കോഴിക്കോട്: ദുബായ് ജൈടെക്സ് മേളയില്‍ കേരളത്തില്‍നിന്ന് പങ്കെടുക്കുന്ന 30 കമ്പനികളില്‍ 21 ഉം കോഴിക്കോട്ട് നിന്ന്. ആഗോള ടെക്നോളജി എക്സിബിഷനായ ജൈടെക്സ് ഒക്ടോബര്‍ 17 മുതല്‍ 21 വരെയാണ്.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള നൂറുകണക്കിന് കമ്പനികള്‍ പങ്കെടുക്കുന്ന വാര്‍ഷിക മേളയാണിത്. സര്‍ക്കാര്‍ സൈബര്‍ പാര്‍ക്ക്, യുഎല്‍ സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് കേരളത്തില്‍ നിന്ന് പങ്കെടുക്കുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഐടി കമ്പനികളുടെ പ്രധാന വിപണിയാണ് ഗള്‍ഫ്മേഖല. ബിസിനസ് വളര്‍ത്താനുള്ള വലിയ അവസരങ്ങളാണ് മേള കമ്പനികള്‍ക്ക് തുറന്നിടുന്നത്. മലബാറിലെ ഐടി കയറ്റുമതിയുടെ ഏറിയ പങ്കും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ്. കയറ്റുമതിയില്‍ ഓരോ വര്‍ഷവും വളര്‍ച്ച കൈവരിക്കുന്നുമുണ്ട്.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കേരളത്തിലെ ഐടി കമ്പനികള്‍ക്ക് നേരിട്ട് പങ്കെടുക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ രാജ്യാന്തര ടെക്ക് മേള കൂടിയാണിത്. സ്റ്റാളുകള്‍ ഉള്‍പ്പെടെ ജൈടെക്സില്‍ പങ്കെടുക്കുന്നതിന് കേരളത്തില്‍ നിന്നുള്ള കമ്പനികള്‍ക്ക് വരുന്ന ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കേരള ഐടിയാണ്. കേരള ഐടി പാര്‍ക്സ് സിഇഒ ജോ എം തോമസും മേളയില്‍ പങ്കെടുക്കും.
പ്രവാസി വ്യവസായികളെ പങ്കെടുപ്പിച്ച് പ്രത്യേക മീറ്റും കേരള ഐടി സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നതിനു പുറമെ പുതിയ വിപണിയും പങ്കാളികളെയും കണ്ടെത്താനും ജൈടെക്സ് ഐടി കമ്പനികള്‍ക്ക് വഴിയൊരുക്കം. ചെറുകിട, ഇടത്തരം ഐടി കമ്പനികള്‍ക്ക് രാജ്യാന്തര വിപണിയിലേക്കുള്ള മികച്ച വാതില്‍കൂടിയാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും ജനപങ്കാളിത്തമുള്ള ഈ മേള. കൂടുതല്‍ നിക്ഷേപങ്ങളും വിപണിയും തേടുന്ന കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇത് മികച്ച വേദിയാകും. കേരളത്തിലെ 19 സ്റ്റാര്‍ട്ടപ്പ് കമ്പനികളും ജൈടെക്സില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: