ന്യൂദല്‍ഹി: സ്കൂള്‍ കുട്ടികള്‍ക്കുള്ള പോഷകാഹാര പദ്ധതിയായ പിഎം പോഷണ്‍ ദേശീയ പദ്ധതി അഞ്ചു വര്‍ഷം കൂടി നീട്ടാനും അങ്കണവാടികളിലേക്കു കൂടി വ്യാപിപ്പിക്കാനും ഇതിന് 1,30,794.90 കോടി രൂപ വകയിരുത്താനും കേന്ദ്ര മന്ത്രിസഭ അനുമതി നല്കി. 11.20 ലക്ഷം സ്കൂളുകളില്‍ പഠിക്കുന്ന 11.80 കോടി കുട്ടികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. പദ്ധതി നവീകരിച്ച് ഗവണ്മെന്റ്, എയ്ഡഡ് പ്രൈമറി സ്കൂളുകളിലെ പ്രീ-പ്രൈമറി കുട്ടികള്‍ക്കും അങ്കണവാടികളിലെ കുട്ടികള്‍ക്കും കൂടി ഉച്ചഭക്ഷണം ലഭ്യമാക്കും. ഉച്ചഭക്ഷണ പദ്ധതിയുടെ പേര് നാഷണല്‍ സ്കീം ഫോര്‍ പിഎം പോഷണ്‍ ഇന്‍ സ്കൂള്‍സ് എന്നു പുതുക്കി.
കേന്ദ്ര സര്‍ക്കാര്‍ 54,061.73 കോടി രൂപയും സംസ്ഥാന സര്‍ക്കാരുകള്‍ 31,733.17 കോടി രൂപയുമാണ് ചെലവഴിക്കുക. ഭക്ഷ്യധാന്യങ്ങള്‍ക്ക് വേണ്ടി വരുന്ന 45,000 കോടി രൂപയുടെ അധിക ചെലവും കേന്ദ്രം വഹിക്കും. മൊത്തം പദ്ധതിച്ചെലവ് 1,30,794.90 കോടി രൂപ. ഗവ., എയ്ഡഡ് സ്കൂളുകളില്‍ ഒരുനേരം പാചകം ചെയ്ത ഭക്ഷണം നല്കുന്ന പിഎം പോഷണ്‍ പദ്ധതി 2025-26 വരെയാണ് നീട്ടിയത്.
2020-21ല്‍ ഭക്ഷ്യധാന്യങ്ങള്‍ക്കായി 11,500 കോടി രൂപ ഉള്‍പ്പെടെ, 24,400 കോടി രൂപയിലധികം കേന്ദ്രം പദ്ധതിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. സ്കൂളുകളില്‍ പച്ചക്കറികളും മറ്റും നടുന്നത് പ്രോത്സാഹിപ്പിക്കും. ഇതിലൂടെ ലഭിക്കുന്ന പോഷകാഹാരം കുട്ടികള്‍ക്കു തന്നെ വിതരണം ചെയ്യും. ഇതിനകം മൂന്നു ലക്ഷത്തിലധികം സ്കൂളുകളില്‍ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. പദ്ധതിയിലെ അഴിമതി തടയാന്‍ ജില്ലാ തലത്തില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കി.
കയറ്റുമതി വര്‍ധിപ്പിക്കാന്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്റി കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 4400 കോടി നിക്ഷേപിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. കയറ്റുമതിക്കാര്‍ക്കും ബാങ്കുകള്‍ക്കും സഹായം നല്‍കാനാണിത്. കോര്‍പ്പറേഷന്റെ ജാമ്യം നില്ക്കല് ശേഷി 88,000 കോടിയായി വര്‍ധിപ്പിക്കും. അഞ്ചു വര്‍ഷം കൊണ്ട് 5.28 ലക്ഷം കോടിയുടെ അധിക കയറ്റുമതിക്ക് വഴിതുറക്കും. വിദേശ വ്യാപാര നയം 2022 മാര്‍ച്ച് 31 വരെ നീട്ടി. ദേശീയ കയറ്റുമതി ഇന്‍ഷുറന്‍സ് അക്കൗണ്ടിലേക്ക് 1650 കോടി രൂപയുടെ ധനസഹായത്തിനും അംഗീകാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: