തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ലക്ഷക്കണിനു രൂപയുടെ വീട്ടുകരം തട്ടിപ്പിന് നേതൃത്വം നല്‍കിയത് സിപിഎമ്മിന്റെ ഇടതു സംഘടനയായ മുനിസിപ്പല്‍ സ്റ്റാഫ് യൂണിയന്റെ സംസ്ഥാന വനിതാ നേതാവിന്റെ നേതൃത്വത്തില്‍. പണം കെട്ടിവച്ച് കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎം ശ്രമം നടത്തുന്നു.
നേമം സോണില്‍ 25 ലക്ഷം രൂപയും ആറ്റിപ്ര സോണില്‍ 1.09 ലക്ഷവും, ഉള്ളൂര്‍ സോണില്‍ അഞ്ച് ലക്ഷം രൂപയും കെട്ടിട നികുതിയിനത്തില്‍ പിരിച്ച തുകയാണ് കോര്‍പ്പറേഷനില്‍ അടയ്ക്കാതെ വെട്ടിപ്പ് നടത്തിയത്. ബില്‍ കളക്ടര്‍മാര്‍ വീടുകളില്‍ പോയി പിരിച്ച തുക നഗരസഭയിലെ സോണല്‍ ഓഫീസുകളില്‍ എത്തിച്ചിട്ടും കമ്പൂട്ടറില്‍ രേഖപ്പെടുത്താതെ തട്ടിപ്പ് നടത്തുകയായിരുന്നു. 2020 ഫെബ്രുവരി മുതലുള്ള കണക്കുകള്‍ നഗരസഭാ ആഡിറ്റ് വിഭാഗം പരിശോധന നടത്തിയപ്പോള്‍ തട്ടിപ്പ് പുറത്തുവന്നു. വിശദമായ പരിശോധനയിലാണ് മൂന്ന് സോണലിലെ അഴിമതി കണ്ടെത്തിയത്. ഇനി നാല് സോണലുകളില്‍ കൂടി പരിശോധന നടത്താനുണ്ട്. വിശദമായ പരിശോധനയില്‍ തട്ടിപ്പ് കോടികള്‍ കടന്നേക്കാം.
സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയാല്‍ വകുപ്പ് തല നടപടി എടുത്ത ശേഷം പോലീസില്‍ പരാതി നല്‍കണം. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വിജിലന്‍സോ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തി തട്ടിപ്പ് മുഴുവന്‍ പുറത്തുകൊണ്ടുവരണം. വകുപ്പ്തല നടപടിയുടെ ഭാഗമായി ജീവനക്കാരനെ സസ്പെന്റ് ചെയ്ത ശേഷം പത്ത് ദിവസത്തിനകം കൗണ്‍സിലിനെ വിവരം അറിയിക്കുകയും വേണം. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച യാതൊരു അജണ്ടയും ഇല്ലായിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് മേയര്‍ ധിക്കാരപരമായി മറുപടി നല്‍കിയത് ‘തട്ടിപ്പ് ഞങ്ങള്‍ കണ്ടെത്തി അവര്‍ക്കെതിരെ നടപടി എടുത്തു’ എന്നാണ്. നിലവില്‍ ആറ്റപ്ര സോണലിലെ തട്ടിപ്പ് മാത്രമാണ് ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയത്.
തട്ടിപ്പ് കണ്ടെത്തിയതില്‍ വച്ച് ഏറ്റവും കൂടുതല്‍ തുകയായ 25 ല ക്ഷം രൂപ നേമം സോണലിലാണ്. ഇതിനു നേതൃത്വം നല്കിയതാകട്ടെ സിപിഎം സംഘടനയായ കേരള മുനിസിപ്പല്‍ യൂണിയന്റെ വനിതാ നേതാവും നേമത്തെ സൂപ്രണ്ട് ശാന്തിയും. അതിനാല്‍ പോലീസില്‍ പരാതി നല്‍കിയില്ല. കണക്കില്‍ പിഴവ് പറ്റിയെന്നാണ് പ്രചരിപ്പിക്കുന്നത്. കൃത്രിമ കണക്ക് കാണിച്ച് പണം തിരികെ ഒടുക്കാനുള്ള നീക്കത്തിലാണ് സിപിഎം നേതൃത്വം.
ഐകെഎം എന്ന സോഫ്റ്റ് വെയര്‍ കമ്പനിയാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇത് ദല്‍ഹിയിലെ സിപിഎം നേതാവിന്റെ ബന്ധു നടത്തുന്ന ഐടി കമ്പനിയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: