വത്സന് തില്ലങ്കേരി
(ഹിന്ദു ഐക്യവേദി വര്‍ക്കിംഗ് പ്രസിഡന്റ്)
ഭാര്ഗ്ഗവകേരളത്തിലെ ഹിന്ദുവിന്റെ ആത്മാഭിമാനത്തെ കുലുക്കിയുണര്‍ത്താന്‍ ശക്തമായ നേതൃത്വം നല്കിയ ധര്‍മ്മബോധത്തിന്റെ സിംഹഗര്‍ജ്ജനമായിരുന്നു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടേത്. ശിഷ്യര്‍ക്ക് ആത്മീയ തേജസ്സിന്റെ മൂര്ത്തിമത് രൂപമായും അനുയായികള്‍ക്ക് ദിശാദര്‍ശനം നല്കുന്ന പ്രകാശ ഗോപുരമായും സമാജത്തിലെ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് കാരുണ്യവാനായ ആത്മീയ ആചാര്യനായും എതിരാളികള്‍ക്ക് സത്യധര്‍മ്മങ്ങളുടെ വെളളിടിയായും അദ്ദേഹം വിരാജിച്ചു. സ്വാമിജിയുടെ ജീവിതകാലത്ത് ഹിന്ദുവിന് നേതാവാര് എന്ന ചോദ്യം ഉയര്‍ന്നു വന്നില്ല. കേരളത്തിലെ ഹിന്ദു സമൂഹം അവിടുന്നിനെ വിനേതാവായി ആദരിച്ചു. പൊതു സമൂഹം അവിതര്‍ക്കിതമായ ആ പരമയാഥാര്‍ത്ഥ്യത്തെ അറിഞ്ഞംഗീകരിക്കുകയും ചെയ്തു.
ബാല്യകാലം
തിരുവനന്തപുരം ജില്ലയില്‍ അണ്ടൂര്‍ക്കോണം വില്ലേജില്‍ മംഗലത്ത് ഭവനത്തില്‍ മാധവന്പിളളയുടേയും തങ്കമ്മയുടേയും ദ്വിതീയ പുത്രനായി 1935 സപ്തംബര്‍ 25ന് (കന്നിമാസത്തിലെ പുണര്‍തം)ജനിച്ച ശേഖരനാണ് പില്ക്കാലത്ത് ലോക പ്രശസ്തനായിത്തീര്‍ന്ന ജഗദ് ഗുരു സ്വാമി സത്യാനന്ദ സരസ്വതി. ജീവിതത്തില്‍ ഉന്നത ശ്രേണിയിലെത്തിയ പ്രത്യേകിച്ചും ആത്മീയ ഔന്നത്യം നേടിയ പലരേയും പോലെ വിഷ്ണു സഹസ്ര നാമം ഹൃദിസ്ഥമാക്കിയിരുന്ന അദ്ദേഹത്തിന് ഉണ്ണിക്കണ്ണനോടുള്ള ഭക്തി പാരമ്യത്തില്‍ ബാലഗോപാല ദര്‍ശനം ലഭിച്ചിരുന്നുവെന്നും പറയപ്പെടുന്നു. അദ്ദേഹം രചിച്ച ‘ഉണ്ണിച്ചേവടി’ എന്ന കവിത കണ്ണനോടുള്ള പ്രേമം മുറ്റി നില്ക്കുന്നതു കൊണ്ട് ശ്രദ്ധേയമാണ്. സ്വാമിയുടെ വീടിനടുത്തുള്ള പണിമൂല ഗണപതി ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകനും ദേവീ ഉപാസകനുമായിരുന്നു. പിന്നീട് രചിച്ച ‘പണിമൂല ദേവസ്തവം’ എന്ന കൃതിയും ദേവീ ഭക്തിയുടെ നിദാനം തന്നെ.
ശ്രീരാമദാസ മിഷന് യൂണിവേഴ്സല്‍ സൊസൈറ്റി
പോത്തന്‍കോട് എല്‍പി സ്ക്കൂള് പഠനകാലം തുടങ്ങി ഗവ. ട്രയിനിംഗ് കോളേജിലെ വിദ്യാഭ്യാസകാലം വരെ കലാ-സാംസ്കാരിക മേഖലകളിലും സാംസ്കാരിക രംഗത്തും അദ്ദേഹം സജീവമായിരുന്നു. ഇക്കാലയളവില്‍തന്നെ യോഗാചാര്യനായിരുന്ന വെണ്‍കുളം പരമേശ്വരനില്‍ നിന്ന് അദ്ദേഹം യോഗവിദ്യയും അഭ്യസിച്ചു. കുറച്ചുകാലം അധ്യാപകനായും പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ തന്നെ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദര് 1920-ല്‍ സ്ഥാപിച്ച ശ്രീരാമദാസാശ്രമവുമായി ബന്ധം പുലര്‍ത്തിയിരുന്നു. തന്റെ കാലശേഷം ആശ്രമത്തിന്റെ ചുമതല വഹിച്ചുകൊണ്ട് അതിവിശിഷ്ടമായ ആരാധനാ രീതികള്‍ മുന്നോട്ടു കൊണ്ടുപോകാനും സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും ഗുരു കണ്ടെത്തിയ ശിഷ്യനായിരുന്നു സ്വാമി സത്യാനന്ദ സരസ്വതി. ഗുരുവിന്റെ സമാധിക്കു ശേഷം ആശ്രമത്തിന്റെ പൂര്‍ണ്ണ ചുമതല ഏറ്റെടുക്കാനായി അധ്യാപക ജോലി രാജിവെച്ചു. ഗുരുവിന്റെ കാലത്തുതന്നെ ആശ്രമത്തിന്റെ ചില ചുമതലകള്‍ വഹിച്ചു കൊണ്ട് സമര്‍പ്പിതനായി പ്രവര്‍ത്തിക്കുകയും ഗുരു പ്രീതി നേടുകയും ചെയ്തു. 1965 മെയ് 26നാണ് നീലകണ്ഠ ഗുരുപാദര് സമാധി ആയത്. അതിനു ശേഷമാണ് സത്യാനന്ദ സരസ്വതി എന്ന സംന്യാസ നാമത്തില്‍ ആശ്രമ മഠാധിപതിയായുള്ള സ്വാമിജിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഗുരുപാദരുടെ വസുധൈവ കുടുംബകം എന്ന മഹിതാശയത്തിന്റെ പ്രചരണത്തിനായി 1981-ല്‍ ശ്രീരാമദാസ മിഷന് യൂണിവേഴ്സല്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തു.
ഹൈന്ദവ ചേതനയെ തട്ടിയുണര്‍ത്തി
ആ കാലഘട്ടത്തില്‍ വ്യാപകമായിരുന്ന മതപരിവര്‍ത്തന ശ്രമങ്ങളും ഇന്നും തുടരുന്ന ഹിന്ദു സമൂഹത്തോടുളള അവഹേളനവും അവഗണനയും സ്വാമിജിയെ വേദനിപ്പിച്ചു. ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കാനും ശാക്തീകരിക്കാനും അദ്ദേഹം സമാജത്തിലേക്കിറങ്ങി പ്രവര്‍ത്തിച്ചു. അക്കാലത്ത് ഉയര്‍ന്നു വന്ന പല പ്രക്ഷോഭങ്ങളുടേയും നേതൃനിരയില്‍ സ്വാമിജി സമുന്നത സ്ഥാനം വഹിച്ചു. കൊട്ടിയൂര്‍ പാലുകാച്ചിമലയിലെ വിഗ്രഹ പ്രതിഷ്ഠ, നിലയ്ക്കല്‍ സമരം മുതലായ പ്രശ്നങ്ങള്‍ അദ്ദേഹം സധൈര്യം ഏറ്റെടുത്തു. ഇത്തരം ധര്‍മ്മ യജ്ഞങ്ങള്‍ക്ക് സ്വാമിജി തുടക്കം കുറിച്ചത് കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ മഹാദേവന്റെ ചൈതന്യ പ്രഭ പടര്‍ന്നു നില്ക്കുന്ന പാലുകാച്ചിമലയില്‍ നിന്നാണ്. അവിടെ പ്രതിഷ്ഠിക്കാനുള്ള ദേവ വിഗ്രഹങ്ങളുമായുള്ള പ്രതിഷ്ഠാ ഘോഷയാത്ര സമാരംഭിച്ചത് ഭാരത വര്‍ഷത്തിന്റെ മൂലാധാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കന്യാകുമാരിയില്‍ നിന്നാണ്. 1978 ജൂണ്‍ എട്ടാം തീയ്യതി ആരംഭിച്ച യാത്ര കേരളത്തിലെ തെക്കേയറ്റം മുതല്‍ വടക്കുവരെ നൂറു കണക്കിന് സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുത്തുകൊണ്ട്, ഹൈന്ദവ ചേതനയെ തട്ടിയുണര്‍ത്തിക്കൊണ്ട് പാലുകാച്ചിമലയില്‍ എത്തുമ്പോഴേക്കും വമ്പിച്ച ആധ്യാത്മിക തരംഗം ഉണര്‍ന്ന് പടര്‍ന്നിരുന്നു. സ്വാമിജിയുടെ സഹജവും അനര്‍ഗ്ഗളവുമായ വാഗ്ധോരണി ഹിന്ദുമനസ്സിനെ തട്ടിയുണര്‍ത്തി. ക്ഷേത്രങ്ങള്‍ സംരക്ഷിക്കുവാനും അന്യാധീനപ്പെട്ടവ വീണ്ടെടുക്കാനും ആഹ്വാനം ചെയ്തു കൊണ്ടാണ് സ്വാമി പാലുകാച്ചിമലയില്‍ ശ്രീരാമ-സീതാ-ആഞ്ജനേയ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചത്. കൊടും വനത്തിലൂടെ ദുര്ഗ്ഗമപഥങ്ങള് താണ്ടി സ്വാമിജിയോടൊപ്പം അത്യാവേശത്തോടെ ആയിരങ്ങള്‍ മലകയറി. നിരവധി ഗിരിജന സഹോദരങ്ങളും സന്നിഹിതരായിരുന്നു.
എന്നാല്‍ കൊട്ടിയൂരിലെ പ്രതിഷ്ഠാകര്‍മ്മം കഴിഞ്ഞ മൂന്ന് മാസത്തിനകം 1978 സപ്തംബര്‍ എട്ടിന് ആസുരിക ശക്തികള്‍ ശ്രീരാമ-സീത-ആഞ്ജനേയ വിഗ്രഹങ്ങള്‍ തകര്‍ത്തു. പര്‍ണശാല തീവെച്ചു. ഹൈന്ദവ മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ സംഭവത്തെ തുടര്‍ന്ന് സ്വാമിജി വീണ്ടും കൊട്ടിയൂരിലെത്തി ഉടഞ്ഞ വിഗ്രഹങ്ങള്‍ വലിച്ചുകൊണ്ട് 1978 ഒക്ടോബര്‍ രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തില്‍ സ്വാമിജിയുടെ നേതൃത്വം നല്കിയ ഒരു വിലാപയാത്ര കന്യാകുമാരിയിലേക്ക് തിരിച്ചു. ഒക്ടോബര്‍ പതിനൊന്നാം തീയതി കന്യാകുമാരിയിലെ ത്രിവേണി സംഗമത്തില്‍ ഉടഞ്ഞ വിഗ്രഹങ്ങള്‍ ആചാരപൂര്‍വം നിമജ്ജനം ചെയ്തു. പോരാട്ടം അവിടെ നിര്‍ത്താന്‍ സ്വാമിജി തയ്യാറായില്ല. വിഗ്രഹങ്ങളുമായി വീണ്ടും ഒരു രഥയാത്ര കൊട്ടിയൂരിലേക്ക് നിശ്ചയിക്കപ്പെട്ടു. 1979 മാര്‍ച്ച് മൂന്നിന് അധികൃതര്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ആയിരങ്ങളുടെ സാന്നിധ്യത്തില്‍ പുന:പ്രതിഷ്ഠ നടത്തി.
പിച്ചള ഫലകം അയോധ്യയില്‍
നിലക്കല്‍,അയോധ്യാ സമരകാലഘട്ടങ്ങളിലൊക്കെ സ്വാമിജി മാര്‍ഗ്ഗദര്‍ശക മണ്ഡലത്തിന്റെ ആചാര്യനെന്ന നിലയില്‍ പ്രക്ഷോഭത്തിന് മുന്‍നിരയിലുണ്ടായിരുന്നു. രാമജന്മഭൂമിയില്‍ ഭവ്യ ക്ഷേത്രം നിര്‍മ്മിക്കുമെന്നത് സ്വാമിജിയുടെ ശപഥമായിരുന്നു. ശ്രീരാമ ജന്മഭൂമി ന്യാസ് സമിതിയുടെ അധ്യക്ഷനായിരുന്ന ശ്രീരാമചന്ദ്രദാസ് 2003ല്‍ സമാധിയായപ്പോള്‍ സ്വാമി തൃപ്പാദങ്ങള്‍ സ്ഥാപിച്ച ബൃഹദ് പിച്ചള ഫലകം ഒരു ചരിത്രസ്മാരകമായി ഇന്നും അയോധ്യയില്‍ ശ്രീരാമചന്ദ്ര പരമഹാ സന്നിധിയില്‍ വിരാജിക്കുന്നു. ഈ ഫലകത്തില്‍ സ്വാമിജിയുടെ ശപഥം മുദ്രിതമാണ്. വൈക്കം ടിവി പുരം സെമിത്തേരി പ്രശ്നം, പമ്പാനദിയില്‍ കെട്ടിയിറക്കിയ കല്കെട്ടിനെതിരെയുള്ള സമരം, ഹനുമാന് കോവിലന് സമീപമുള്ള സ്ഥലം സി.എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷന് നല്കുവാന് കരുണാകരന് മന്ത്രിസഭയെടുത്ത തീരുമാനം, പാപ്പാ വേദി പ്രശ്നം എന്നിവയുടെയെല്ലാം സമര മുഖങ്ങളില്‍ സ്വാമിജിയുടെ നേതൃത്വം ഉണ്ടായിരുന്നു. പൂന്തുറ കലാപത്തിനിരയായ ഹിന്ദു ജനതയുടെ സംരക്ഷണത്തിനും സ്വാമിജി മുന്‍കൈയ്യെടുത്തു. കരുനാഗപ്പള്ളി ദേവീക്ഷേത്ര മൈതാന വിമോചന സമരത്തിലും സ്വാമിജിയുടെ നേതൃത്വം സമര വിജയത്തിനു സഹായകമായി.
കേരളം കണ്ട മികച്ച പ്രഭാഷകരില്‍ ഓരാളായിരുന്നു സത്യാനന്ദസരസ്വതി തിരുവടികള്‍. ഹിന്ദു ധര്‍മ്മ തത്ത്വങ്ങളെയും കാലിക പ്രശ്നങ്ങളെയും യുക്തി ഭദ്രമായി കോര്‍ത്തിണക്കി, ശാസ്ത്രശുദ്ധമായി നര്‍മ്മം കലര്‍ന്ന ഭാഷയിലുള്ള പ്രഭാഷണം ജനസഹസ്രങ്ങളെ ഹഠാദാകര്‍ഷിച്ചിരുന്നു. വേദശാസ്ത്രപ്രമാണങ്ങളുടെ പിന്‍ബലത്തോടെയുള്ള സ്വാമിജിയുടെ ആധികാരിക പ്രസംഗങ്ങള്‍ ആ കാലഘട്ടത്തില്‍ ഹിന്ദുസമൂഹത്തിന് നല്കിയ ഉണര്‍വ്വ് ചെറുതല്ല. തനി സ്വാര്‍ത്ഥികളായി ഹിന്ദുകാര്യങ്ങളില് നിന്നും ഒഴിഞ്ഞുമാറി സഞ്ചരിച്ചിരുന്ന വലിയ ഒരു വിഭാഗം അദ്ദേഹത്തിന്റെ പ്രസംഗ ചാതുരിയാല്‍ വശീകരിക്കപ്പെട്ട് ധര്മ്മാഭിമാനികളായി മാറിയിട്ടുണ്ട്. നമ്മുടെ അക്കാലത്തെ പലസസന്യാസിമാരില് നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന ഒരു കാര്യം, ഹിന്ദുകാര്യങ്ങള് വെട്ടിത്തുറന്നു പറയാനുള്ള സന്യാസധീരതയായിരുന്നു. സ്വാമി ആഗമനാനന്ദനുശേഷം കേരളം ചെവികൊടുത്ത ആത്മീയ വചോജൈത്രയാത്രയായിരുന്നു സ്വാമിജിയുടേത്.
ഹിന്ദുവിനെതിരെയുള്ള ഒരു വെല്ലുവിളിയും ചോദ്യം ചെയ്യപ്പെടാതെ പോകരുതെന്ന നിര്‍ബ്ബന്ധബുദ്ധി അദ്ദേഹം പ്രകടിപ്പിച്ചു. സംഘടിത മതവിഭാഗങ്ങളുടെ സമ്മര്ദ്ധശക്തിയില് കേന്ദ്രീകരിച്ചു നീങ്ങിയിരുന്ന കേരള രാഷ്ട്രീയം ഹിന്ദുവിന് ഒരു പരിഗണനയും നല്‍കിയിരുന്നില്ല. ഹിന്ദുക്കളിലെ വ്യത്യസ്ത സമുദായ വിഭാഗങ്ങളെയും സംഘടനകളെയും ഇടതുവലതു മുന്നണികള്‍ തങ്ങളുടെ രാഷ്ട്രീയ ചട്ടുകങ്ങളായി ഉപയോഗിക്കുകയായിരുന്നു. എന്‍എസ്എസും എസ്എന്‍ഡിപിയും രൂപീകരിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളെ- എന്‍.ഡി.പി. എസ്.ആര്‍പി- പിളര്‍ത്തിയും അതിലെ ചില നേതാക്കളെ സ്ഥാനമാനങ്ങള്‍ നല്‍കിയും ഹിന്ദുസംഘടനകളുടെ വില പേശല്‍ ശേഷിയെ മുന്നണികള്‍ ക്ഷയിപ്പിച്ചു. ഹിന്ദു സംഘടനകള്‍ ദുര്ബ്ബലമാകുന്നതിനനുസരിച്ച്, ഇതര മതസംഘടനകള്‍ കരുത്താര്‍ജ്ജിക്കുകയും അവര്‍ കേരള ഭരണത്തെ നിയന്ത്രിക്കുന്ന സാഹചര്യം സംജാതമാവുകയും ചെയ്തു. സാമൂഹ്യമായി പിന്നാക്കമായിരുന്നു ഹിന്ദു വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സംവരണം പോലും റാഞ്ചിക്കൊണ്ടുപോകാന്‍ അവര്‍ക്കു കഴിഞ്ഞു. ഇങ്ങിനെ, അവഗണിക്കപ്പെടും, അവഹേളിക്കപ്പെടും കഴിഞ്ഞ ഹിന്ദു സാമുദായികവിഭാഗങ്ങളെ ഒരുമിച്ചുകൂട്ടി, അവരില്‍ ഐക്യബോധം ഊട്ടിയുറപ്പിച്ച് ‘ഹിന്ദുഐക്യവേദി’ രൂപീകരിക്കുന്നതിന് സ്വാമിജി മുന്‍കയ്യെടുത്തു. അത്തരം ഒരു ഐക്യനീക്കം നടന്നില്ലായിരുന്നുവെങ്കില്‍ പലഹിന്ദുജാതിവിഭാഗങ്ങളും മതപരിവര്‍ത്തനശക്തികളുടെ ഇരകളായി മാറുമായിരുന്നു. ഇന്ന് പട്ടികജാതി-വര്‍ഗ്ഗ സംഘടനകളില്‍ ദൃശ്യമാകുന്ന ആത്മവിശ്വാസത്തിനും ഹിന്ദുബോധത്തിനും പിറകില്‍ അദ്ദേഹത്തിന്റെ നിരന്തര തപസ്യയും സമ്പര്‍ക്കവും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ശ്രീരാമ രഥയാത്ര
എല്ലാവര്‍ഷവും സ്വാമിജിയുടെ നേതൃത്വത്തില്‍ ശ്രീമൂകാംബികാ ക്ഷേത്രസന്നിധിയില്നിന്നുമാരംഭിച്ച് കന്യാകുമാരിയില്‍ സമാപിക്കുന്ന ശ്രീരാമ രഥയാത്രയും അനന്തപുരിയില്‍ നടക്കുന്ന ശ്രീരാമ നവമി സമ്മേളനവും സ്വാമി തൃപ്പടികളുടെ സംഘടനാമികവിന്റെ മകുടോദാഹരണങ്ങളാണ്. കേരളത്തിലെമ്പാടും ഇതോടനുബന്ധിച്ച് നടക്കുന്ന ഹിന്ദുസമ്മേളനങ്ങളില്‍ സ്വാമിജിയുടെ പ്രഭാഷണങ്ങള്‍ പതിനായിരങ്ങളെ ഹഠാദാകര്‍ഷിച്ചിരുന്നു. നിരവധി ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും നാശോന്മുഖമായ ക്ഷേത്രങ്ങള്‍ പുനരുദ്ധാരണം നടത്തുകയും ചെയ്തിരുന്നു. ശബരിമല ക്ഷേത്രത്തിനായി അദ്ദേഹം സമര്‍പ്പിച്ച ഹരിവരാസനം പ്രൊജക്ട് സ്വാമിയുടെ ദീര്‍ഘ ദര്‍ശനത്തിന്റെയും ആസൂത്രണ മികവിന്റെയും പ്രതീകമാണെങ്കിലും അത് നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ തയ്യാറായിട്ടില്ല. ഭാരതമെമ്പാടും സദ്ഗുരു സനാതന ധര്‍മ്മത്തെ പരിചയപ്പെടുത്തി.
ഭാരതീയ സംസ്കാരത്തിന്റെ അമൂല്യ സ്വത്ത്
2006 നവംബര്‍ 24ന് സ്വാമിജി പരമധാമത്തില്‍ വിലയം പ്രാപിച്ചു. അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് അശോക് സിംഘാള്‍ പറഞ്ഞത് സ്വാമിജി ഭാരതീയ സംസ്കാരത്തിന്റെ അമൂല്യ സ്വത്താണ് എന്നാണ്. താന്‍ അമ്പത് വര്‍ഷംമുമ്പേ സഞ്ചരിക്കുന്നതുകൊണ്ട് താന്‍ പറയുന്നത് പലതും പലര്‍ക്കും പിടികിട്ടില്ലെന്ന് സ്വാമിജി പറഞ്ഞത് പ്രവചന സ്വഭാവമുള്ള വാക്കുകളായിരുന്നുവെന്ന് ഇന്ന് നമുക്ക് ബോധ്യമാകുന്നു. ഒരായുസ്സില്‍ ചെയ്തുതീര്‍ക്കുന്നതിനുമപ്പുറം അദ്ദേഹം ചെയ്തു. കഠിനമായ തപസ്സും സമര്‍പ്പണ ബോധവും ഇച്ഛാശക്തിയും സ്നേഹനിര്‍ഭരമായ ഒരു ഹൃദയവും ഉള്ള ഒരു അനുചര സംഘത്തിന് മാത്രമേ അദ്ദേഹം താണ്ടിയ വഴി പിന്തുടരാന് സാധിക്കൂ. ഹിന്ദു ഐക്യവേദിയുടെ സ്ഥാപക ചെയര്‍മാനായിരുന്നു സ്വാമിജി. സ്വാമിജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഹിന്ദു ഐക്യവേദി സപ്തംബര്‍ 28, 29, 30 തിയ്യതികളില്‍ കേരളത്തിലുടനീളം ശ്രദ്ധാഞ്ജലി സദസ്സുകള്‍ സംഘടിപ്പിക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: