കോഴിക്കോട്: തുഷാരഗിരിയിലെ വനം ഭൂമി സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് പി.ടി. തോമസ് എം.എല്‍.എ. കേരള നദീ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ തുഷാരഗിരി സന്ദര്‍ശന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടുത്തെ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കാനുള്ള നീക്കം അവസാനിപ്പിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഈ വിഷയം അവതരിപ്പിക്കും. വെള്ളച്ചാട്ടങ്ങളാല്‍ അതിസുന്ദരമായ തുഷാരഗിരി വര്‍ഷത്തില്‍ ഒരു കോടി രൂപ വരുമാനമുള്ള പ്രകൃതി സൗഹൃദ സന്ദര്‍ശന കേന്ദ്രമാണ്. അത് നിലനിര്‍ത്താന്‍ ഭൂമി വനം വകുപ്പില്‍ തന്നെ തുടരേണ്ടതുണ്ട്. ഭൂമി അന്യാധീനപ്പെട്ടാല്‍, പ്രകൃതി സൗഹൃദ സന്ദര്‍ശന കേന്ദ്രത്തിന്റെ തകര്‍ച്ചയാകും ഫലം. പരിസ്ഥിതി ലോലമേഖല എന്ന നിലയിലും ഭൂമിയുടെ കൈമാറ്റം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും- പി .ടി. തോമസ് പറഞ്ഞു.
അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കിയാണെങ്കിലും വനഭൂമി വനം വകുപ്പിന്റെ ഉടമസ്ഥതയില്‍ തന്നെ തുടരാന്‍ നടപടി വേണമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് പറഞ്ഞു. കേരള നദീസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ടി.വി. രാജന്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രൊഫ.ഗോപാലകൃഷ്ണ മൂര്‍ത്തി, കെ. രാജന്, ഫയര്‍ ഫ്രീ ഫോറസ്റ്റ് സംഘടനാ നേതാക്കളായ പി. സുലൈമാന്‍, പി. ശ്രീധരന്‍നായര്‍, ജില്ലാസെക്രട്ടറി ശബരി മുണ്ടക്കല്‍, കെ. ദേവദാസ്, ശ്രീധരന് എലത്തൂര്‍, പി.ടി. മുഹമ്മദ് കോയ, പി. ഉഷാദേവി തുടങ്ങിയവര്‍ നേതൃത്വം നല്കി. എഐസിസി അംഗം ഹരി പ്രിയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസ്സി ചാക്കോ തുടങ്ങിയവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: