ചണ്ഡീഗഢ് : പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിയില്‍ ഉറച്ചു നില്ക്കുന്നതായി നവ്ജ്യോത് സിങ് സിദ്ധു. അര്‍ദ്ധരാത്രിക്ക് മുമ്പ് രാജി തീരുമാനം പിന്‍വലിക്കണമെന്ന ഹൈക്കമാന്‍ഡിന്റെ സമയ പരിധി സിദ്ധു തള്ളി.
ഇതോടെ പുതിയ പിസിസി അധ്യക്ഷന്‍ വേണ്ടിയുള്ള ആലോചനകള്‍ നടന്നുവരികയാണ്. സിദ്ധുവിനെ മുന്നില്‍ നിറുത്തി പോകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. ഏറെ താമസിയാതെ പഞ്ചാബ് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ ഉണ്ടാകുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നേതൃത്വത്തോട് ഇടഞ്ഞ് രാജിവച്ച നവ്ജ്യോത് സിങ് സിദ്ദുവിനെ അനുനയിപ്പിക്കാന്‍ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് അത് വേണ്ടെന്നു വച്ചു. അനുനയ ചര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് ചണ്ഡിഗഢിലേക്ക് അയക്കാന്‍ തീരമാനിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു.
സിദ്ധുവിന്റെ നിലപാടിനൊപ്പമല്ല പാര്‍ട്ടി എന്ന് വ്യക്തമാക്കുന്ന നടപടികളാണ് ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടാകുന്നത്. ഇതിനിടെയാണ് രാജി പിന്‍വലിക്കാന്‍ സിദ്ധുവിന് സമയ പരിധി നല്‍കിയത്. സിദ്ധുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പിന്നാലെയാണ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവെച്ചത്.
ഇതിനിടെ പഞ്ചാബ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച വിമത വിഭാഗത്തിനെതിരെ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള നേതാക്കള്‍ രംഗത്തെത്തി. പാര്‍ട്ടിയില്‍ ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ലെന്നും കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടിക്ക് പ്രസിഡന്റ് ഇല്ലെന്നും ആയിരുന്നു കഴിഞ്ഞ ദിവസം കബില്‍ സിബല്‍ പറഞ്ഞത്. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നതു കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്. ഇത് ഐഎസ്ഐക്കും പാക്കിസ്ഥാനും നേട്ടമാണ്.
പഞ്ചാബിന്റെ ചരിത്രവും അവിടെ തീവ്രവാദത്തിന്റെ ഉയര്‍ച്ചയും ഞങ്ങള്‍ക്കറിയാം. പഞ്ചാബ് ഐക്യത്തോടെ തുടരുമെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കണമെന്നുമായിരുന്നു കപിലിന്റെ പ്രസ്താവന. എന്നാല്‍ ഇത് പാര്‍ട്ടിവിരുദ്ധമാണെന്ന് അജയ് മാക്കന് പറഞ്ഞു. ഗാന്ധി കുടുംബമാണ് സിബലിന് പല സ്ഥാനങ്ങളും നല്‍കിയതെന്ന് അജയ്മാക്കന് ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: