ഡെറാഡൂണ്‍: അടുത്ത വര്‍ഷം നടക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് നടത്തിയ വികസന നേട്ടങ്ങളുടെ ഇരട്ട എഞ്ചിന് ബലത്തിലാണ് ജനവിധി തേടുന്നത്. ഈ കരുത്തില്‍ പാര്‍ട്ടി വലിയ വിജയം നേടും. സംസ്ഥാനത്തൊട്ടാകെയുള്ള പാര്‍ട്ടി കണ്‍വീനര്‍മാരെയും ഭാരവാഹികളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയുടെ ബൂത്ത്തല പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്ക് വഹിക്കണം. താഴേത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അവര്‍ തയ്യാറാകണം. ബിജെപി സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാനം വികസനത്തില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തി. വികസന നേട്ടങ്ങള്‍ ജനങ്ങളിലെക്കെത്തിക്കാന്‍ ബൂത്ത് തല പ്രവര്‍ത്തകര്‍ തയ്യാറാകണം. മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ കുശബൗ താക്കറെയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ ബൂത്ത്തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന ദൗത്യത്തില്‍ ഏവരും അണിചേരണം. അത് അദ്ദേഹത്തോടുളള യഥാര്‍ത്ഥ ആദരവായിരിക്കും.
ഉത്തരാഖണ്ഡിലെ ജനങ്ങള്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരില്‍ വിശ്വാസം ആര്‍ജിച്ചിരിക്കുന്നു. 2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ അഞ്ച് ലോക്സഭാ സീറ്റുകളില്‍ ബിജെപിയുടെ വിജയം ആ വിശ്വാസത്തിന്റെ ഫലമാണ്. 2017 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70 ല്‍ 57 സീറ്റ് ബിജെപി നേടി. 2019 ലെ പൊതുതിരഞ്ഞെടുപ്പിലും ഉത്തരാഖണ്ഡിലെ അഞ്ച് ലോക്സഭാ സീറ്റുകളും ബിജെപി നിലനിര്‍ത്തി. 2022 നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒരിക്കല്‍ക്കൂടി വലിയ വിജയം നേടുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദേശപ്രകാരം മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയുടെ നേതൃത്വത്തില്‍ ഉത്തരാഖണ്ഡില്‍ വികസനത്തിന്റെ പുതിയ അധ്യായം എഴുതുകയാണെന്നും ജെ.പി. നദ്ദ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: