ആലപ്പുഴ: ശബരിമലയ്‌ക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 24 ന്യൂസ് ചാനലിനെതിരെ പ്രതിഷേധം ശക്തം. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരം നടക്കുന്ന വേളയില്‍ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ വ്യാജ ചെമ്പോല കാണിച്ച് ശബരിമലയിലെ ആചാരങ്ങള്‍ക്കെതിരെ വ്യാജവാര്‍ത്ത നല്‍കി ഹൈന്ദവ ഐക്യം തകര്‍ക്കാനാണ് ചാനല്‍ ശ്രമിച്ചത്.
24 ന്യൂസ് ചാനലിന്റെ ആലപ്പുഴ ബ്യൂറോയിലേക്ക് വിശ്വഹിന്ദു പരിഷത്തിന്റെയും ബജറംഗദളിന്റെയും നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തി. വിഎച്ച്പി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. എന്‍.വി. സാനു ഉത്ഘാടനം ചെയ്തു. വിഎച്ച്പി ജില്ലാ സെക്രട്ടറി രതീഷ് തകഴി, ബജറംഗദള്‍ ജില്ലാ സംയോജകന്‍ കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധമാര്‍ച്ചിന് ജില്ലാ ജോ.സെക്രട്ടറി പി. ഹരി, ജില്ലാ ഖജാന്‍ജി സോമനാഥനായിക്, പ്രഖണ്ഡ് സെക്രട്ടറിമാരായ കൃഷ്ണ ചന്ദ്രന്‍, ജയകുമാര്‍, വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ശബരിമല ക്ഷേത്രത്തിനെ തകര്‍ക്കുക, ഹൈന്ദവരെ തമ്മിലടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോട് വ്യാജ വാര്‍ത്ത നിര്‍മ്മിച്ച് പ്രചരിപ്പിച്ച 24 ന്യൂസ് മാപ്പ് പറയണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 29 സെപ്തംബര്‍ 2021 ശബരിമല ക്ഷേത്രത്തിനെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ച് വ്യാജ രേഖകള്‍ സംഘടിപ്പിച്ചാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. സംസ്ഥാന സര്‍ക്കാറിന്റെയും പോലീസിന്റെയും തണലില്‍ വളര്‍ന്ന മോന്‍സണ്‍ എന്ന വ്യക്തിയുമായി ചേര്‍ന്ന് ചാനല്‍ നടത്തിയ ഈ ഗൂഢനീക്കം എന്തിനായിരുന്നു എന്നും ചാനല്‍ അയ്യപ്പ വിശ്വാസികളോടും ജനങ്ങളോടും വ്യക്തമാക്കണം. അല്ലാത്ത പക്ഷം ചാനല്‍ ബഹിഷ്‌കരിക്കാന്‍ ജനങ്ങളോട് ആവശ്വപ്പെടേണ്ടി വരും എന്ന് വി എച്ച് പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍ രാജശേഖരന്‍ വ്യക്തമാക്കി.
മോന്‍സണിന്റെ കലൂരെ വീട്ടിലേക്ക് വി എച്ച് പി നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജശേഖരന്‍. വ്യാജ രേഖകള്‍ ചമച്ചതിനും, തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു ആചാര ലംഘനത്തിനു വഴിയൊരുക്കിയ നടപടിക്കും ക്രിമിനല്‍ ഗൂഡലോചനക്കും നിയമ നടപടികള്‍ക്ക് ചാനലിനെ വിധേയമാക്കണമെന്ന് ദേവസ്വം ബോര്‍ഡിനോട് വി എച്ച് പി ആവശ്യപ്പെടുന്നു. ഇത് സഹിന്‍ ആന്റണി എന്ന ഒരു വ്യക്തി നടത്തിയ നീക്കമാണ് എന്ന് വിശ്വസിക്കാന്‍ കഴിയുന്നതല്ല.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരം നടക്കുന്ന വേളയില്‍ ഇല്ലാത്ത രേഖകള്‍ കാട്ടി ഹൈന്ദവ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ നടത്തിയ ശ്രമമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. മറ്റ് ഹൈന്ദവ സംഘടനകളുമായി ചേര്‍ന്ന് ചാനലിന്റെ ഓഫീസുകളിലേക്കുള്ള മാര്‍ച്ച് അടക്കമുള്ള ശക്തമായ സമരപരിപാടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും എന്ന് വി എച്ച് പി സംസ്ഥാന പ്രചാര്‍ പ്രമുഖ എസ്സ് സഞ്ജയന്‍ വ്യക്തമാക്കി.
400 വര്‍ഷം പഴക്കമുള്ള ‘ചെമ്പോല തിട്ടൂരം’ എന്ന പേരിലാണ് മോന്‍സണ്‍ മാവുങ്കല്‍ തയാറാക്കിയ വ്യാജരേഖ 24 ന്യൂസ് അവതരിപ്പിച്ചത്. ശബരിമലയില്‍ ആചാരങ്ങള്‍ നടത്താന്‍ അധികാരവും ചുമതലയും ലഭ്യമായ സമുദായങ്ങളേയും കുടുംബങ്ങളേയും സംബന്ധിച്ച ഏറ്റവും പഴക്കമേറിയതും ആധികാരികവുമായ രേഖയാണ് കൊല്ല വര്‍ഷം 843 ല്‍ പുറപ്പെടുവിച്ച ചെമ്പോല തിട്ടൂരമെന്നായിരുന്നു 24 ന്യൂസ് വാര്‍ത്ത നല്‍കിയത്.
തട്ടിപ്പ്കാരന് ഒത്താശ ചെയ്ത് ആരോപണ വിധേയനായ 24 ന്യൂസിലെ കൊച്ചി ബ്യൂറോ ചീഫ് സഹിന്‍ ആന്റണിയാണ് ഈ വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കിന്റെ കേസ് മുറുകുമ്പോള്‍ 24 ന്യൂസും പ്രതിക്കൂട്ടിലാണ്. 24 ന്യൂസിന്റെ കൊച്ചി റിപ്പോര്‍ട്ടറാണ് മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നാണ് പരാതിക്കാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: