ആലപ്പുഴ: ജില്ലയില്‍ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിഭാഗീയത രൂക്ഷം. ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മറ്റിയിലെ കൊമ്മാടി ലോക്കല്‍ കമ്മറ്റി പരിധിയിലെ രണ്ട് സമ്മേളനങ്ങളാണ് വിഭാഗീയതയെ തുടര്‍ന്ന് നിര്‍ത്തി വെക്കേണ്ടി വന്നത്.
കളപ്പുര ബ്രാഞ്ച് സമ്മേളനത്തില്‍ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. ഏരിയാ സമ്മേളന പ്രതിനിധിയും ആലപ്പുഴ നഗരസഭ മുന്‍ ചെയര്‍പേഴ്സനുമായ മേഴ്സി ഡയാന മാസിഡോയെ ഒരു വിഭാഗം കയ്യേറ്റം ചെയ്തു. ഇതേത്തുടര്‍ന്ന് സമ്മേളനം റദ്ദാക്കി. ഇന്നലെ രാവിലെയാണ് ആലപ്പുഴ ബൈപ്പാസിന് സമീപം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍ നടന്ന സമ്മേളനം തല്ലിപ്പിരിഞ്ഞത്. 15 അംഗങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. പാര്‍ട്ടി അംഗമല്ലാത്ത ജയദേവന് എന്നയാളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്ന് എല്‍സി സെക്രട്ടറി നിര്‍ദ്ദേശിച്ചത് അംഗീകരിക്കാന്‍ അംഗങ്ങള്‍ തയ്യാറായില്ല.
ഇതേത്തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. മൂന്നാഴ്ച മുമ്പ് മറ്റൊരു ബ്രാഞ്ചിലെ അംഗമായിരുന്ന ഡിവൈഎഫ് ഐ ബ്ലോക്ക് സെക്രട്ടറി സച്ചിനെ കളപ്പുര ബ്രാഞ്ചിലേയ്ക്ക് ചേര്ത്തതതും പ്രതിഷേധത്തിനിടയാക്കി. എല്‍സി സെക്രട്ടറി പറഞ്ഞത് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് മേശപ്പുറത്ത് അടിക്കുകയും ബഹളം വെയ്ക്കുകയുമായിരുന്നു. ഇതിനിടെയാണ് മേഴ്സി ഡയാന മാസിഡോയുടെ നേര്‍ക്ക് കയ്യേറ്റം നടന്നത്. പിന്നീട് അംഗങ്ങള്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പാര്‍ട്ടി സമ്മേളനം പിടിച്ചെടുക്കാന്‍ പുറത്ത് ആളെ കൊണ്ടുവന്ന് ഗുണ്ടായിസം കാണിക്കുന്നത് അംഗീകരിക്കില്ലെന്ന് ബ്രാഞ്ച് സമ്മേളന പ്രതിനിധികള്‍ പുറത്തിറങ്ങി പരസ്യമായി പ്രതികരിച്ചു. സമ്മേളനം അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച് ഏരിയാ, ജില്ലാ, സംസ്ഥാന കമ്മറ്റികള്‍ക്ക് പരാതി നല്‍കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കളപ്പുര വെസ്റ്റ് ബ്രാഞ്ച് സമ്മേളനം സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതയെ തുടര്‍ന്നാണ് നേതൃത്വം ഇടപെട്ട് നിര്‍ത്തി വെപ്പിച്ചത്.
അമ്പലപ്പുഴയില്‍ സംസ്ഥാന കമ്മറ്റിയംഗത്തെ അനുകൂലിക്കുന്നവരും, എതിര്‍ക്കുന്നവരും എന്ന നിലയിലാണ് സമ്മേളനത്തില്‍ ചര്‍ച്ചകളെന്നാണ് വിവരം. നിലവില്‍ മുതിര്‍ന്ന നേതാവിനെതിരെ ബോധപൂര്‍വമുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: