ശാസ്താംകോട്ട: അധികാര വടംവലിയുടെ നേര്‍ക്കാഴ്ചയായി സിപിഎം സമ്മേളനങ്ങള്‍ക്ക് തുടക്കമായി. കഴിഞ്ഞ ദിവസം മുതല്‍ തുടങ്ങിയ ബ്രാഞ്ച് സമ്മേളനങ്ങള്‍ മിക്കയിടത്തും പ്രവര്‍ത്തകര്‍ തമ്മിലുള്ള പോര്‍വിളിയിലും കയ്യാങ്കളിയിലുമാണ് സമാപിച്ചത്. ഒടുവില്‍ തെരഞ്ഞെടുപ്പ് നടത്തി കയ്യൂക്കുള്ളയാള് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബ്രാഞ്ച് സമ്മേളന വേദികള്‍ തന്നെ സംഘര്‍ഷഭൂമി ആയതോടെ വരാന്‍ പോകുന്ന ലോക്കല്‍, ഏരിയാ, ജില്ലാ സമ്മേളനങ്ങളുടെ സ്ഥിതി എന്താകുമെന്ന് കണ്ടറിയാം.
തുടര്‍ഭരണം വന്നതോടെയാണ് ഭാരവാഹിത്വത്തിന് വേണ്ടിയുള്ള ഈ കടിപിടിയെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒരു ബ്രാഞ്ച് സെക്രട്ടറിയായാല്‍ പോലും കത്തും ശുപാര്‍ശയുമായി മേല്‍ഘടകത്തെ സമീപണ്ടിച്ച് അനുകൂല്യങ്ങള്‍ കൈപ്പറ്റാനാകും എന്നതാണ് സിപിഎമ്മിന്റെ ഇന്നുള്ള സംഘടനാ സംവിധാനം.
കുന്നത്തൂര്‍ താലൂക്കില്‍ ശൂരനാടും, ശാസ്താംകോട്ടയുമായി രണ്ട് ഏരിയാ കമ്മിറ്റികളാണുള്ളത്. ശൂരനാട് ഏരിയാ കമ്മിറ്റിയുടെ കീഴില്‍ ഒന്‍പതും ശാസ്താംകോട്ടയുടെ കീഴില്‍ എട്ടും ലോക്കല്‍ കമ്മിറ്റികളാണുള്ളത്. രണ്ടിടത്തുമായി ലോക്കല്‍ കമ്മറ്റികളുടെ കീഴില്‍ 200 ഓളം ബ്രാഞ്ച് കമ്മിറ്റികളാണുള്ളത്. 25 ഓളം ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇതിനകം നടന്നു കഴിഞ്ഞു. മിക്കയിടത്തും സംഘര്‍ഷവും കയ്യാങ്കളിയുമായിരുന്നു.
പടിഞ്ഞാറെ കല്ലട വലിയപടത്ത് ബ്രാഞ്ച് സമ്മേളനത്തിലെ സംഘര്‍ഷത്തിനൊടുവില്‍ ഡിവൈഎഫ്ഐ കുന്നത്തൂര്‍ ബ്ലോക്ക് ട്രഷററും പടിഞ്ഞാറെ കല്ലട മേഖലാ സെക്രട്ടറിയും നേര്‍ക്ക് നേര് മത്സരിച്ചു. ഒടുവില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബ്ലോക്ക് ട്രഷറര്‍ സന്തോഷ് വലിയ പാടം വിജയിച്ചു.
കഴിഞ്ഞ ദിവസം സന്തോഷ് വലിയ പാടത്തിന്റെ നേതൃത്വത്തിലാണ് ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എസ്ഐയെ കയ്യേറ്റം ചെയ്തതും കൊലവിളി നടത്തിയതും. വേങ്ങ കിഴക്ക്, ചക്കുവള്ളി, ഒസ്താമുക്ക് ബ്രാഞ്ച് കമ്മിറ്റികളിലും സംഘര്‍ഷവും ഒടുവില്‍ മത്സരവും നടത്തിയാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: