1921ല്‍ മലബാറില്‍ നടന്ന ഹിന്ദുകൂട്ടക്കൊലയുടെ ന്യായീകരണത്തൊഴിലാളികളായി ഇന്ന് കമ്യൂണിസ്റ്റുകള്‍ മാറുന്നതിന് കാരണം ഇസ്ലാമിക തീവ്രവാദത്തോട് അവര്‍ക്ക് ഇന്നുള്ള വിധേയത്വം മാത്രമാണോ? വോട്ടു ബാങ്കുകളും നോട്ട്കെട്ടുകളും മാത്രമാണോ അതിന്റെ അടിസ്ഥാന പ്രേരണ? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം അന്വേഷിച്ചാല്‍ ഖിലാഫത്തില്‍ മുതലെടുക്കാനിറങ്ങി ഇസ്ലാമിനെയും ഇംഗ്ലീഷുകാരെയും ഇന്‍ഡ്യയെയും ഒരേ സമയം ചതിച്ച ലെനിന്-സ്റ്റാലിന് നേതൃത്വത്തിന്റെ കമ്യൂണിസ്റ്റ് കപടതയാകും മറനീക്കി പുറത്തു വരുന്നത്.
ഒന്നാം ലോകമഹായുദ്ധ സന്ദര്‍ഭത്തില്‍ തന്നെയാണ്, 1917ല്‍, ബോള്‍ഷെവിക്കുകള്‍ ഒക്ടോബര്‍ വിപ്ലവത്തിലൂടെ റഷ്യയില്‍ അധികാരം പിടിച്ചെടുത്തത്. കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ (കോമിന്റേണ്‍) സ്ഥാപിച്ചതുള്‍പ്പടെയുള്ള അവരുടെ നടപടികളുടെ യഥാര്‍ത്ഥ ലക്ഷ്യം ആഗോള സാമ്രാജ്യത്വ സ്ഥാപനമായിരുന്നു. സര്‍വ്വരാജ്യത്തൊഴിലാളി വര്‍ഗ സമഗ്രാധിപത്യമായിരുന്നില്ല ലെനിന്റെയും സ്റ്റാലിന്റെയും ലക്ഷ്യം. ട്രോട്സികിയെ പോലെ കൂടെയുണ്ടായിരുന്ന സോവിയറ്റ് കമ്യൂണിസ്റ്റ് പോളിറ്റ് ബ്യൂറോയിലെ പ്രമുഖരെയുള്‍പ്പടെ കൊന്നൊടുക്കിയ കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ഏകാധിപത്യത്തിന്റെ കാല്‍ചുവട്ടിലേക്ക് ലോകത്തെ പിടിച്ചടക്കുകയായിരുന്നു അവരുടെ അജണ്ട.
ആഗോള സാമ്രാജ്യത്വ പോരിടത്ത് ഇസ്ലാമിക ക്രൈസ്തവ ശക്തികളെ തമ്മിലടിപ്പിച്ച് കമ്യൂണിസ്റ്റൂകള്‍ക്ക് ഇടം തേടുകഎന്നതായിരുന്നു അവരുടെ അജണ്ട. അന്ന് നേരിട്ടൊരു പോരാട്ടത്തിന് സോവിയറ്റ് യൂണിയന് കരുത്തുണ്ടായിരുന്നില്ല. ഇസ്ലാമിക ശക്തികള്‍ക്ക് പോരാട്ടത്തിന് പ്രേരണയും പിന്തുണയും നല്‍കുകയെന്ന തന്ത്രപരമായ നീക്കമാണ് ബോള്‍ഷെവിക്കുകള്‍ തുടക്കത്തില്‍ സ്വീകരിച്ചത്.
ഒട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ അവസാന ദശകങ്ങളില്‍ അന്തര്‍ദ്ദേശീയ ഇസ്ലാമിക കൂട്ടായ്മയെ ലക്ഷ്യമിട്ട് സുല്‍ത്താന്‍ അഹമ്മദ് രണ്ടാമന് നടത്തിയിരുന്ന ശ്രമങ്ങളില്‍ നിന്നായിരുന്നു കമ്യൂണിസ്റ്റുകള്‍ പുതിയ സാദ്ധ്യതകള്‍ ചികഞ്ഞെടുത്തത്. അങ്ങനെയൊരു നീക്കത്തിനു പിന്നില്‍ പഴയ റഷ്യന്‍ സാമ്രാജ്യത്തിന്റെ വിപുലമായ മുസ്ലീം മേഖലകളില്‍, അതുവരെ നേടാന്‍ കഴിയാതിരുന്ന കമ്യൂണിസ്റ്റ് സ്വാധീനം സാദ്ധ്യമാക്കുകയെന്ന മറ്റൊരു ലക്ഷ്യവുമുണ്ടായിരുന്നു. അവിടെ ഇസ്ലാമികശക്തികളോട് അടുക്കുവാന്‍ വേണ്ടി ഒരു വിശേഷാല്‍ കമ്മീസറിയെറ്റ് രൂപീകരിച്ച് മദ്ധ്യേഷ്യക്കുവേണ്ടി വിശേഷാല്‍ ‘മുസ്ലീം കമ്യൂണിസം’ വളര്‍ത്തിയെടുക്കാമെന്ന വാഗ്ദാനവും ചെയ്തിരുന്നതായി ചരിത്രത്തില്‍ കാണുന്നുണ്ട്.
1919ലെ മുസ്ലീം കമ്യൂണിസ്റ്റ് സംഘടനകളുടെ രണ്ടാം അഖില റഷ്യന്‍ സമ്മേളനത്തോടെ ബോള്‍ഷെവിക്കുകള്‍ മുസ്ലീങ്ങളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളില്‍ പതിനഞ്ച് ശതമാനവും മുസ്ലീങ്ങളായി. മദ്ധ്യേഷ്യയുടെ ചില പ്രദേശങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എഴുപത് ശതമാനവും മുസ്ലീങ്ങളായി.
ലെനിനും സ്റ്റാലിനും രണ്ടു പേരും മദ്ധ്യേഷ്യയിലെ മുസ്ലീങ്ങളെ പ്രാകൃതരായും കാര്യം പറഞ്ഞാല്‍ മനസ്സിലാക്കാത്തവരുമായിട്ടാണ് കണ്ടിരുന്നത്. അതുകൊണ്ട്, ഓര്‍ത്തഡോക്സ് ചര്‍ച്ചിനെതിരെ പ്രയോഗിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ‘പരോക്ഷവും കൂടുതല്‍ സൂക്ഷിച്ചുമൂള്ള വഴികളില്‍ കൂടി വേണം’ ഇസ്ലാമിനെ നശിപ്പിക്കാനെന്നതാണ് സ്റ്റാലിന് നിഷ്കര്‍ഷിച്ചിരുന്നതെന്ന് പോള്‍ ഫ്രോസിനെ ഉദ്ധരിച്ചുകൊണ്ട് ഡോ ഹരിശങ്കറിന്റെ ‘ബിയോണ്ട് റാംപേജ് എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടിക്കാട്ടിയിട്ടുണ്ട്. അതും കൂടി വായിച്ച് ഇസ്ലാമിക പക്ഷം, അക്കാലത്ത് കമ്യൂണിസ്റ്റ് റഷ്യ അവരോട് കാട്ടിയ പ്രണയത്തിന്റെയും ഖിലാഫത്ത് പുന:സ്ഥാപിക്കുവാന്‍ നല്കിയ പ്രേരണയുടെയും പിന്നിലെ ചതി തിരിച്ചറിയണമെന്നു മാത്രം.
1920ല്‍, സോവിയറ്റ് പിന്തുണയോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ടര്‍ക്കിയും താഷ്കന്റ് ആസ്ഥാനമാക്കി ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും രൂപീകരിച്ചതിന്റെ പിന്നിലും ചതിയായിരുന്നു യഥാര്‍ത്ഥ അജണ്ട. ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ രൂപീകരണത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം മുസ്ലീം വര്‍ഗീയത മൂത്ത് ഭാരതത്തില്‍ നിന്ന് ഒളിച്ചോടിയ മുഹമ്മദ് ഷഫീക്ക്, മുഹമ്ദ് അലി, തുടങ്ങിയ മുജാഹിറുകളെ സോവിയറ്റ് കമ്യൂണിസ്റ്റുകളുടെ ആജ്ഞാനുസരണം പാര്‍ട്ടിയുടെ സ്ഥാപക അംഗങ്ങളാക്കിയെന്നുള്ളതാണ്. ഇംഗ്ലീഷ് ക്രിസ്ത്യാനികള്‍ ഭരിക്കുന്ന ഭാരതം ‘ദാറുള്‍ ഹറബ്’ ആയതുകൊണ്ട് ദാറുള്‍ ഇസ്ലാം ആയ അഫ്ഗാനിസ്ഥാനിലോ തുര്‍ക്കിയിലോ കുടിയേറാന്‍ വേണ്ടി ഹിജറയ്ക്ക് തയാറായവരെ സ്ഥാപകാംഗങ്ങളാക്കി കാറല്‍ മാര്‍ക്സിന്റെ കമ്യൂണിസ്റ്റ് വിപ്ലവത്തിനു വേണ്ടിയൊരു കമ്യൂണിസ്റ്റ് പാര്‍ട്ടി. ആ വൈരുദ്ധ്യമാണ് സോവിയറ്റ് ഭരണകൂടത്തിന്റെ ലക്ഷ്യം മറ നീക്കി പുറത്തു കൊണ്ടുവരുന്നത്.
അങ്ങനെ ഇസ്ലാമിക വര്‍ഗീയതയോട് അവസരവാദപരമായ അവിഹിതരാഷ്ട്രീയ സഖ്യത്തിലേര്‍പ്പെടുമ്പോഴും ഒട്ടോമന്‍ സാമ്രാജ്യം പുന:സ്ഥാപിച്ചിരുന്നുവെങ്കില്‍ ഇംഗ്ലീഷ് സാമ്രാജ്യം മാത്രമല്ല, പോരാളികളെ സഹായിക്കാനിറങ്ങിയ സോവിയറ്റ് സാമ്രാജ്യവും ഇളകുമായിരുന്നുവെന്നതും കമ്യൂണിസ്റ്റ് കണക്കുകൂട്ടലുകളില്‍ കയറിക്കൂടിയിട്ടുണ്ടാകണം. അത്തരം ആത്മഹത്യാപരമായ ഒരു സാദ്ധ്യത ഒഴിവാക്കാന്‍ കാപട്യത്തിന്റെ കമ്യൂണിസ്റ്റ് കലവറയില്‍ നിന്നെടുത്ത തന്ത്രം ഇസ്ലാമിക പക്ഷവും ഇംഗ്ലീഷ് പക്ഷവും പരസ്പരം പോരടിച്ച് രണ്ടുകൂട്ടരും തമ്മില്‍ തല്ലി തലകീറാനുള്ള വഴിയൊരുക്കിയാല്‍ മതി; ആരുടെയും ആത്യന്തിക വിജയത്തിന് ഇടയാക്കരുതെന്നതായിരുന്നു. അതുമനസ്സിലാക്കുമ്പോഴാണ് ആ വിഷയത്തിലെ സോവിയറ്റ് ഇടപെടലും ഒരു സമ്മര്‍ദ്ദ തന്ത്രമായിരുന്നുവെന്ന വസ്തുത പ്രകടമാകുന്നത്.
യഥാര്‍ത്ഥത്തില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിനും എം എന്‍ റോയി പ്രതിനിധാനം ചെയ്ത ഇന്‍ഡ്യന്‍ സഖാക്കളുടെ ഇംഗ്ലീഷ് സാമ്രാജ്യത്വ വിരുദ്ധ നീക്കങ്ങള്‍ക്കും പിന്തുണ നല്കുമ്പോള് തന്നെ ഇംഗ്ലീഷ് സാമ്രാജ്യത്ത്വവുമായി ഒരു വ്യാപാരക്കരാറിനുള്ള സമാന്തരനീക്കവും സോവിയറ്റ് യൂണിയന് നടത്തുകയായിരുന്നു. ഇംഗ്ലണ്ടിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു സോവിയറ്റ് തന്ത്രം. അതിനുള്ള നീക്കങ്ങള്‍ 1920 ജനുവരി 20ന് ആരംഭിച്ചുവെന്നത് (വേഴ്സലസ്സ് ട്രീറ്റിയ്ക്കുശേഷം കേവലം നാലു ദിവസങ്ങള്‍ക്കുള്ളില്‍!) കണക്കിലെടുക്കുമ്പോളാണ് ഖിലാഫത്തിന് പിന്തുണ പിന്തുണ നല്കിയ സോവിയറ്റ് കമ്യൂണിസ്റ്റുകളുടെ ചതി പ്രകടമാകുന്നത്.
ആ കരാറിലൂടെ ലെനിന് പദ്ധതിയിട്ടത് പുതിയ സാമ്പത്തിക നയത്തിലൂടെ സോഷ്യലിസത്തില്‍ വെള്ളം ചേര്‍ത്ത് മുതലാളിത്ത രാജ്യങ്ങളുമായി വ്യാവസായിക വാണിജ്യ ബന്ധങ്ങള്‍ക്ക് വഴിതുറന്ന് അന്നത്തെ തകര്‍ന്ന റഷ്യന്‍ സാമ്പത്തികാവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള വഴിതേടുകയെന്നതായിരുന്നു. ആ വിഷയത്തില്‍, ബ്രിട്ടീഷ് ക്യാബിനറ്റില്‍ 1920 മേയ് 28ന് കഴ്സണ് പ്രഭു നല്കിയ വിശദീകരണം ഇവിടെ ശ്രദ്ധേയമാകുന്നു. ‘നമുക്ക് വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നറിയാം റഷ്യന്‍ ഗവണ്മെന്റ് പരിപൂര്‍ണ്ണ സാമ്പത്തിക തകര്‍ച്ചയുടെ ഭീഷണിയിലാണെന്നും മറ്റാരേക്കാളും അവരെ സഹായിക്കാന്‍ കഴിയുന്ന നമ്മള് നല്കുന്ന സഹായത്തിന് എന്തു വില നല്‍കാനും അവര്‍ തയാറാണെന്നതും. വില വാങ്ങാതെ അവരെ രക്ഷിക്കുന്നതിനെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലുമാകില്ല. നമ്മള്‍ക്ക് പ്രധാനമായ ഭൂഭാഗങ്ങളിലെ ബോള്‍ഷെവിക്ക് എതിര്‍നീക്കങ്ങളെ അവസാനിപ്പിക്കന്നതിലൂടെയാകും മറ്റെന്തിനേക്കാളും ആ വില ഈടാക്കാനാവുന്നതെന്നാണ് ഞാന്‍ കരുതുന്നത്’. ഇംഗ്ലീഷ് സാമ്രാജ്യത്വത്തിനെതിരെ ഖിലാഫത്തും ഇന്ത്യാവിമോചനവും ഉള്‍പ്പടെയുള്ള നീക്കങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന പിന്തുണയില്‍നിന്ന് സോമ്യൂണിസ്റ്റ് കാലുമാറ്റം ആ വിലയായി പിടിച്ചു വാങ്ങിക്കൊണ്ട് ഇംഗ്ലണ്ട് സോവിയറ്റു യൂണിയനു നല്കിയ ഔദാര്യമായിരുന്നു 1921 മാര്‍ച്ച് 16ന് ഒപ്പിട്ട ആംഗ്ലോ സോവിയറ്റ് വാണിജ്യ കരാര്‍ 1921.
ഇംഗ്ലണ്ടുമായി കരാര്‍ ഒപ്പിട്ടതോടെ റഷ്യന്‍ കമ്യൂണിസ്റ്റ് നേതൃത്വം ‘ഖിലാഫത്ത്’ മറന്നു. ഇംഗ്ലണ്ട് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വിഷപ്പല്ല് പറിച്ചെറിയുന്നത് തുടരുകയും തുര്‍ക്കിയില്‍ തന്നെ അതിന്റെ അന്ത്യത്തിന് ഇടവരുത്തുകയും ചെയ്തു. അതുപോലെ തന്നെ ഭാരത വിമോചന പരിശ്രമങ്ങളില്‍ നിന്ന് എംഎന്‍ റോയിയെയും അബനി മുഖര്‍ജിയെയും കൂട്ടരെയും സോവിയറ്റ് കമ്യൂണിസ്റ്റുകള്‍ വഴിമാറ്റിവിടുകയും ചെയ്തു. അടുത്ത കമ്യൂണിസ്റ്റ് ഇന്റര്‍ നാഷണലില്‍ (1924) ശേഷം അവര്‍ ചെയ്യേണ്ട ജോലി സോവിയറ്റ് യൂണിയനെ മുതലാളിത്ത ലോകത്തിന്റെ കടന്നാക്രമണങ്ങളില്‍ നിന്ന് പ്രതിരോധിച്ച് ‘സര്‍വ്വരാജ്യത്തൊഴിലാളികളെയും സംരക്ഷിക്കുന്നതാണെന്നും’ പറഞ്ഞ് പറ്റിച്ചു.
അബനി മുഖര്‍ജിയെ ജോസഫ് സ്റ്റാലിന്റെ ഭരണകൂടം 1937 ഒക്ടോബര്‍ 28ന് കൊന്നു തള്ളി. എംഎന്‍ റോയിയോടാണെങ്കില്‍. അസുഖം ബാധിച്ച ചെവിക്ക് ചികിത്സ പോലും അനുവദിക്കാത്ത കമ്യൂണിസ്റ്റ് ക്രൂരതയാണ് സ്റ്റാലിന് ഭരണകൂടം കാട്ടിയത്. 1929ല്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണില്‍ നിന്ന് ചവിട്ടി പുറത്താക്കി. അദ്ദേഹത്തിന് ജീവനോടെ റഷ്യയില്‍ നിന്ന് പുറത്തു കടക്കാനിട നല്കിയതു തന്നെ മഹാകാര്യം 1930 ഡിസംബറില്‍ ഇന്‍ഡ്യയില്‍ തിരിച്ചെത്തിയ റോയിയെ ഏഴുമാസത്തിനുള്ളില്‍ 1931 ജൂലൈ 21ന് സ്റ്റാലിന്റെ ഏജന്റന്മാരായ ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റ് സഖാക്കള്‍ ഇംഗ്ലീഷുകാര്‍ക്ക് ഒറ്റിക്കൊടുത്തതോടെ അറസ്റ്റിലായി; ശിക്ഷിക്കപ്പെട്ടു. കമ്യൂണിസ്റ്റ് ഇന്റര്‍ നാഷണലിന്റെ പ്രസീഡിയത്തില്‍ ഒമ്പത് വര്‍ഷം ചുമതല വഹിച്ച, ഇന്ത്യന്‍ കമ്യൂണിസറ്റ് പാര്‍ട്ടി സ്ഥാപിച്ച, എംഎന്‍ റോയിയെ, സ്റ്റാലിന്റെ ഭാരതത്തിലെ അനുയായികള്‍ ഇംഗ്ലീഷ് പോലീസിന് ഒറ്റിക്കൊടുത്തിടത്തു നിന്നു വേണം സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാമ്രാജ്യത്വ പോരാട്ട ചരിത്രത്തിലെ കപടതകള് തിരിച്ചറിയേണ്ടത്. ചരിത്രം സത്യസന്ധമായി വിലയിരുത്തിയാല്‍ സ്വന്തം സാമ്രാജ്യത്വ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഇസ്ലാമിനെയും ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമര പോരാളികളെയും പോരിനിറക്കിയതായിരുന്നു സോവിയറ്റ് കമ്യൂണിസ്റ്റുകള്‍ ഇംഗ്ലണ്ടിനോട് ചെയ്ത ചതി. ഇംഗ്ലണ്ടുമായി കരാറിലേര്‍പ്പെട്ടുകൊണ്ട് തങ്ങള്‍ പോരിന് പ്രേരിപ്പിച്ചവരെ പിന്നില്‍ നിന്നു കുത്തുന്ന കുലം കുത്തികളുടെ പണിയാണ് കമ്യൂണിസ്റ്റുകള്‍ ഇന്ത്യയോടും ഇസ്ലാമിനോടും ചെയ്തത്.
ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ തീവ്ര മുസ്ലീം വര്‍ഗീയതയ്ക്കൊപ്പം
ഖിലാഫത്ത് പ്രസ്ഥാനക്കാരായ മുസ്ലീംവര്‍ഗീയപക്ഷത്തോടുള്ള ബന്ധം ദൃഡമായിത്തന്നെ തുടരുന്നതിന് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കമ്യൂണിസ്റ്റു പക്ഷം വിശേഷാല്‍ ശ്രദ്ധ കൊടുത്തു. അതിന്, പാര്‍ലമെന്ററി വ്യാമോഹം മൂത്ത് അധികാരം പിടിക്കാന്‍ സംഘടിത മുസ്ലീം വോട്ടു ലക്ഷ്യം വെച്ചുള്ള അവസരവാദപരമായ വര്‍ഗീയ പ്രീണനമായിരുന്നു ഒരു ഘടകം. ഭാരതത്തിന്റെ ഒരു ശത്രുരാജ്യമായ ചൈന മറ്റൊരു ശത്രുരാജ്യമായ പാക്കിസ്ഥാനുമായി കൂട്ടു ചേര്‍ന്നതോടെ ചൈനാച്ചാരന്മാരായ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളും പാക്കിസ്ഥാനോടും പാക്പക്ഷത്തു നില്ക്കുന്ന ഈ രാജ്യത്തെ മുസ്ലീം വര്‍ഗീയവാദികളോടും ചങ്ങാത്തത്തിലായതാണ് രണ്ടാം ഘടകം. ആ മുസ്ലീം പ്രീണനം മലബാറില്‍ 1921ല്‍ നടന്ന ഹിന്ദുവംശഹത്യയുടെ ന്യായീകരികരണം, ഹിന്ദുവിനെ കൊന്നവര്‍ക്ക് പെന്ഷന്, കൊള്ളയ്ക്കും കൊലയ്ക്കും ബലാത്സംഗങ്ങള്‍ക്കും മുന്നില്‍ നിന്ന് നയിച്ച സാമൂഹിക ദ്രോഹികളായ കുറ്റവാളികള്‍ക്ക് വീരപരിവേഷം നല്കി കപട ചരിത്ര നിര്‍മ്മിതി, തുടങ്ങിയവ മാക്സിസ്റ്റുകള്‍ സ്വയം ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളായി മാറി. കപടതയുടെ കമ്യൂണിസ്റ്റ് ചരിത്ര പാരമ്പര്യത്തെ പുതിയകാല സഖാക്കളും തലയിലേറ്റേണ്ട ഗതികേട് എവിടെ അവസാനിക്കാന്‍?
പ്രതികരിക്കാൻ ഇവിടെ എഴുതുക: