തിരുവനന്തപുരം കേരളത്തിലെ ആദ്യ നഗരസഭയാണ്. 1940 ഒക്ടോബര്‍ 30നാണ് കോര്‍പ്പറേഷനായത്. തിരുവനന്തപുരം താലൂക്കിന് പുറമെ നെയ്യാറ്റിന്‍കര താലൂക്ക് ഭാഗികമായും ഉള്‍പ്പെട്ട നഗരസഭാ പരിധിയില്‍ 23 റവന്യൂ വില്ലേജുകള്‍ ഉള്‍പ്പെടുന്നുണ്ട്. പ്രകൃതിദത്തമായ കുന്നുകളും നീര്‍ച്ചാലുകളുമുള്ള നഗരസഭ ഒരുകാലത്ത് രാജ്യത്തുതന്നെ മികച്ച പട്ടണമെന്ന പേര് സമ്പാദിച്ചിരുന്നു. രാഷ്ട്രീയ രംഗത്തെ പ്രശസ്തരും പ്രഗത്ഭരുമെല്ലാം മേയര്‍മാരായി വന്നിട്ടുണ്ട്. ഇന്നിപ്പോള്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ തിരുവനനന്തപുരത്തെന്ന ഖ്യാതിയില്‍ ഒതുങ്ങിയിരിക്കുന്നു. നീര്‍ച്ചാലുകള്‍ അടഞ്ഞതുകാരണം ചാറ്റല്‍മഴ പെയ്താല്‍പോലും നഗരജീവിതം നരകതുല്യമാകും. മാലിന്യങ്ങളുടെ കൂമ്പാരവും ദുര്ഗന്ധവുമാണിപ്പോള് നഗരത്തിന്റെ മേന്മ. ഇന്ത്യയിലെ പുകള്‍പെറ്റ നൂറു നഗരങ്ങളെ സൃഷ്ടിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രൂപം നല്കിയ പദ്ധതിയില്‍ തിരുവനന്തപുരവുമുണ്ട്. എന്നാല്‍ ആ പദ്ധതിയുടെ നീക്കിയിരിപ്പ് പൂര്‍ണമായും പ്രയോജനപ്പെടുത്തി മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ നഗരഭരണക്കാര്‍ക്ക് കഴിഞ്ഞില്ല എന്ന വസ്തുത ചോദ്യചിഹ്നമായി നില്ക്കുന്നു. അതല്ല ഇന്നത്തെ ചിന്താവിഷയം.
സംസ്ഥാന ഭരണത്തിന്റെ സിരാകേന്ദ്രമായ തിരുവനന്തപുരം നഗരസഭ ആസ്ഥാനം ഇന്ന് സമരമുഖമാണ്. യോഗങ്ങളില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പോലും നല്കാന് ഭരണക്കാര്‍ തയ്യാറാകുന്നില്ല. പാവപ്പെട്ട പിന്നാക്ക ദുര്‍ബല വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മറ്റുള്ളവര്‍ തട്ടിയെടുത്ത നിരവധി സംഭവങ്ങള്‍ ഒരുവശത്ത്. നഗരവാസികള്‍ ഒടുക്കിയ നികുതി വരുമാനം പോക്കറ്റിലാക്കിയ പരാതികള്‍ മറുവശത്ത്. അഴിമതിയും കെടുകാര്യസ്ഥതയും അലംഭാവവുമായിരിക്കുന്നു നഗരഭരണത്തിന്റെ മുഖമുദ്ര. എത്ര പറഞ്ഞിട്ടും ഒരു ഫലവുമില്ലാതായപ്പോഴാണ് മുഖ്യ പ്രതിപക്ഷമായ ബിജെപിക്ക് സമരരംഗത്തേയ്ക്ക് ഇറങ്ങേണ്ടി വന്നത്. ആദ്യമൊക്കെ യുഡിഎഫ് അംഗങ്ങളുടെ മൗനം ദുര്‍ഭരണത്തിന് പിന്‍ബലം എന്ന പോലെയായി. ഏറ്റവും ഒടുവില്‍ അവര്‍ക്കും സമരരംഗത്ത് വരേണ്ടി വന്നു. കഴിഞ്ഞ ദിവസം നഗരസഭയില്‍ ശക്തമായ വിമര്‍ശനം നടത്തിയ പിടിപി നഗര്‍ അംഗം അഡ്വ. ഗിരികുമാറിനെ സഭയില്‍ നിന്നും പുറത്താക്കുന്ന അവസ്ഥവരെയുണ്ടായി.
ചെറുപ്പക്കാരിയായ മേയറെ അവരോധിച്ചു എന്ന് വീമ്പ് നടിക്കുമ്പോഴാണ് അഴിമതിയുടെ കുത്തൊഴുക്ക് ഉണ്ടായിരിക്കുന്നത്. നടക്കാത്ത ആറ്റുകാല്‍ പൊങ്കാലയുടെ മാലിന്യം നീക്കം ചെയ്യാന്‍ വാഹനം വാടകയ്ക്ക് എടുത്തതിന്റെ പേരില്‍ അഴിമതി മുഴച്ചു നില്ക്കുന്നു. ഹിറ്റാച്ചി അഴിമതി, മൊബൈല്‍ മോര്‍ച്ചറി, ഫിക്സഡ് ഡെപ്പോസിറ്റ്, ഇടയാര്‍ ഭൂമി തട്ടിപ്പ്, ഉറവിട മാലിന്യ സംസ്കരണം, വീട്ടുകരം തട്ടിയെടുക്കല്‍, പട്ടികജാതി ക്ഷേമനിധി തട്ടിയെടുക്കല്‍, വാഹനക്രമക്കേട് തുടങ്ങിയവ ബിജെപി പൊതു ജനസമക്ഷം ഉയര്‍ത്തികൊണ്ടു വന്ന അഴിമതികളാണ്. സംസ്ഥാന ഭരണത്തിന്റെ പിന്‍ബലത്തില്‍ പല അഴിമതികളും മൂടിവയ്ക്കാനാണ് കഴിഞ്ഞ ഒമ്പതു മാസവും കോര്‍പ്പറേഷനിലെ ഭരണ നേതൃത്വം ശ്രമിച്ചത്. നഗരസഭയിലെ അഴിമതിക്കഥ അനുദിനം പുറത്തുവന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നത്. അഴിമതിയെ കുറിച്ച് സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. ആരോപണ വിധേയരായവര്‍ സ്വന്തം കക്ഷി യൂണിയന്‍കാരാണെന്നതിനാല്‍ അവരെ സംരക്ഷിക്കാനും സഹായിക്കാനുമാണ് ശ്രമിക്കുന്നത്.
നഗരസഭയുടെ ആസ്തി സംരക്ഷണവും റവന്യൂ വരുമാനവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ നല്കിയ നോട്ടീസിനെ തുടര്‍ന്ന് വിളിച്ചു കൂട്ടിയ കൗണ്‍സില്‍ യോഗം ബഹളത്തില്‍ കലാശിച്ചതോടെയാണ് പൊതുജനങ്ങളിലേക്ക് തട്ടിപ്പു വിവരങ്ങള്‍ കൂടുതല്‍ അറിയുന്നത്. വിഷയം ചര്‍ച്ച ചെയ്യാതെ മേയര്‍ ഒളിച്ചോടി. മേയര്‍ക്കും പാര്‍ട്ടിക്കും പലതും ഒളിക്കാനുള്ളതുകൊണ്ടും വിഷയം പൊതു ചര്‍ച്ചയ്ക്കു വന്നാല്‍ പലതിനും മറുപടിയില്ലാത്തതിനാലാണ് ഈ ഒളിച്ചോട്ടമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. നഗരസഭയുടെ രണ്ട് സോണല്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ അരക്കോടി രൂപയോളം വെട്ടിപ്പുനടത്തിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നില്ല. നഗരസഭയുടെ ആസ്തി സംബന്ധിച്ച രജിസ്റ്ററും വരവു -ചെലവുകണക്കുകളും വ്യക്തമാക്കാന്‍ നഗരസഭ ഭരണനേതൃത്വത്തിന് കഴിയാത്തതുകൊണ്ടാണ് ഒളിച്ചോടിയതെന്ന് ബിജെപി ആരോപിച്ചിരുന്നു.
കൗണ്‍സില്‍ ആരംഭിച്ചപ്പോള്‍ തന്നെ വിഷയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ ഭരണപക്ഷം ബഹളം ആരംഭിച്ചിരുന്നു. ബിജെപി നഗരസഭാകക്ഷി നേതാവ് എം.ആര്.ഗോപന് വിഷയം അവതരിപ്പിച്ചു തുടങ്ങിയപ്പോള്‍ തന്നെ സിപിഎം അംഗങ്ങള്‍ ബഹളം ആരംഭിക്കുകയായിരുന്നു. നഗരസഭയുടെ വരവുചെലവുകള്‍ ചര്‍ച്ച ചെയ്യാനാകില്ലെന്നും അതിന് വേറെ നോട്ടീസ് കൊടുത്ത് കൗണ്‍സില്‍ വിളിക്കണമെന്നും പറഞ്ഞായിരുന്നു ബഹളത്തിന്റെ തുടക്കം. കണക്കുകള്‍ കയ്യിലില്ലെങ്കില്‍ അത് പരസ്യമായി പറയണമെന്ന് ബിജെപി തിരിച്ചടിച്ചു. റവന്യൂ സംബന്ധിച്ച തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം കേള്‍ക്കാനോ ചര്‍ച്ച ചെയ്യാനോ മേയറോ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളോ തയ്യാറായില്ല. ബഹളത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു. ബഹളം തുടരുന്നതിനിടയില്‍ സംസാരിച്ചു കൊണ്ടു നിന്ന എം.ആര്. ഗോപന്റെ മൈക്ക് ഓഫ് ചെയ്ത് ഭരണകക്ഷി അംഗങ്ങളെ സംസാരിക്കാന്‍ ക്ഷണിച്ചു. തുടര്‍ച്ചയായി ഭരണകക്ഷി അംഗങ്ങള്‍ക്കുമാത്രം സംസാരിക്കാന്‍ സമയം അനുവദിച്ചതോടെ ബിജെപി അംഗങ്ങളും ബഹളം വച്ചു. ഏറ്റവും ഒടുവില്‍ ബിജെപി അംഗങ്ങള്‍ രാപ്പകല്‍ സമരം തുടരുമ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. ഇങ്ങനെ മതിയോ നഗരഭരണമെന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: