തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ കെട്ടിട നികുതി തട്ടിപ്പ് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക്. വിഷയം അടിയന്തരമായി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യണമെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഭരണപക്ഷം ബഹളം വയ്ക്കുകയും മേയര്‍ ബിജെപി കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി സഭാതലത്തില്‍ നടക്കുന്ന പ്രതിഷേധ സമരം രാവും പകലുമായി തുടരുകയാണ്.
ഇന്നലെ കോര്പ്പറേഷന് പരിസരം സമരമുഖരിതമായിരുന്നു. രാവിലെ മുതല്‍ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പല സംഘങ്ങളായി പ്രതിഷേധ പ്രകടനങ്ങളും കോര്പ്പറേഷന് കവാടത്തില്‍ ധര്‍ണയും നടത്തി. ഒന്നിലേറെ തവണ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പോലീസ് ബലപ്രയോഗം നടത്തിയത് കൂടുതല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് വി.ടി. രമ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഈ സമയം സഭയ്ക്കുള്ളില്‍ പ്രതിഷേധിക്കുന്ന കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷനു മുന്നില്‍ ധര്‍ണ നടത്തി. കോര്പ്പറേഷന് കെട്ടിടം മുഴുവന്‍ പോലീസ് നിയന്ത്രണത്തിലാണ്. ബിജെപിയുടെ അപ്രതീക്ഷിതവും ശക്തവുമായ പ്രതിഷേധത്തില്‍ നഗരഭരണകൂടവും ആശങ്കയിലായിട്ടുണ്ട്. ഇതിനിടയില്‍ വൈകിട്ട് 8.30 ഓടെ കേന്ദ്രമന്ത്രി വി.മുരളീധരന് കൗണ്‍സിലര്‍മാരെ സന്ദര്‍ശിച്ചു.
ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകരും നേതാക്കളുമായ ഉദ്യോഗസ്ഥര്‍ സാധാരണക്കാരുടെ പണം തട്ടിയെടുത്ത കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. നികുതിദായകരുടെ ആശങ്ക പരിഹരിക്കുകയും കുറ്റക്കാര്‍ക്കെതിരെ പോലീസ് അന്വേഷണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതുവരെ പിന്നോട്ടില്ലെന്നും വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു. ഇതിനിടെ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന് എംഎല്‍എ ബിജെപി കൗണ്‍സില്‍മാരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു. മേയറെ കണ്ടിട്ടുവരാമെന്ന് പറഞ്ഞുപോയ അദ്ദേഹം മേയറുടെ ചേംബറില്‍ നിന്ന് അരിശത്തോടെ പുറത്തേക്കിറങ്ങി വാഹനത്തില്‍കയറി പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: