തിരുവനന്തപുരം: തീരദേശത്ത് ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ തീവ്രവാദികള്‍ താവളമാക്കുന്നുവെന്ന മുന്നറിയിപ്പ് അവഗണിച്ച് സംസ്ഥാനം. തീരദേശത്ത് ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുപ്പും പൊളിച്ചുനീക്കലും പാതിവഴിയില്‍. പലയിടത്തും ബീറ്റ് ഓഫീസര്‍മാരില്ല. കെട്ടിടങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ഇഴഞ്ഞു നീങ്ങുന്നു.
കടല്‍മാര്‍ഗം തീവ്രവാദികള്‍ തീരത്തെത്താനും സ്‌ഫോടക-ലഹരിവസ്തുക്കള്‍ കടത്താനും തീരത്തെ ഒഴിഞ്ഞ കെട്ടിടങ്ങളില്‍ തമ്പടിക്കാനും നാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജന്റ്‌സ് മുന്നറിയിപ്പ്. ഇതനുസരിച്ച് കടലിനും തീരദേശത്തെ പാതയ്‌ക്കുമിടയില്‍ തീരത്തുള്ള ഒഴിഞ്ഞ കെട്ടിടങ്ങള്‍ കണ്ടെത്തി പൊളിച്ചുമാറ്റണമെന്നായിരുന്നു നിര്‍ദേശം. സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍, സ്വകാര്യവ്യക്തികളുടെ പൂട്ടിയിട്ടിരിക്കുന്ന കെട്ടിടങ്ങള്‍ തുടങ്ങിയവ ഇനം തിരിച്ച് കണക്കെടുക്കാനായിരുന്നു പ്രധാന നിര്‍ദേശം. ഉപയോഗശൂന്യമായവ എല്ലാം പൊളിച്ചു നീക്കണം. ഏറെക്കാലമായി അടഞ്ഞുകിടക്കുന്ന സ്വകാര്യ കെട്ടിടങ്ങളുടെ ഉടമസ്ഥരെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കണമെന്നുമായിരുന്നു നിര്‍ദേശം.
കൂടാതെ കൃത്യമായ യാത്രാ ഉദ്ദേശ്യമോ രേഖകളോ ഇല്ലാതെ തീരദേശത്ത് ഏറെനാളായി താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുക, ഹോട്ടലുകളിലോ ലോഡ്ജുകളിലോ സംശയാസ്പദമായ സാഹചര്യത്തില്‍ അപരിചിതര്‍ താമസിക്കാനെത്തിയാല്‍ അവരെ നിരീക്ഷിക്കുക, കടലില്‍ അപരിചിതമായ ബോട്ടുകളോ വള്ളങ്ങളോ കണ്ടാല്‍ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്കിയിരുന്നു. ഇത് പ്രാവര്‍ത്തികമാക്കുന്നതില്‍ കോസ്റ്റല്‍ പോലീസ് പരാജയപ്പെട്ടു. പല തീരത്തും കോസ്റ്റല്‍ പോലീസിന് ബീറ്റ് ഓഫീസര്‍മാരില്ല.
മലബാര്‍ മേഖലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇരുപതോളം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയെന്നത് മാത്രമാണുണ്ടായത്. എന്നാല്‍, തെക്കന്‍മേഖലയില്‍ കണക്കെടുപ്പ് പോലും പൂര്‍ത്തിയായില്ല. വിഴിഞ്ഞത്തു കോസ്റ്റല്‍ മേഖലയില്‍ നിന്ന് നാല് കെട്ടിടങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നതായി കണ്ടെത്തിയത്. മറ്റിടങ്ങളില്‍ നിന്നും കൃത്യമായ റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ടില്ല. ചിലയിടങ്ങളില്‍ രണ്ടോ മൂന്നോ വീടുകളുടെ പേരും വിവരവും നല്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വകാര്യ വ്യക്തികളുടെ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ലഭ്യമല്ല. സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ പൊളിച്ചുനീക്കാന്‍ സ്വകാര്യ വ്യക്തിക്ക് നിര്‍ദേശം നല്കാന്‍ മാത്രമേ പോലീസിന് കഴിയൂ. ഇത് കടുത്ത സുരക്ഷാ വീഴ്ചയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു.
ഇപ്പോള്‍ ഇത്തരം കേന്ദ്രങ്ങള്‍ ലഹരിമാഫിയയുടെയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘങ്ങളുടെയും കൈകളിലാണ്. ഇവ ഉടനടി കണ്ടെത്തി നടപടിയെടുത്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: