കോട്ടയം: ഏറ്റുമാനൂരിൽ ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് റോഡിൽ കിടന്നയാൾക്ക് ദാരുണാന്ത്യം. അതിരംപുഴ സ്വദേശി ബിനുവാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
ബിനുവും ബന്ധുവും സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും മദ്യപിച്ചിരുന്നു. ബന്ധുവാണ് ഓട്ടോറിക്ഷ ഓടിച്ചത്. അമിതവേഗത്തിലായിരുന്ന ഓട്ടോറിക്ഷ വളവിലെത്തിയപ്പോൾ മറിയുകയായിരുന്നു. അപകടം കണ്ടവർ ഓട്ടോറിക്ഷ ഉയർത്തിവെച്ച് പരിക്കേറ്റവരെ സമീപത്തെ കടയുടെ മുന്നിലിരുത്തി. ഇവിടെ വച്ച് നിരവധി തവണ ബിനുവിന് അപസ്മാരം ഉണ്ടായി. എന്നാൽ ആരും ഇവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല.
ഓട്ടോ ഡ്രൈവറും ബിനുവിനെ രക്ഷിക്കാൻ ശ്രമിച്ചില്ല. ബിനുവിന് നേരത്തെ അപസ്മാരത്തിന്റെ ബുദ്ധിമുട്ടുകളുണ്ടെന്ന് ബന്ധുക്കളുടെ മൊഴിയുണ്ട്. ഇതാണോ മരണകാരണം എന്ന് വ്യക്തമല്ല. എന്നിരുന്നാലും അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതിരുന്നത് വലിയ വീഴ്ചയാണെന്ന് പോലീസ് പറയുന്നു. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ ഫയർ ഫോഴ്സെത്തിയാണ് ബിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: