ന്യൂദല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തുന്നു. വൈകിട്ട് അഞ്ചിന് ദല്‍ഹിയിലെ അമിത് ഷായുടെ വസതിയിലേക്ക് അമരീന്ദര്‍ സിങ് എത്തുകയായിരുന്നു. നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടമാകുമെന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 18ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച അമരീന്ദര്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി വളരെയധികം അകന്നിരുന്നു.
തന്റെ ശത്രുവും മുഖ്യമന്ത്രി പദവിയില്‍നിന്നു പുറത്താക്കാന്‍ ചരടുവലിച്ചയാളുമായ നവജ്യോത് സിങ് സിദ്ദുവിനെ അമരീന്ദര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി സിദ്ദുവിനു സൗഹൃദമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. അമരീന്ദറിന്റെ ആരോപണങ്ങളെ പിന്തുണച്ച ബിജെപി, ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, അമരീന്ദറിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ തങ്ങുന്ന അമരിന്ദര്‍ കോണ്‍ഗ്രസ് നേതാക്കളെ ആരെയും സന്ദര്‍ശിക്കുന്നില്ല. അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: