ശ്രീനഗർ: ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ സൈന്യം നടത്തിയ തീവ്രവാദി വിരുദ്ധ നീക്കത്തില്‍ പിടിയിലായ ലഷ്കർ-ഇ-ത്വയിബയുടെ ഭീകരന്റെ ചിത്രം ഇന്ത്യന്‍ സേന പുറത്തുവിട്ടു.
സപ്തംബര്‍ 18 മുതല്‍ ഉറിയില്‍ തീവ്രവാദ വിരുദ്ധ നീക്കം നടക്കുകയാണെന്ന് 19 ഇന്ഫന്റ്രി ഡിവിഷന് മേജര്‍ ജനറല്‍ വിരേന്ദ്ര വാറ്റ്സ് പറഞ്ഞു. രണ്ട് പേരാണ് കശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. നാല് പേര് പാകിസ്ഥാന് പ്രദേശത്ത് നിലയുറപ്പിച്ചു. സപ്തംബര്‍ 25ന് ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടലുണ്ടായി. ഒരാളെ വെടിവെച്ചു കൊന്നു. മറ്റൊരാളെ ജീവനോടെ പിടിച്ചു. രാത്രികാലങ്ങൾ, മോശം കാലാവസ്ഥ, കഠിനമായ പാതകൾ എന്നീ സാഹചര്യങ്ങളിലാണ് പ്രധാനമായും നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നത്.
കീഴടങ്ങിയ ലഷ്കര്‍ ഇ ത്വയിബ തീവ്രവാദിയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അലി ബാബർ പത്ര എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. പാകിസ്താനി പഞ്ചാബിൽ നിന്നുള്ള ഇയാള്‍ക്ക് പാകിസ്താനിലെ സൈനീക ഉദ്യോഗസ്ഥർ ഉൾപ്പെടെ ഭീകര പരിശീലനം നൽകിയിട്ടുണ്ടെന്ന് അലി ബാബർ വെളിപ്പെടുത്തി. ബാരാമുള്ളയിൽ ആയുധങ്ങൾ എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും കുടുംബത്തിലെ പട്ടിണി മൂലമാണ് ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടതെന്നും ഇയാൾ പറഞ്ഞു.
പിതാവിന്റെ പെട്ടെന്നുള്ള മരണം അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തെ ദാരിദ്ര്യത്തിലാഴ്ത്തി. സ്കൂൾ വിദ്യാഭ്യാസം മുടങ്ങിയതോടെ ലഷ്കർ-ഇ-ത്വയിബയിൽ ചേർന്നു. 2019ൽ ഗാർഗി ഹബിബുള്ള ക്യാമ്പിൽ മൂന്നാഴ്ചത്തെ പ്രാഥമിക പരിശീലനം ലഭിച്ചു. പിന്നീട് 2021ൽ റിഫ്രഷർ പരിശീലനത്തിന്റെ ഭാഗമായി. പാകിസ്താൻ സൈനിക ഉദ്യോഗസ്ഥരായിരുന്നു ആയുധങ്ങളുപയോഗിച്ചുള്ള പരിശീലനം നല്‍കിയത്.
ഇസ്ലാം അപകടത്തിലാണെന്ന സന്ദേശമാണ് ക്യാമ്പിൽ പറഞ്ഞു തന്നത്. കശ്മീരിലെ മുസ്ലീങ്ങൾക്കെതിരെ അതിക്രമങ്ങൾ നടക്കുകയാണെന്ന് ഭീകര പരിശീലനത്തിനിടെ ബോധിപ്പിച്ചതായും അലി ബാബർ പറഞ്ഞു. മാതാവിന്റെ ചികിത്സക്കായി 20,000 രൂപയും ലഭിച്ചു. ബാരാമുള്ളയിലെ ഉത്തരവാദിത്വം പൂർത്തിയാക്കിയാൽ 30,000 രൂപ നൽകുമെന്നായിരുന്നു വാഗ്ദാനമെന്നും ഇയാൾ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: