുടരുകയാണെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: