മലബാറില്‍ സംഭവിച്ച കാര്യങ്ങള്‍ അവിടത്തെ വസ്തുസ്ഥിതികളെക്കുറിച്ച് ഒട്ടെങ്കിലും അറിവുള്ള ആരെയും ഉത്കണ്ഠാഭരിതരാക്കും. നമ്മുടെ മാപ്പിളസഹോദരന്മാര്ക്ക് ഭ്രാന്തു പിടിപെട്ടുപോയിരിക്കുന്നു എന്നറിഞ്ഞ് ഞാന്‍ അങ്ങേയറ്റം ദുഃഖിക്കുന്നു. അവര്‍ ഉദ്യോഗസ്ഥന്മാരെ കൊന്നതില്‍ ദുഃഖമുണ്ട്. അവര്‍ ഹിന്ദുഭവനങ്ങള്‍ കൊള്ളയടിക്കുകയും നൂറുകണക്കിന് സ്ത്രീപുരുഷന്മാരെ നിരാലംബരാക്കുകയും ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ഇസ്ലാമില്‍ ചേര്‍ക്കുകയും ചെയ്തതിനെക്കുറിച്ചും എനിക്കു ദുഃഖമുണ്ട്. വലിയൊരു തെറ്റാണ് അവര്‍ ചെയ്തിരിക്കുന്നത്. എങ്കിലും നമുക്കു കാര്യങ്ങള്‍ വേണ്ടത്ര വകതിരിവോടെ നോക്കിക്കാണാം. അവരുടെ പ്രവൃത്തി ഇന്ത്യയിലെ മുസ്ലീംങ്ങളുടെ മുഴുവന്‍ പ്രവൃത്തിയല്ല, മുഴുവന്‍ മാപ്പിളമാര്ക്കുപോലും അതില്‍ പങ്കില്ല. എനിക്ക് അറിയാവുന്ന എല്ലാ പ്രധാനപ്പെട്ട മുസല്മാന്മാരും അവരുടെ പ്രവൃത്തികളെ അധിക്ഷേപിച്ചിട്ടുണ്ട്.
അതുകൊണ്ട്, ഹിന്ദു-മുസ്ലീം ഐക്യത്തോടുള്ള നമ്മുടെ കൂറ് ഇതിനെക്കാള്‍ കടുത്ത ആഘാതങ്ങള്‍ക്ക് ഇനിയും പാത്രമായെന്നു വരും. എന്നാല്‍ തെറ്റായി നയിക്കപ്പെട്ടിട്ടുള്ള ഈ മാപ്പിളമാര്‍ ചെയ്തിട്ടുള്ള പ്രവൃത്തികള്‍ക്കൊന്നിനും തന്നെ ഇസ്ലാം സാധൂകരണം നല്‍കുന്നില്ലെന്നും സമചിത്തതയുള്ള ഒരൊറ്റ മുസല്മാന്പോലും ഈ പ്രവൃത്തികള്‍ അംഗീകരിക്കുകയില്ലെന്നും നമുക്കു തീര്ച്ചയായുള്ളിടത്തോളം കാലം ഹിന്ദു-മുസ്ലീം ഐക്യത്തിലുള്ള നമ്മുടെ വിശ്വാസത്തിന് ഇളക്കമുണ്ടായിക്കൂടാ. മറ്റൊരു കാര്യവും നാം മറന്നുപോകരുത്. മലബാറില്‍ സമാധാനം സ്ഥാപിച്ചത് ബ്രിട്ടന്റെ തോക്കുമുനയാണ്. ലോകമെങ്ങും തന്നെ മനുഷ്യര്‍ തമ്മില്‍ പലപ്പോഴും മല്ലടിക്കും. അവര്‍ പലപ്പോഴം അന്യോന്യം തലതല്ലിപ്പൊളിക്കും; പലപ്പോഴും അവര്‍ക്ക് ഭ്രാന്തുപിടിപെടും. എന്നാല്‍ ഏതു കലഹവും ഒതുക്കിത്തീര്‍ക്കുന്നതിന് ഒരിക്കലും പ്രയാസമുണ്ടാകാറില്ല.
മാപ്പിളമാര്‍ക്ക് ആദ്യം കിറുക്കു പിടിച്ചപ്പോള്‍ സര്‍ക്കാരും അതിന്റെ പോലീസും എവിടെയായിരുന്നു? ലഹളയുടെ പ്രാരംഭഘട്ടത്തില്‍ത്തന്നെ ജീവന് രക്ഷ നല്കാന് കഴിയാത്ത ഒരു സര്‍ക്കാര്‍-പിഴയീടാക്കാന്‍ മാത്രം അറിയുന്ന ഒരു സര്‍ക്കാര്‍-അത്തരം സര്ക്കാരിനെക്കൊണ്ടെന്താണു പ്രയോജനം? അപകടസന്ധികള്‍ നേരിടാന്‍ സന്നദ്ധതയില്ലാത്ത ഒരു പോലീസിനെ, ഒരൊറ്റ ജീവന് അപകടത്തിലായാലുടനെ ആയിരം പേരോട് പകരം വീട്ടുന്ന ഒരു പോലീസിനെ, വച്ചുപുലര്‍ത്തുന്ന ഈ സര്‍ക്കാരിനെക്കൊണ്ടെന്താണ് പ്രയോജനം? ആത്മരക്ഷയ്ക്കുവേണ്ടി ഹിന്ദുക്കള്‍ക്ക് ആയുധങ്ങള്‍ കൊടുക്കാതെ അവരെ കൈവിട്ട ഈ സര്‍ക്കാരിനെക്കൊണ്ടെന്താണ് പ്രയോജനം? മലബാറിലെ മാപ്പിളമാരും എന്നെപ്പോലെ അഹിംസയെ ഒരു ആത്യന്തിക പ്രമാണമായി കൈക്കൊള്ളുന്നവരല്ല. മാപ്പിളമാരെയും ആലി സഹോദരന്മാരുടെ അറസ്റ്റിനെയും പരസ്പരം ബന്ധപ്പെടുത്തി ബോംബെ ഗവണ്മെന്റ് നമ്മുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിച്ചിരിക്കുകയാണ്.
നിസ്സഹകരണപ്രസ്ഥാനം ജനിക്കും മുമ്പുതന്നെ ഇത്തരം ലഹളകള്‍ നാടിന്റെ പല ഭാഗത്തും ഉണ്ടായിട്ടുണ്ട്. അന്നും ആദ്യഘട്ടങ്ങളില്‍ ജീവധനാദികള്‍ രക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കഴിവില്ലായ്മ പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്നു കൊല്ലം മുമ്പ് ഷഹാബാദില്‍ സംഭവിച്ചത് അതാണ്. അവിടെ ക്ഷോഭിച്ചിളകിയ ഹിന്ദുക്കള്‍ മുസല്മാന്മാര്ക്കെതിരായി കൊള്ളയും, കൊള്ളിവയ്പും നടത്തി. അത് ഒരാഴ്ചയോ, മൂന്നുനാലു ദിവസമെങ്കിലുമോ നീണ്ടുനിന്നു. പല ഗ്രാമങ്ങളിലും അത് സംഭവിച്ചു. എന്നിട്ട് അന്ന് എവിടെപ്പോയി സര്‍ക്കാരിന്റെ സംരക്ഷണാധികാരം? അതുകൊണ്ട് മാപ്പിളലഹളയില്‍ നിന്ന് പഠിക്കാനുള്ള ഒരേയൊരു പാഠം മുന്‍കൂട്ടി തീരുമാനിച്ച ഒരു പരിപാടിയില്‍ നിന്ന് നാം ഒരിഞ്ചുപോലും അകന്നുമാറിക്കൂടാ എന്നു മാത്രമാണ്. ഇരട്ടി ശക്തിയോടെ നാം മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കണം. അങ്ങനെ നമുക്ക് സ്വരാജ് നേടിയെടുക്കാന്‍ സാധിക്കണം.
(1921 സപ്തംബര്‍ 19)
പ്രതികരിക്കാൻ ഇവിടെ എഴുതുക: